ഫിലിം റെപ്രസെന്റേറ്റീവായി തുടങ്ങി ഫിലിം ഡയറക്ടറായി തീര്‍ന്ന അസാധാരണ ജീവിത കഥയാണ് കെ.പി വ്യാസന്റേത് (വ്യാസന് എടവനക്കാട്). ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമ കേരളത്തിലെ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ പതിനാലു വയസ്സില്‍ കണ്ട സ്വപ്നം പൂവണിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് വ്യാസന്.
വൈപ്പിന്‍ കരയിലെ തീരദേശ ഗ്രാമമായ എടവനക്കാട് ജനിച്ചു വളര്‍ന്ന ഒരു പയ്യന് സ്വപ്നങ്ങള്‍ പൂക്കാന്‍ തക്ക അനുകൂല സാഹചര്യം ഒന്നും തന്നെ തന്റെ ചുറ്റുപാടുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കില്‍ പിന്നെ സിനിമയുമായി ബന്ധപ്പെട്ട ഒരു തൊഴില്‍ എന്നതായി ലക്ഷ്യം. ഫിലിം പെട്ടികളുമായി തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് അലയുമ്പോള്‍ കൗമാര സ്വപ്നങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പതുക്കെ സിനിമ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തു.
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യ ചിത്രത്തിന് കഥ എഴുതിയത്. 1999-ല്‍ പുറത്തിറങ്ങിയ ‘ഇന്ദ്രിയം’ (സംവിധാനം: ജോര്‍ജ്ജ് കിത്തു). തെലുങ്കില്‍ തിളങ്ങി നിന്നിരുന്ന വാണി വിശ്വനാഥനെ മലയാളത്തിലേക്ക് ലോഞ്ച് ചെയ്ത ചിത്രം കൂടിയായിരുന്നു അത്. ‘ഇന്ദ്രിയ’ത്തിന്റെ വിജയം തന്റെ സ്വപ്നങ്ങളുടെ പടിവാതിലിലേക്ക് വ്യാസന് പാസ്സു നല്കി. ഇനി വ്യാസന്റെ വാക്കുകള്‍.
‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന്റെ കഥ പറച്ചില് രീതി പരമ്പരാഗത സിനിമ രീതികളില്‍ നിന്ന് വ്യത്യസ്തമാണല്ലോ?
ആ ചിത്രത്തിന്റെ തീം ആവശ്യപ്പെടുന്ന ഒരു ശൈലിയാണ് സ്വീകരിച്ചത്. യാത്രകള്‍, അലച്ചിലുകള്‍ അതിനിടയില്‍ പരസ്പരം കണ്ടെത്തുന്ന കഥാപാത്രങ്ങള്‍, വേര്പിരിയലുകള്, കൂടിച്ചേരലുകള്‍ എന്നിങ്ങനെ മനുഷ്യ ജീവിതത്തിന്റെ ചില സമസ്യകള്‍ക്കുള്ള ഉത്തരമാണ് ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമ.
വിദ്യാസമ്പന്നനും പ്രതിഭാശാലിയും പ്രശസ്തനുമായ എഴുത്തുകാരന് ജോണ്‍ മാത്യുവും അയാളുടെ നേരെ എതിര്‍ദിശയിലുള്ള ജീവിത സാഹചര്യത്തില്‍ നിന്നു വരുന്ന മുരുകനും തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ ഹൈലൈററ്. ‘എട്ടും പൊട്ടും’ തിരിയാത്ത മുരുകന് ഗോവയുടെ പരിഷ്കൃത ജീവിത പശ്ചാതലത്തില്‍ നേരിടുന്ന അസാധാരണ ജീവിതാനുഭവങ്ങള്‍ ആ കഥാപാത്രത്തിന്റെ ആന്തരിക ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.
പ്രേക്ഷകരുടെ പ്രതികരണത്തെകുറിച്ച്?
ഒരു മികച്ച ചിത്രം എന്ന പ്രതികരണമുണ്ടാകാന്‍ കഴിഞ്ഞു എന്നത് സന്തോഷകരമാണ്. തിയറ്ററുകള്‍ അടച്ചിട്ടുകൊണ്ടുള്ള സമരം നിമിത്തം മിനിമം പബ്ലിസിററി പോലുമില്ലാതെയാണ് സിനിമ റിലീസ് ചെയ്തത്. അത് മാര്‍ക്കററിങ്ങിനെ ചെറുതായി ബാധിച്ചു എന്നത് നേരാണ്. എങ്കിലും പ്രേക്ഷകരുടെ ‘വേഡ് ഓഫ് മൗത്ത്’ പബ്ലിസിററിയിലൂടെ ചിത്രം പിടിച്ചു കയറി.
പ്രധാന നടന്മാരെ കുറിച്ച്?
കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടന്മാരെയാണ് കാസ്റ്റ് ചെയ്തത്. വലിയ നടന്മാരെ വച്ച് ബിഗ് ബഡ്ജററ് ചിത്രമൊരുക്കുകയായിരുന്നില്ല ലക്ഷ്യം. വിജയ് ബാബുവിന്റെ കരിയറിലെ ടേണിംങ്ങ് പോയിന്റാണ് ജോര്‍ജ്ജ് മാത്യു എന്ന എഴുത്തുകാരന്. ലോകം ആദരിക്കുന്ന എഴുത്തുകാരന്റെ ആത്മസംഘര്‍ഷങ്ങള്‍ ഒട്ടും അതിഭാവുകത്വമില്ലാതെ അദ്ദേഹം കൈകാര്യം ചെയ്തു. അതുപോലെ മുരുകന് എന്ന തനി നാട്ടിന്പുറത്തുകാരനെ അവതരിപ്പിക്കാന്‍ മണികണ്ഠനെ പോലെ മറ്റൊരാളെ കിട്ടാനില്ല. ആദ്യമൊക്കെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മണികണ്ഠന് പറഞ്ഞു. ‘ഇതെന്റെ കഥയാണ്’ ഇത്രയേറെ ഫ്രഷ്നസ്സും പവറുമുള്ള ഒരു നടന് മലയാള സിനിമയുടെ അസ്സറ്റാണ്.
സാങ്കേതിക രംഗത്തുള്ളവര്‍?
രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ ഹരിനായരാണ് ഛായാഗ്രഹണം. മൂന്നു തവണ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അജിത്ത് കുമാറാണ് ഫിലിം എഡിററര്‍. സിനിമയുടെ കലാപരവും സാങ്കേതികവുമായ മികവിനും ഇവര്‍ക്കും വലിയ പങ്കുണ്ട്.
ദിലീപുമായിട്ടുള്ള സൗഹൃദം പ്രശസ്തമാണല്ലോ?
ദിലീപ് കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്താണ്. ഞാറക്കല്‍ മെജസറ്റിക്ക് തിയറ്ററില്‍ ഞങ്ങള്‍ ഒരുമിച്ച് കണ്ട സിനിമകള്‍ക്ക് കണക്കില്ല. രണ്ടു വഴികളിലൂടെയാണ് ഞങ്ങള്‍ സിനിമയിലെത്തിയത്. ദിലീപിന്റെ പല ചിത്രങ്ങളുടേയും വിജയകരമായ മാര്‍ക്കറ്റിങ് ടീമില്‍ പങ്കാളിയാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാന്‍ തിരകഥയെഴുതിയ ‘മെട്രോ’ (നായകന് ശരത് കുമാര്‍, സംവിധാനം വിപിന്‍ പ്രഭാകര്‍) നിര്‍മ്മിച്ചത് ദിലീപാണ്. ദിലീപ്- ജോഷി ചിത്രമായ ‘അവതാര’ത്തിന്റെ തിരക്കഥയും എന്റേതാണ്. അതിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളും ഞാനായിരുന്നു. ഉദയ്കൃഷ്ണ, സിബി.കെ തോമസ്, ദിലീപ് എന്നിവരായിരുന്നു മറ്റു മൂന്നുപേര്‍.
ചുരുങ്ങിയ കാലം കൊണ്ട് സിനിമയുടെ പ്രധാന മേഖലകളിലെല്ലാം (കഥ, തിരകഥ, നിര്‍മ്മാണം, സംവിധാനം, മാര്‍ക്കറ്റിങ്ങ്) വിജയകരമായ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞല്ലോ? എന്താണ് ഭാവി പരിപാടികള്‍?
സിനിമ രംഗത്ത് സജീവമായിട്ടുണ്ടാകും എന്നു മാത്രം പറയാം.
വ്യാസന് എടവനക്കാട് എന്ന പേരിനെ തഴയാന്‍ കാരണം?
നാട്ടുകാരെങ്കിലും എന്നെ അിറയണം എന്ന ഉദ്ദേശത്തോടെയാണ് സ്ഥലപ്പേര് പേരിനോപ്പം ചേര്‍ത്തത്. പക്ഷേ പേരിനല്പം നീളം കൂടി പോയില്ലേയെന്നൊരു തോന്നല്‍. അതാണ് കെ.പി വ്യാസന് എന്ന ഒറിജിനല്‍ പേരിലേക്ക് മാറാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: