മലയാളി വായനയുടെ ഒരു ഓര്‍മവണ്ടി കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി തസ്രാക്കിലേക്കു പായുന്നുണ്ട്.ഏതു വേനല്‍ തിളപ്പും ചുടുകാറ്റും വകഞ്ഞുമാറ്റി ഓടുന്നത് ഇതിഹാസമെന്ന വണ്ടിയാണ്.അതെ,ഖസാക്കിന്റെ ഇതിഹാസം എന്ന ഓര്മ വണ്ടി.അത്രയ്ക്കൊന്നും മറ്റേതെങ്കിലുമൊരു വായനയുടെ ഭൂതകാലക്കുളിരു തേടി നാം സഞ്ചരിക്കാറില്ലെന്നു തോന്നുന്നു. ഈ ലോകം ഉണ്ടായത് നോവലിനു വേണ്ടിയാണെന്നു വില്യം ഫോക്നര്‍ പറഞ്ഞപോലെ മലയാള നോവലുണ്ടായത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു വേണ്ടിക്കൂടിയാണെന്നു തോന്നിയാലും തെറ്റില്ല.മികവിന്റെ നിലവാരം ഗുണം തന്നെയാകുമ്പോഴും ഖസാക്കിനെക്കാള്‍ മികവുള്ളൊരു നോവല്‍ പിന്നെ ഉണ്ടായിട്ടില്ല മലയാളത്തില്‍.അതുകൊണ്ടാവണം ഖസാക്കിന്റെ ഇതിഹാസത്തിനപ്പുറം മലയാള നോവല്‍ വളര്‍ന്നിട്ടില്ലെന്നു നിരൂപകന് സി.സി.ശ്രീജന് പറഞ്ഞതും.
വിജയന് മരിച്ചിട്ട് ഇന്നയ്ക്ക് പന്ത്രണ്ട് വര്‍ഷമാകുന്നു.ഇന്നലെയാണ് അതു സംഭവിച്ചതെന്നു തോന്നും വിധം ഇതിഹാസവും അതിന്റെ എഴുത്തുകാരനും മലയാളിയില്‍ കടന്നിരുന്നിട്ടുണ്ട്.വായിച്ചിട്ടു മനസിലാകുന്നില്ലെന്നു പറയുന്നവര്‍പോലും അതിന്റെ കുറവ് തങ്ങള്‍ക്കാണെന്നു ഏറ്റു പറഞ്ഞ് ആവര്‍ത്തിച്ചു വായിക്കുന്നുമുണ്ട്.അവരവര്‍ ജീവിക്കുന്ന കാലാവസ്ഥകള്‍ അവരവരുടെ ജീവിത വിധിയാകുന്നതുപോലെ വായിക്കുന്തോറും തങ്ങളുടെ തന്നെ വിധിയായി തീര്‍ന്നേക്കാവുന്ന ഒരു പരിസരത്തിന്റെ അപരിചിതമെങ്കിലും സമീപസ്ഥമായ ഒരു കാലത്തിന്റെ ഇതിഹാസമല്ലേ ഇതെന്നും തോന്നിപ്പോകാം.മലയാളത്തില്‍ ആധുനിക നോവലിന്റെ വരവറിയിച്ച വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പതിറ്റാണ്ടുകള്‍ക്കു ശേഷവും പുതുമയുടെ ഉരകല്ലായി നില്ക്കുന്നു.നവീന സാഹിത്യ സിദ്ധാന്തങ്ങള്‍ക്കും അതീതമായി മനുഷ്യന്റെ സ്വത്വ പ്രതിസന്ധിയും പാപരതിയും ഭൗതിക ആത്മീയതകളും മോക്ഷവും പ്രാദേശിക ജീവിതവുമൊക്കെ അടര്‍ത്തി എടുക്കാനാവാത്ത പുകച്ചുരുളിന്റെ നേര്‍ത്ത സുതാര്യ അലകള്‍പോലെ ഇഴപാകുന്നതാണ് ഈ നോവല്‍.സാധാരണ മനുഷ്യന്റെ അസാധാരണമായ ജീവിത വസ്തുതകളുടെ നിഷ്ക്കളങ്ക തീര്ഥത്തില് മുങ്ങി നിവരുമ്പോഴും ബാക്കിയാകുന്ന സന്ദേഹ വ്യാപ്തികള്‍ നമ്മുടെ തന്നെയായിത്തീരുന്നുണ്ട്.
വാക്കുകളുടെ അംഗലാവണ്യംകൊണ്ടു കൊത്തിയെടുത്ത ഭാഷയാണ് ഇതിഹാസത്തിന്റെത്.പ്രാദേശികതയുടെ ആത്മാവും അതിലെ മനുഷ്യന്റെ മനസും ഉരുക്കിയൊഴിച്ചു മലയാളത്തിന്റെ കമ്മട്ടത്തില്‍ തീര്‍ത്തതാണിത്.എഴുതുന്നത് അതായിത്തീരേണ്ടതിനു സ്വാഭാവികമായുണ്ടായേക്കാവുന്ന രൂപപ്പടലായിരുന്നു ഖസാക്കിന്റെ ഭാഷ.അതിനു മുന്‍പ് ഇത്തരമൊരു ഇരുത്തം നോവല്‍ ഭാഷ അനുഭവിച്ചിരുന്നില്ല.അതുകൊണ്ടാണ് നോവല്‍ വായിച്ചവര്ക്കു അല്‍ഭുതമായും വായിച്ചിട്ടു മനസിലാകാത്തവര്‍ക്കു അനുഭവപ്പെടാത്ത ആകാംക്ഷയുള്ള അതിശയമായും ഇതിഹാസം ആയിത്തീരുന്നത്.്പരിചിതമായ ഭാഷയും പരിചിതമല്ലാത്ത ശൈലിയുംകൊണ്ട് ഇതിഹാസത്തിലൂടെയാണ് മലയാളി ആദ്യമായി പ്രമേയ ഭാഷാ ശൈലി മാറ്റങ്ങള്‍ അറിയുന്നത്.ഇതിഹാസം വായിച്ചില്ലെങ്കില്‍ വലിയൊരു കുറവാണെന്നു കരുതുന്ന മലയാളി ഈ നേവലിന്റെ വലിപ്പത്തെ തന്നെയാണ് അറിയാതെ ഉയര്‍ത്തിപ്പിടിക്കുന്നത്.
ഖസാക്ക് എന്ന ഇല്ലാത്ത ഒരു ദേശം സൃഷ്ടിച്ച് വായനയില്‍ അതുള്ളതാക്കി അനുഭവിപ്പിക്കുകയും ചുറ്റുവട്ടം അറിയാവുന്നവര്‍ക്ക് ആ പരിസരവും കഥാപാത്രങ്ങളും ഉള്ളതായി തോന്നുന്ന രചനാ രീതിയാണ് ഖസാക്കില്‍ വിജയന് സ്വീകരിക്കുന്നത്.നോവലിന്റെ മുന്‍വിധി ഘടനകളെ അട്ടിമറച്ച് പ്രധാന കഥാപാത്രമായ രവിയുടെ ഓര്‍മ്മയിലും ചിന്തയിലും വികസിക്കുന്നൊരു പ്രമേയ വളര്‍ച്ചയിലാണ് നോവല്‍.രവി ഖസാക്കില്‍ വന്ന് ഏകാധ്യാപക വിദ്യാലയം ആരംഭിക്കുന്നതാണ് നേവലിന്റെ തുടക്കമെന്നു പറയാവുന്നത്.വലിയൊരു പാപം തീണ്ടിയതിന്റെ കുറ്റബോധം ഇറക്കിവെക്കാനാണ് രവി അവിടെ എത്തുന്നത്.രോഗിയായ അച്ഛന്റെ രണ്ടാം ഭാര്യയുമായി അഗമ്യഗമനം നടത്തിയതിന്റെ പാപമാണ് അയാള്‍ക്കുള്ളത്.പക്ഷേ അതയാളെ ആത്യന്തികമായി വ്യസനിപ്പിക്കുന്നില്ല.കാരണം,അഗമ്യഗമനം അല്ലെങ്കില്‍ക്കൂടി അത്തരം പാപങ്ങള്‍ അയാള്‍ വീണ്ടും ചെയ്യുന്നുണ്ട്.മനുഷ്യന്റെ പാപബോധവും അതില്‍ നിന്നുമുള്ള മോചനവും അതിനു കഴിയാതാവുന്നതിന്റെ ഒളിച്ചോടലുമൊക്കെ ഇതിലുണ്ട്.
സാധാരണക്കാരെങ്കിലും എല്ലാത്തരം മനുഷ്യരുടേയും സ്വഭാവ വ്യത്യസ്തതകള്‍ പ്രകടിപ്പിക്കുന്ന ശിവരാമന് നായര്‍,മാധവന്‍നായര്‍,അപ്പുക്കിളി,നൈസാമലി,മൈമുന,പത്മ തുടങ്ങിയ കഥാപാത്രങ്ങള്‍ രവിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു.കൂടുതല്‍ പാപങ്ങള്‍ വളരാതിരിക്കാന്‍ രവി ഖസാക്ക് വിടുകയാണ്.ഖസാക്കില്‍ നിന്നും യാത്രയാകുവാന്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്ക്കുന്ന രവി പാമ്പിന്റെ കൊക്കലേറ്റു മരിക്കുന്നു.കാലവര്‍ഷത്തില്‍ രവി ബസ് കാത്തു കിടക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.
ഇന്നു ഒ.വി.വിജയന് മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു.പന്ത്രണ്ട് വര്‍ഷമെടുത്താണ് ഖസാക്കിന്റെ ഇതിഹാസം വിജയന് പൂര്‍ത്തിയാക്കുന്നത്.പന്ത്രണ്ടാം വയസിലാണ് വിജയന് ആദ്യമായി സ്ക്കൂളില്‍ പോയിത്തുടങ്ങുന്നത്.അങ്ങനെ ഒരു വ്യാഴവട്ടത്തിനു വിജയന്റെ ജീവിതത്തിലുള്ള സവിശേഷത വിവിധ മാനങ്ങളുള്ളതാണ്.വിജയന് തന്റെ നോവലിനു ഇതിഹാസമെന്നു പേരിട്ടത് വന്മയാകണമെന്നില്ല,പക്ഷേ അതിനെ അതിജീവിക്കാന്‍ മറ്റൊരു നോവല്‍ ഇതിഹാസം ഉണ്ടാവാത്തത് വന്മ തന്നെയാണ്.മലയാളി വായന ഇതിഹാസ വണ്ടിയിലൂടെ ആവര്‍ത്തിച്ചു തീര്‍ഥാടനം ചെയ്യുന്നത് അതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: