കാസര്‍കോട്: ഇന്നലെ രാവിലെ നാട്ടുകാരെ ബലം പ്രയോഗിച്ച് നീക്കിയ ശേഷം തുറന്ന് മദ്യ വില്പന നടത്തിയ കൂളിക്കുന്ന് ബിവറേജ് മദ്യഷാപ്പ് ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് താല്‍ക്കാലികമായി അടച്ചുപൂട്ടി. പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയതിനെ തുടര്‍ന്നാണ് മദ്യഷാപ്പ് പൂട്ടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഇന്നലെ രാവിലെ 9.30 മണിയോടെയാണ് പോലീസിന്റെയും എക്സൈസിന്റെയും സംരക്ഷണത്തോടെ കൂളിക്കുന്ന് മദ്യഷോപ്പ് തുറന്ന് മദ്യമിറക്കി വില്പന നടത്തിയത്. സമര പന്തലില്‍ 78ഓളം പേരാണ് ഉണ്ടായിരുന്നത്. മദ്യം ഇറക്കുന്നത് ചെറുത്ത ഇവരെ ലാത്തിവീശിയും കസ്റ്റഡിയിലെടുത്തും നീക്കിയാണ് മദ്യം ഇറക്കിയത്. സംഘര്‍ഷത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഏതാനും പേരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യശാല തുറന്ന വിവരമറിഞ്ഞ നൂറുകണക്കിനാളുരള്‍ തടിച്ച് കൂടുകയും സമരം ശക്തമാക്കുകയുമായിരുന്നു.
സ്ത്രീകളും കുട്ടികളടക്കമുള്ളവര്‍ പങ്കാളികളായി. ഒടുവില്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയതോടെ മദ്യശാല അടച്ച് അധികൃതര്‍ മടങ്ങി പോയി. തികച്ചും ആസൂത്രണം ചെയ്തു കൊണ്ടായിരുന്നു മദ്യശാല അധികൃതര്‍ തുറന്നത്. എന്നാല്‍ ജനകീയ ചെറുത്ത് നില്പ് കാരണം മദ്യശാല അടക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: