പുരോഗമന സാഹിത്യ നാടകപ്രസ്ഥാനങ്ങളോടു സജീവമായി ബന്ധപ്പെട്ട് ആദ്യ നാളുകളില്‍ ഒരു വേദിയില്‍ വച്ച് ആകസ്മികമായി താന്‍ സിജെയെ കണ്ടുമുട്ടിയ കഥ പി. ഭാസ്കരന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ മുന്നണി പ്രവര്‍ത്തകനായിരുന്നു ഭാസ്കരന് മാഷ്.
നാടകാവതരണത്തിനുള്ള ഒരുക്കത്തിലായിരുന്നു മാഷും സംഘവും. അപ്പോള്‍ അതാ കാഴ്ചയില്‍ സാധാരണക്കാരില്‍ സര്‍വ്വസാധാരണക്കാരനായ, മെലിഞ്ഞ ഒരു മനുഷ്യന്, അവിടെ കടന്നുവരുന്നു. ആരും ആവശ്യപ്പെടാതെ രംഗസംവിധാനത്തില്‍ പല നിര്‍ദ്ദേശങ്ങളും നല്കുവാന് തുടങ്ങുന്നു.
”സൈഡ്കര്‍ട്ടന്റെ പുറകില്നിന്നുള്ള ലൈറ്റിന് ഒരു ചെറിയ കട്ടര്‍ വേണം. അതിന് മുന്‍പിലായി ഒരു മരച്ചില്ല പിടിക്കണം”.
”മറ്റൊരു ലൈറ്റിന്റെ മുന്പില് അല്‍പ്പം മാറി വകഞ്ഞു മടക്കിയ ഒരു തുണി ഞാത്തിക്കെട്ടിയാല് അതിലൂടെ വരുന്ന പ്രകാശത്തില്‍, പശ്ചാത്തലത്തിലെ ജാലകത്തിരശ്ശീലയുടെ പ്രതീതി നിഴലായി തെളിയും”.
”ലൈറ്റുകളുടെ സ്ഥാനം ഒരല്‍പ്പം കൂടി പുറകോട്ടാക്കിയാല് കഥാപാത്രങ്ങള്‍ക്കെല്ലാം കുറേക്കൂടി നീണ്ട നിഴല്‍ പതിഞ്ഞു കാണും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നാടകയീതയ്ക്കായി മുകളിലെ സ്പോട്ട്ലൈറ്റുകളെ ഉപയോഗിച്ച് ഈ നിഴലുകളെ പൊടുന്നനവെ ഇല്ലാതാക്കാം”.
”ശബ്ദത്തില്‍ പ്രതിധ്വനി അപൂര്‍വ്വമായേ വരാവൂ; എങ്കിലേ അത് വേറിട്ടൊരു ഫലം പകരൂ; വിതാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വേണം. പ്രകാശം തെളിയുകയും മങ്ങുകയും ചെയ്യുന്നത് മെല്ലെയും പൊടുന്നനവെയും സന്ദര്‍ഭത്തിന്റെ നാടകീയതയ്ക്കൊത്തുവേണം…”
അങ്ങനെ ഒരുപിടി നിര്‍ദ്ദേശങ്ങള്‍! അഭിപ്രായങ്ങളായല്ല; പൂര്‍ണബോധ്യത്തോടെയുള്ള നിര്ദ്ദേശങ്ങളായിത്തന്നെ; ചുരുക്കത്തില്‍ ഒരിളക്കി പ്രതിഷ്ഠ.
ക്ഷണിക്കപ്പെടാതെയുള്ള ഇടപെടല്‍ ആദ്യമൊരു ഈര്‍ഷ്യയാണ് തോന്നിപ്പിച്ചതെന്ന് മാഷ് പറഞ്ഞു. പക്ഷേ ഇയാള്‍ പറയുന്നത് വളരെ ഗൗരവത്തിലാണ്. ധാര്‍ഷ്ട്യമല്ല, അതില്‍, ഉള്‍ബോധ്യത്തിന്റെ കൃത്യതയാണ്. ആജ്ഞയായല്ല, ഇതിങ്ങനെയല്ലേ വേണ്ടത് എന്ന ബോദ്ധ്യദാര്ഢ്യമായാണ്: പറയാതിരിക്കുവാന്‍ വയ്യാത്തതുകൊണ്ട് പറഞ്ഞുപോകുമ്പോള്‍ മാത്രം ലഭ്യമാകുന്ന ആത്മാര്‍ത്ഥതയുടെ ആര്‍ജ്ജവം അതില്‍ സ്പന്ദിച്ചിരുന്നു.
കേട്ടപ്പോള്‍ ഇത്രയും കാര്യമായി ഒരാള്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ടാകണമല്ലോ എന്നുതോന്നി, അര്‍ദ്ധമനസ്സോടെയാണെങ്കിലും അനുസരിച്ചു. ആ നിര്‍ദ്ദേശപ്രകാരം പുനഃസംവിധാനം ചെയ്തപ്പോള്‍ നാടകത്തിന്റെ ആത്മാവിനോടു ചേര്‍ന്നു കൂടുതല്‍ മികച്ചതായും ഫലപ്രാപ്തമായും ബോധ്യപ്പെട്ടു.
സിജെയുടെ രംഗബോധവും രംഗകലാസങ്കല്പ്പവും കുറ്റമറ്റതായിരുന്നുവെന്നു നാടകാവതരണം സാക്ഷ്യപ്പെടുത്തി.
അന്നാരംഭിച്ച സൗഹൃദം മാഷ് സിജെയുമായി അവസാനം വരെ തുടര്‍ന്നിരുന്നു. ഭാസ്കരന് കവിതയെ അടിസ്ഥാനമാക്കി പുരോഗമന സാഹിത്യസമ്മേളനത്തില്‍ ‘എന്നുമെന്നും വയലാര്‍’ എന്ന നിഴല്നാടകം അവതരിപ്പിച്ചപ്പോള്‍ സിജെ അതില്‍ ഒരു വേഷം അഭിനയിക്കുകയും ചെയ്തിരുന്നു. നാടകത്തിലാവട്ടെ ചമയം തൊട്ടു സംവിധാനം വരെയുള്ള എല്ലാ മേഖലകളിലും വ്യാപരിച്ചു നേടിയ കൃതഹസ്തതയും സിജെയ്ക്കുണ്ടായിരുന്നു.
രംഗകലയെക്കുറിച്ചുള്ള അവബോധത്തിലെ സിജെയുടെ കൃത്യത ജന്മാര്ജ്ജിതമായും പിന്നീട് സമാര്ജ്ജിതമായും മുന്‍പേ തന്നെ അന്തര്ലീനമായുണ്ടായിരുന്ന ദൃശ്യസങ്കല്പ്പത്തില് നിന്നും കാഴ്ച സംസ്കാരത്തില്‍ നിന്നും, രൂപപ്പെട്ടു വന്നിട്ടുള്ളതാണ്. ഉയരുന്ന യവനിക 1950-ലേ സിജെ എഴുതിയിരുന്നു. ഇതേ സ്രോതസ്സില്‍ നിന്ന് തന്നെയാണ് സിജെയുടെ ചലച്ചിത്രാവബോധവും ദൃശ്യജ്ഞാനവും ഉയിരെടുത്തു വന്നിട്ടുള്ളതും.
തിരക്കഥയെക്കുറിച്ച് പറയുന്ന നിര്‍വചനം അത് ചിത്രങ്ങള്‍കൊണ്ട്, ദൃശ്യങ്ങള്‍കൊണ്ട് പറയുന്ന ഒരു കഥയാണെന്നതാണ്. ലിപികള്ക്കു തുല്യം ദൃശ്യങ്ങള്‍. അങ്ങനെ പറയുന്ന കഥ ആരെപ്പറ്റി എന്തിനെപ്പറ്റി, എന്നിട്ട് ആ കഥയില്‍ ഉള്‍ച്ചേരുന്ന സംഘര്ഷങ്ങളെന്ത്, അവയുടെ അതിജീവനമെങ്ങനെ, ഒടുവില്‍ അത് വന്നെത്തുന്നതെവിടെ, അതിന്റെയെല്ലാം ക്രമം ഏതുവിധം എന്നെല്ലാമുള്ള നിര്വചനബാക്കി തിരക്കഥയുടെ ഘടനയുമായി ബന്ധപ്പെട്ടുള്ളതാണ്.
നിര്‍വചനപ്രകാരം സിജെയുടെ ഈ തിരക്കഥ ഷോട്ടുകളിലൂടെ നിവര്ത്തിക്കപ്പെട്ടിട്ടുള്ളതുകൊണ്ടുമാത്രമല്ല, അല്ലാതെയും, അതില്‍ തെളിയുന്ന ദൃശ്യസൂചകങ്ങളാല്ത്തന്നെ, പൂര്‍ണമായും ദൃശ്യപ്രധാനമാകയാല്, ചിത്രങ്ങള്‍കൊണ്ടുതന്നെ പറഞ്ഞിരിക്കുന്ന ഒരു കഥയാണ്.
ഷോട്ടുകള്‍ക്കു നല്‍കിയിട്ടുള്ള സൂചകങ്ങളില്‍ പ്രധാനമായും ലോങ്, മീഡിയം, ക്ലോസ് എന്നീ കാഴ്ചാതലങ്ങളെയാണ് അവലംബിച്ചിട്ടുള്ളത്. അതല്ലാതെയുള്ള, എപ്രകാരമെന്ന് പ്രായോഗിക പരിചയക്കുറവിന്റെ പേരിലാകാം വ്യക്തമല്ലാത്ത, ദൃശ്യക്കൂട്ടുകളെ ഡീറ്റെയില്‍ എന്ന നിര്‍ദ്ദേശ സൂചകംകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു; ചിലത് അങ്ങനെയല്ലാതെയും.
വിശദാംശങ്ങളിലൂടെ വേണം ആ ദൃശ്യം സന്നിവേശിപ്പിക്കാന്‍ എന്ന് സിജെ നിര്‍ദ്ദേശിക്കുന്നു. ഡീറ്റെയിലിങ്ങിന് ഏതുതരം ക്യാമറ ചലനങ്ങളും ലെന്‍സുകളും എന്നത്രത്തോളം സിജെ ഇടപെടുന്നില്ല. അതതിന്റെ തുടര്വ്യാപനത്തില് ഷൂട്ടിങ് സ്ക്രിപ്റ്റിന്റെ അന്തിമരൂപത്തില്‍ കലാസംവിധായകനും ചിത്രസന്നിവേശകനും മറ്റനുബന്ധസഹായികള്ക്കുമുള്ള നിര്ദ്ദേശസൂചകങ്ങള്ക്കൊപ്പം ഉള്ച്ചേരേണ്ടതാണല്ലോ.
ആ അര്‍ത്ഥത്തില്‍ ഈ തിരക്കഥയില്‍ ഒരു ഷൂട്ടിങ് സ്ക്രിപ്റ്റിന്റെ ചില അംശങ്ങള്‍ കടന്നുവരുന്നുണ്ടെങ്കിലും ഇതൊരു ഷൂട്ടിങ് സ്ക്രിപ്റ്റാവുന്നില്ല. ചലച്ചിത്രാവബോധമുള്ള ഒരെഴുത്തുകാരന് മാധ്യമത്തെക്കുറിച്ചുള്ള ഉള്തെളിവോടെ അതിന്റേതായ ഭാഷയിലൂടെ, എന്നാല്‍ അതിന്റെ സങ്കീര്‍ണമായ സാങ്കേതിക സൂക്ഷ്മാംശങ്ങളില്‍ എത്തിപ്പെടാതെ, അത്തരം പ്രായോഗിക അനുഭവപരിചയങ്ങളില്ലാതെയും, എങ്കിലോ, നൂറുശതമാനം സത്യസന്ധമായും, സങ്കല്പ്പിക്കുകയും അത് ആ വിധം തന്നെ എഴുതുകയും ചെയ്ത ഒരു തിരക്കഥയാണിത്.
ഈ തിരക്കഥയിലൂടെ വിന്യസിക്കപ്പെടുന്ന സിനിമയ്ക്ക് അതിന്റേതായ പരിമിതികളുണ്ട്.
ഈ തിരക്കഥയ്ക്ക് അതിന്റേതായ ഗുണങ്ങളുമുണ്ട്. ഷോട്ടുകളുടെ പ്രകൃതങ്ങളിലൂടെയും അനുപാതമാത്രകളിലൂടെയും വായിച്ചെടുക്കാവുന്ന ചലച്ചിത്രഭാഷ ഒഴുക്കുള്ളതും പ്രമേയപരിവൃത്തത്തിനിണങ്ങുന്ന ആവേഗതാളം പാലിക്കുന്നതുമാണ്. ഒരു ക്ലാസിക്കല്‍ റിഥം ഇതില്‍ അനുഭവവേദ്യമാണ്.
പാട്ടുകള്‍ക്ക് സിജെ തിരക്കഥയില്‍, സിനിമയില്‍, വേണ്ടുവോളം പ്രാധാന്യം നല്കി കാണുന്നു. മ്യൂസിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന ഗണത്തോടു ചേര്‍ന്നാണ് അദ്ദേഹത്തിന്റെ വിഭാവനം. അഞ്ചു പാട്ടുകള്‍ ചേര്‍ത്തു കാണുന്നു. ഒന്ന് അന്ത്യരംഗത്തിലും നാലെണ്ണം ആദ്യ സ്വീക്വെന്സുകളിലും. ആ കാലഘട്ടത്തില്‍ ഇറങ്ങിയിരുന്ന സാഗതുല്യമായ ചിത്രങ്ങളുടെ ഒരു രൂപഘടന, പലപ്പോഴും സന്നിവേശത്തില്‍ അവയോടിടഞ്ഞുകൊണ്ടാണെങ്കില്പ്പോലും സിജെ ഈ തിരക്കഥയില്‍ അവലംബിച്ചിട്ടുണ്ട്. പാട്ടുകള്‍ പാട്ടുകളായി മാത്രമല്ല, കഥയെ, കഥാസന്ദര്‍ഭത്തെ, കഥാപാത്രങ്ങളുടെ മാനസികഗതിയെ, വെളിവാക്കുകയും മുന്‍പോട്ടു നയിക്കുകയും ചെയ്യുംവിധമുള്ള ദൃശ്യനൈരന്തര്യത്തെ ഉയര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന ഉള്ഭാഗങ്ങളായി തന്നെയാണ്, സിജെ ചിത്രഗാത്രത്തില്‍ ചേര്‍ക്കുന്നത്.
ഗാനങ്ങളിലെ ദൃശ്യഭാഗങ്ങള്‍ ഉപയോഗിക്കുന്ന സംഗീതപ്രകൃതത്തോടു ചേര്ന്നുവരണ്ടവയായതുകൊണ്ടാകാം, വിശദമായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ വ്യക്തമായ ഒരു ചിത്രം സൂചിപ്പിക്കുന്നുമുണ്ട്. ദൃശ്യങ്ങള്‍ സങ്കല്പ്പിക്കപ്പെടുന്ന തുടിതാളത്തില്‍ നിന്ന് അവയ്ക്കിണങ്ങുന്ന സംഗീതത്തെ നേടിചേര്ക്കുവാനുള്ള വാതിലുകള്‍ സിജെ തിരക്കഥയില്‍ തുറന്നിടുന്നു.
അവസാന പാദത്തിന്റെ ഒടുവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഗാനരംഗത്തില്‍ മഗ്ദലനയോടൊപ്പം ജൂഡിത്തിനെ നാം കാണുന്നു. മഗ്ദലനയുടെ മടിയില്‍ കിടന്നുകൊണ്ട് ജൂഡിത്ത് പാടുന്നു. യൂദാസിന്റെ മൃതശരീരം കാണുന്ന നിമിഷംതൊട്ട് അതുവരെ നാമറിഞ്ഞിരുന്ന ജൂഡിത്തിനെയല്ല കാണുന്നത്. അവള് ആകെ തളര്‍ന്നിരിക്കുന്നു; തകര്‍ന്നിരിക്കുന്നു.
ശരിയെന്ന് കരുതിയിരുന്നതത്രയും ശരിയായിരുന്നില്ല; അറിയാത്ത ശരികള്‍ ഇനിയും ബാക്കി!
അതൊരു പൊള്ളുന്ന തിരിച്ചറിവായി അവളെ മാനസാന്തരത്തിലേക്കും അനുതാപത്തിലേക്കും പശ്ചാത്താപത്തിലേക്കും നയിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ അവസാനം ജൂഡിത്ത് മരിക്കുകയുമാണ്.
“Jodith lies in the lap of Magdalen. She begins a song. She can’t complet it. She dies’
എന്നാണ് തിരക്കഥയില്‍ സിജെ എഴുതിയിരിക്കുന്നതും.
ഇവിടെ ദൃശ്യസൂചകങ്ങള്‍ ഒന്നുമില്ല. ഏറെ ശ്രമകരമായി, കൃത്യതയോടെ മാത്രമേ ഇവിടെ ദൃശ്യങ്ങള്‍ തേടുവാനാകൂ. ഒരുപാട് പറയാനുണ്ട്; ബോധ്യപ്പെടുത്താനുണ്ട്. ഏറ്റവും വിശ്വാസ്യമായി, ഏറ്റവും കുറഞ്ഞ ദൃശ്യങ്ങളിലൂടെ അതുപറയണം. മുഴുമിപ്പിക്കാതെ മുറിയുന്ന ആ ഗാനംപോലെ അനിബദ്ധമായാണ്, അവളുടെ ജീവിതവും മുഴുമിപ്പിക്കാതെ മുറിഞ്ഞുതീരുന്നത്. അതുപക്ഷെ പറയാതെ പറയുംവിധം അനുഭവവേദ്യമായി പകര്‍ന്നുകിട്ടണം പ്രേക്ഷകന്.
അതിന് മുന്‍പുവരെ ജൂഡിത്തിനോട് തോന്നിയിരുന്ന മനോവികാരം മാറി, മറ്റൊരു തലത്തിലേക്ക് മാറണം, ജൂഡിത്തിനെക്കുറിച്ചുള്ള പ്രേക്ഷകന്റെ സമീപനം. വളരെ സങ്കീര്‍ണമാണ് ഈ സന്ദര്‍ഭം എന്നറിഞ്ഞുകൊണ്ട് തന്നെയാവണം സിജെ വിശദാംശങ്ങള്‍ പിന്നീടത്തേക്കായി ഇവിടെ നീക്കിവച്ചത്. അതുവരെ സിജെ മനസ്സില്‍ വിതാനിച്ച സിനിമയുടെ സംവേദന സമ്പ്രദായങ്ങള്‍ ചേര്‍ത്തുകണ്ടാല്‍ മാത്രമേ ഇത് അവ്വിധം അനുഭവദായകമാകൂ.
വായനാനുഭവമായി കാണുമ്പോള്‍ തിരക്കഥയില്‍ അപ്രകാരം കൂട്ടിച്ചേര്‍ത്തു കാണാത്തവര്‍ക്ക് ഇത് തിടുക്കപ്പെട്ടതും ആയതിനാല്‍ വിശ്വാസ്യമല്ലാത്തതുമായി അനുഭവപ്പെട്ടേക്കാം. വളരെ പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിച്ചുകളഞ്ഞു എന്നൊരു തോന്നല്‍ ചിലപ്പോള്‍ ഉണ്ടാകാം. ചിത്രാന്ത്യത്തിലെ ക്രിസ്തുവിന്റെ ഉയിര്‍പ്പ് പ്രതീക്ഷിക്കപ്പെട്ടതും പ്രവചിക്കപ്പെട്ടതുമാണ്. അതിലേക്കെത്തുവാനുള്ള തിടുക്കമായിരുന്നുവോ ഈ ഭാഗത്തെ ഇങ്ങനെ ഒരു ഗാനത്തില്‍ പരിമിതപ്പെടുത്തിയതിനു പ്രേരകം എന്നു സംശയിച്ചെന്നും വരാം.
ജൂഡിത്ത് ഉപകഥാപാത്രമല്ല; യൂദാസിന്റെ പുറകിലുള്ള പ്രധാന പ്രേരകശക്തിയാണവള്. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയെന്നതോടൊപ്പം ജൂഡിത്തിന്റെ മാംസബന്ധിതമായ ധാര്‍ഷ്ട്യത്തിന്റെ തകര്‍ച്ചയുടെയും അതില്‍നിന്നും പശ്ചാത്താപത്തിലൂടെ നേടിയേക്കാവുന്ന ഉയിര്ത്തെഴുന്നേല്പ്പിന്റെയും കൂടി കഥയാകുന്നുണ്ട് ഈ ചിത്രം.
യൂദാസിനെപ്പോലെ പ്രാധാന്യം ജൂഡിത്തിനുമുണ്ടല്ലോ. ക്രിസ്തുവിനു വിരുദ്ധമായി പ്രതിഷ്ഠിക്കപ്പെടുകകൊണ്ട് യൂദാസ് പ്രധാനമാകാതെ വയ്യ, ആ യൂദാസിന് പ്രേരകമായതുകൊണ്ട് ജൂഡിത്തും പ്രധാനം തന്നെ.
ജൂഡിത്തിന് ഒരു സത്യസന്ധതയുണ്ട്; തെറ്റുചെയ്യുമ്പോഴും, അതു തിരിച്ചറിഞ്ഞ് അതില്‍ തപിക്കുമ്പോഴും ഒരുപോലെ. അവളുടെ പശ്ചാത്താപത്തിന് നിമിത്തമാകുന്നത് ആത്മഹത്യ ചെയ്ത യൂദാസിനോടുള്ള സ്നേഹവും അവനെ ആ ഗതിയിലേക്കെത്തിച്ചതില് തനിക്കുള്ള പങ്കിനെക്കുറിച്ചുള്ള ബോധ്യവുമാണല്ലോ.
അടുത്ത ലക്കത്തില്‍:
അതിരുകളില്ലാത്ത ദൃശ്യമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: