‘പൊട്ടിറോസ കെട്ടിത്തൂങ്ങി” എസ്എംഎസ് വായിച്ച മാത്ര ആധികയറി. ശരീരം നിലച്ചു. വിലപ്പെട്ട ന്യൂസ് ഏജന്‍സി നഷ്ടപ്പെട്ട വ്യാധി. വാര്‍ത്താവിനിമയം പാടേ നിലച്ചല്ലോ തമ്പുരാനേ? നര്മ്മംവിട്ട് വാട്ടവും കോട്ടവും മനസ്സില്‍ തട്ടി. ഒരിക്കല്‍ക്കൂടി കണ്ണോടിച്ചു. ട്രെയിന്‍ ഗ്യാങ്ങാണ് സെന്റ് ചെയ്തിരിക്കുന്നത്. പിഴവ് വരില്ല.
ഇന്നലെ വൈകിട്ടു കൂടി പൊട്ടിറോസയെ കണ്ട് സംസാരിച്ചിരുന്നു. മുഖത്ത് തെല്ലും നൈരാശ്യമില്ലായിരുന്നു. ആഹ്ലാദഭരിതം. പൊടിപ്പും തൊങ്ങലുംവച്ച് പാതിരാത്രി കണ്ട പോലീസിന്റെ സെക്സ് റാക്കറ്റ് വേട്ട വിവരിച്ചതാണ്. ക്യാപിറ്റല്‍ സിനിമയ്ക്കഭിമുഖമുള്ള ദൃക്സാക്ഷി വിവരണം. പിന്നെന്തൊക്കെയോ ചറപറ പ്രാന്തു പറഞ്ഞു. കുശലവും. നാട്ടില്‍ പോകുന്നുണ്ടേല്‍ ചട്ടയും മുണ്ടും കൊണ്ടുവരാന്‍ പതിവുപുരാണംവച്ചു. ധരിച്ചിരുന്നത് നന്നേ കരിപുരണ്ട് മുഷിഞ്ഞ് നാറുന്ന പരുവം. സുമന് ശേഷിച്ച ടിഫിന്‍ കൊടുത്ത് സമാധാനിപ്പിച്ചു.
ഓരോന്നോര്‍ത്ത് ജോലിക്കിറങ്ങാന്‍ വൈകി. രണ്ടു ട്രെയിന്‍ മിസ്സായി. കൂട്ടുകെട്ട് തെറ്റിയാലിതാണ് ഗതി. പഞ്ചിങ്ങില്‍ ലേറ്റ് മാര്‍ക്ക് തീര്‍ച്ച. മരണവെപ്രാളമായി ആശങ്ക നിലനിന്നു. ഇപ്പോഴാണ് വ്യാകുല ദിവസമോര്ത്തത്. ഏപ്രില്‍ ഫൂള്‍. 2010 ന്റെ നിരവധി ചൊട്ടുകളും തെളിഞ്ഞു. മല്ലുപടയങ്ങനെയൊരു പ്രതിസന്ധിയില്‍ വീഴ്ത്തില്ല. തിരിച്ചുവിളി നടപ്പില്ല. നല്ല പീക്ക് അവര്‍. സ്റ്റേഷനിലും വരുന്ന തീവണ്ടികളിലും സൂചികുത്താനിടമില്ല. മല്ലയുദ്ധം.
ആട്ടിയോടിച്ചിട്ടും പല്ലുന്തിയ വികൃതം ചടഞ്ഞിരുന്നു. വാക്കുകൊണ്ടാളെ വീഴ്ത്തുന്നത് പൊട്ടിറോസയുടെ സ്പെഷാലിറ്റിയാണ്. കൊക്കുപോലെ എലുമ്പിച്ച നീണ്ടകാലുകള്‍. ഉടല് മെലിഞ്ഞ്. നല്ല നിറമുണ്ട് വയസ്സത്തിക്ക്. ചുക്കിച്ചുളിഞ്ഞ ത്വക്ക്. കാല്‍മുട്ടിനൊരു വളവുണ്ട്. ഉയരം ലവലു ചെയ്യാനാകാം. അപ്പൂപ്പന് താടി നിറമാര്‍ന്ന മുടി. എലിവാല് പോലെ കെട്ടി വെച്ചിരിക്കും. കാതില്‍ മേക്കാ മോതിരം. മുക്കുപണ്ടമല്ലെന്ന് സ്വകാര്യം പറയും. ബാക്കിയെല്ലാം കൊള്ളയടിച്ച സാക്ഷിപത്രം!
ഛത്രപതി ശിവാജി ടെര്‍മിനസ്സ് പരിസരത്തുണ്ടാകും. തമ്പടിക്കാനൊരു തണല്‍ മതി. കൈനീട്ടിപ്പോലും ധര്‍മ്മം ചോദിക്കില്ല. ആര്‍ക്കും ഒരു അലോഹ്യവുമില്ലാത്ത ഒളിജന്മം. പൈപ്പ് വെള്ളം. വഡാപാവ്. കരീം ഇബ്രാഹിമിന്റെ വക ഹോട്ടല്‍ എച്ചില് ഭക്ഷണവും. കയ്യിലൊരു ഭാണ്ഡം. ചുമലിലൊരു ചാക്ക്. കച്ചറ പെറുക്കുന്നത് വിരളം. തല ചായ്ക്കാനാണ്. തിയോളജി തീര്‍ന്നു. മലയാളികളെ വര്‍ത്തമാനത്തില്‍ നിന്നും തിരിച്ചറിയും. വഴിപോക്കരെ പല്ലിളിച്ചൊരു വിളിയുണ്ട്. ഇവിടെ. ഇവിടെ. ദുശ്ശീലമല്ലത്. പതുക്കെ ഇഷ്ടം കൂടുന്നതാണ്. സ്വരൂപം കണ്ടാരും എളുപ്പമടുക്കില്ല. അടുത്താലോ മഹാദോസ്ത്തിയാണ്. മുംബൈ കഥകള്‍ മുഴുവന്‍ പറയും.
രാത്രിയിലെ അണ്ടര്‍വേള്‍ഡ് പ്രവര്ത്തനങ്ങളപ്പടി. ഇരുട്ടിവെളുക്കുംവരെ സ്റ്റണ്ടുകാരുടെ വിളയാട്ടമാണത്രേ! കള്ളന്മാരുടെ സങ്കേതങ്ങളറിയും. സൂക്ഷിപ്പു കേന്ദ്രങ്ങളും. കള്ളനോട്ടടിയുടെ വമ്പന്മാരെ. കരിഞ്ചന്ത റിപ്പോര്‍ട്ട്. രഹസ്യമായുള്ള ചരസു കഞ്ചാവ് വില്പന. പാതിരാവിലെ കൊലപാതകങ്ങള്‍. ഗ്രാംങ്ങ്വാറിനെല്ലാം ദൃക്സാക്ഷി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കന്നാലികളെന്ന് വിളിക്കും. നിഷ്കരുണം സ്വന്തം ദേഹത്ത് സിറിഞ്ച് കേറ്റുന്നവരെ അറപ്പും വെറുപ്പുമാണ്. പട്ടിണി ആയിക്കോട്ടെ. എയ്ഡ്സ് എന്തിന് വലിച്ചുവാരിക്കേറ്റണം. അഭിസാരിണികളുടെ അഴിഞ്ഞാട്ടം അങ്ങനെ എന്തെല്ലാം രഹസ്യങ്ങളാണ്?
പ്രാദേശിക പോലീസ് ഇന്‍ഫോര്‍മര്‍ കൂടിയാണവര്‍. നിരീക്ഷണമത്ര സൂക്ഷ്മമാണ്. തെളിവില്ലാതെ വഴിമുട്ടിയ ക്രൈം കേസുകള്‍ ഇവരുടെ വിടുവായിലൂടെ തെളിഞ്ഞിട്ടുണ്ട്. സാക്ഷിപറയാന്‍ നിരവധി തവണ കോടതികയറിയിട്ടുമുണ്ടെങ്കിലോ? വിവരമില്ലായ്മയിലെ ശുദ്ധഗതി നോക്കണേ? ചാക്കുദ്വാരത്തില് ഒളിഞ്ഞിരിക്കുന്ന സിസി ക്യാമറ. ഉഗ്രപ്രകാശമാര്ന്ന കണ്ണുകള്‍ നിദ്രാവിഹീനങ്ങളാണ്. ഇവരുടെ ഭൂതകഥയിപ്രകാരമാണ്. ആന്റോപ് ഹില്ലിലെ ഗവണ്മെന്റ് ക്വാര്‍ട്ടേഴ്സിലായിരുന്നു. ഭര്‍ത്താവ് പോപ്പ് ജോണ്‍. അജാനബാഹു. കസ്റ്റംസ് സെന്‍ട്രല്‍ എക്സൈസിലാണ് ജോലി. പാലക്കാട്ടുകാരന്. റോസാക്കുട്ടി വൈക്കത്തുകാരിയും. എങ്ങനേയോ കണ്ടുപരിചയപ്പെട്ടു. സ്നേഹിച്ചു വിവാഹം കഴിച്ചു. ആള് ധൂര്ത്തന്.
മദ്യവും ചൂതുകളിയും ഹോബി. കടം മേടിച്ച് മുടിഞ്ഞു. റോസാക്കുട്ടി സ്റ്റെനോ ആയിരുന്നു. നരിമന്‍ പോയിന്റിലൊരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍. മൂന്നു മക്കള്‍. ചിലവ് വര്‍ധിച്ചു. കുടുംബം ക്ഷയിച്ചു. പോപ്പ് ജോണിനെ കഷ്ടകാലംപോലെ കടക്കാര് വളഞ്ഞു. മുഹൂര്‍ത്ത നേരത്തിന് റോസാകുട്ടിയുടെ ജോലിയും പോയി. തല്ലും വഴക്കും നിത്യം. ഭര്‍ത്താവിനെ കാണാതായി. ഭാര്യ കേസു കൊടുത്തു. കടക്കാര് പൊക്കിയതാണെന്നായിരുന്നു ആരോപണം. അന്വേഷണം കാര്യമായി നടന്നു. വീട്ടുകാരും ഉത്സാഹിച്ചുപിടിച്ചു. ഭര്‍ത്താവിനെ മൈസൂരില്‍ കണ്ടെത്തി. കാട്ടുരാജാവ് വീരപ്പന്റെ ഗ്യാങ്ങില്‍ അഭയം പ്രാപിച്ചതാണത്രെ. പോലീസിന്റെ മര്‍ദ്ദനമേറ്റു.
കടക്കാരുടെ ശല്യം വര്‍ധിച്ചു. ഒളിച്ചിരിപ്പായി. ഒടുവില്‍ അതുതന്നെ സംഭവിച്ചു. വാടകഗുണ്ടകള്‍ അരിശം തീര്‍ക്കാന്‍ ഫ്ളാറ്റിലെത്തി കൊലപ്പെടുത്തി. റോസാക്കുട്ടി വിടുമോ? രണ്ടും കല്പ്പിച്ചിറങ്ങി. കേസും കൂട്ടവുമായി. ഇക്കുറി താളം തെറ്റി. അണ്ടര്‍വേള്‍ഡ് സ്വാധീനം നന്നായിട്ടുണ്ടായിരുന്നു. അതുകൊണ്ട് പോലീസു സഹകരണം തെല്ലുമുണ്ടായില്ല. ഉരുണ്ടുകളി മാത്രം. മക്കളെ പിടിച്ചുകൊണ്ടുപോയി. പീഡിപ്പിച്ചു. മമ്മി വഴക്കുമൂത്ത് കത്തിയെടുത്ത് കുത്തിയതാണെന്ന് വരുത്തിതീര്‍ത്തു. കഥക്കൊരഴിച്ചുപണി. ട്വിസ്റ്റുണ്ടാക്കി. റോസാക്കുട്ടിയും പിടിയിലായി. വീട് ഛിന്നഭിന്നമായി. പ്രായംതികഞ്ഞ മൂത്തമകളെ കാണാതായി. മകന് മുംബൈ വിട്ടു. ഇളയവളെ അയല്പക്കം അനാഥാലയത്തിലാക്കി. പോലീസ് പീഡനത്തിനുശേഷമെത്തിയ റോസാക്കുട്ടിയുടെ മാനസിക നില തെറ്റി. കാര്യങ്ങള്‍ നെടുനീളെ അവതാളത്തിലും. ഒട്ടും താമസിച്ചില്ല. വീട്ടുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി ഭാരം കയ്യൊഴിഞ്ഞു. ഷോക്കിനു മീതെ ഷോക്ക്. സമനില പാളി. അവിടം വിട്ടിറങ്ങുമ്പോള്‍ അനാഥയായി. പുരുഷന്മാരുള്ള ഓരോ ഗലികളും അപരിചിതം. ഗതകാലത്തില്‍ പിരിഞ്ഞുപോയ മക്കളെയവര്‍ തിരിഞ്ഞുനോക്കിയില്ല. കയറിവന്ന ചോരച്ചാലുകളത്രയുണ്ട്. വിലപിച്ചിരിക്കാം.
അലച്ചിലിന്റെ തുടക്കം മാട്ടുംഗ പരിസരം. ക്ഷേത്രഭക്ഷണം സൗജന്യമായി കിട്ടിയിരുന്നു. കഞ്ചാവടിയോ മയക്കുമരുന്നോ തെരുവ് ദുശ്ശീലങ്ങളോ ബാധിച്ചില്ല. വിവരമില്ലായ്മയിലെ വെളിപാട്! സൈ്വര്യക്കേടുകൊണ്ടാകാം അവിടം വിട്ടത്. അല്ലേല്‍ വിക്ടോറിയ ടെര്‍മിനസ്സിലെ ഡിറ്റക്ടീവ് ഏജന്റാകാനാകാം ദൈവനിയോഗം. ഇത്രയും പഴയ കഥ. പൊട്ടിറോസ പറഞ്ഞ് ഏപ്രില്‍ ഫൂളാക്കിയതല്ല ഞങ്ങളെ. സിജിഎസ്സിലെ അയല്പക്കം തണ്ടാശ്ശേരിയില്നിന്നും കിട്ടിയ ഭദ്രമായ അറിവാണ്. സ്വന്തം കഥയവര്‍ ചൂളംപാടില്ല. മേല്ജീവിതത്തിന് തോണ്ടിപരിക്കേല്പ്പിക്കുമെന്നോര്ത്താകാം രാത്രി ഉറങ്ങില്ല. മാനം രക്ഷിക്കാനെന്ന പേരില്‍. ഉച്ചയുറക്കം സ്ഥിരം. ഇരുട്ടത്ത് മിഴിച്ചിരിക്കും.കണ്ണുവട്ടം പിടിച്ചിരിക്കും. ഐ ലെന്‍സ് പോലൊരു അന്വേഷക. പകലൊക്കെ കഥയില്ലാതെ വിളിച്ചുപറയുകേം ചെയ്യും. വെളിച്ചപ്പാടുപോലെ നിരുപദ്രവകാരി.
അരവയറിന് വയസ്സുകാലത്തെവിടെ പോകാന്‍? ചുറ്റുവട്ടത്തെ അതിഭീതിജനകമായ രാത്രി കഥകള്‍ പറഞ്ഞാല്‍ സൗഹൃദയവലയമായി. മലയാളികള്‍ക്കവര്‍ ഞെട്ടിപ്പിക്കുന്ന അത്താണിയായി. പ്രിയങ്കരിയും. ഉച്ചിഷ്ടം ലാഭം. ചേതമില്ലാത്ത പരോപകാരം. കണക്ടിവിറ്റിയില്ലാത്ത എന്തൊക്കെയോ പറയും. കേള്‍വിക്കാരെ കൂട്ടണം. ഉദ്ദേശമതാകാം. നാട്ടില്‍ പോകുന്നുണ്ടോ? ചട്ടയും മുണ്ടും കൊണ്ടുവരാന്‍ മറക്കരുത്. ഇന്ന് നാട്ടില്‍ മഷിയിട്ട് നോക്കിയാല്‍ കിട്ടാത്ത വസ്ത്രം. ഉപയോഗിച്ച് ഉപേക്ഷിച്ചതായാലും കയ്യുഴിഞ്ഞ് തേച്ചുമടക്കി കക്ഷത്തിലാക്കും. തീറ്റിപ്പണ്ടാരമല്ല. നേരാനേരത്തിന് ചുണ്ടുനനയണം. ചങ്കുനിറയണം. ആമാശയം ഇറോം ശര്മ്മിളയുടേതാകും. വായു ഭക്ഷിച്ച് ശേഷിവെച്ച കരുത്ത്.
അങ്ങകലെനിന്നും പുരുഷാരം കണ്ടു. ഒട്ടുമുക്കാലും മലയാളികളാണ്. ഏപ്രില്‍ ഫൂളല്ല സംഗതി. പച്ചപ്പരമാര്‍ത്ഥം! പത്തടിപോലും ഉയരത്തിലല്ലാത്ത കൊമ്പത്ത്. ചുവടേ ചോരക്കളം കറപിടിച്ചു കിടന്നു. എല്ലുംകോലും കാറ്റുതാരാട്ടിലാടി. കഴുത്തില്‍ കസവ് പുതച്ചുപോലൊരു കെട്ടുണ്ട്. കക്ഷത്തില്‍ ഇറുക്കിപിടിച്ച ഭാണ്ഡത്തിലുമുണ്ട് മണിയനീച്ചകള്‍. മലയാളികള്‍ ഒത്തുകൂടി. പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചു. കഴുത്ത് പൊതിഞ്ഞ തുണി മാറ്റി. മാടുകളുടെ ഇറച്ചിതൂക്കുന്ന കൊളുത്താടി. അതിന്റെ വിടവിലൂടെ താടിയെല്ലു കാണാം. ചോര ഇറ്റിറ്റ് വീണു. തല്ലിക്കൊന്ന് കെട്ടിതൂക്കിയതാണെന്ന് പോലീസിനും ഒറ്റനോട്ടത്തില്‍ ബോധ്യമായി.
തല്ലിച്ചതച്ച വടുക്കള്‍ ദേഹത്തമുണ്ട്. രക്തമയം. അതിക്രൂരമായ കൊല! ജഡം ഇന്‍വെസ്റ്റിഗേഷനും പോസ്റ്റ്മോര്‍ട്ടത്തിനും വിട്ടു. ആര്‍ക്കും ഒരു അലോഹ്യം ചെയ്യാത്ത പൊട്ടിറോസയുടെ അന്ത്യം അമ്പരപ്പിച്ചു. പരിസരത്ത് അന്വേഷണം നടന്നു. മലയാളികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണ്. കൊളാബയിലുള്ള ഡ്രഗ് റാക്കറ്റുമായി രാത്രി കശപിശയുണ്ടായത്രെ. നീഗ്രോകളുമായി പിടിവലിയും നടന്നിരുന്നു. മൊയ്തീന്, മാഫിയക്കാരെ ഭയന്നു. യുദ്ധം മൂര്‍ച്ഛിക്കും മുന്‍പേ തട്ടുകടയുന്തി സ്ഥലം വിട്ടു. ഇല്ലേല് അനായാസം ഒരു മയക്കുമരുന്നു ഗ്യാംങ്ങിനെ വലയില്‍ വീഴ്ത്താമായിരുന്നെന്ന് പോലീസ്. അവരാരോടും ഏറ്റുമുട്ടിയില്ല. നല്ല വാക്ക് പറഞ്ഞ് ജനങ്ങളെ ശാന്തമാക്കി. ഭരണകൂട ട്രിക്ക്. നിരന്തരം ചിലര്‍ ചൗക്കി കയറിയിറങ്ങി. കാതിലെ മേക്കാ മോതിരം കളവുപോയതായി പോലീസറിയിച്ചു. പിന്നീടന്വേഷണത്തിന് പുരോഗതിയുണ്ടായില്ല. പഞ്ഞിത്തൊലിയുള്ള അമ്മൂമ്മയെ മറവു ചെയ്യാനായി അടുത്ത നീക്കം.
പിരിവും നടത്തി. കാര്യങ്ങളുടെ ചൂടാറിയില്ല. ചെന്നപ്പോഴല്ലേ അറിയണത,് വെട്ടി കീറാന്‍ പോലും മെനക്കെട്ടില്ല. അനാഥശവമെന്ന് വിധിയെഴുതി. മുനിസിപ്പാലിറ്റി മൃതദേഹം ദഹിപ്പിച്ചു. പോലീസ് പൊല്ലാപ്പൊഴിച്ചതാണ്. ഏപ്രില്‍ ഫൂളാക്കിയവര് പൊട്ടിറോസയുടെ പടംവരച്ചുയര്ത്തി ജയ് വിളിച്ചു. തെരുവു നാടകം കണ്ട് മഹാനഗരം കഷ്ടം വച്ചത് ബാക്കി. വിലക്ഷണമുഖം ഓരോരുത്തരേയും കൊഞ്ഞനംകുത്തി. നഗരം വീക്ഷിച്ചിരുന്ന ഉറക്കഹീനയായ കാവല്‍ക്കാരി വിടപറഞ്ഞ ഖേദമില്ല. ഏപ്രില്‍ ഫൂളു കളിപ്പിച്ചവര്‍ മറ്റെവിടെയോ കൂണുപോലെ പുതുമഴയ്ക്ക് പൊട്ടിമുളച്ചിട്ടുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: