പാലക്കാട് ജില്ലയിലെ വളരെ ചെറിയ ഒരു ഗ്രാമമാണ് കുഴല്‍മന്ദം. ഈ സ്ഥലത്തു നിന്ന് ശ്രീകൃഷ്ണന്! കുഴലൂതി എന്നാണ് ഐതിഹ്യം. സ്ഥലപ്പേരിന്റെ ഉത്ഭവവും ഇതില്‍ നിന്നു തന്നെ.
കുഴല്‍മന്ദം അഗ്രഹാരത്തിലെ മൃദംഗവിദ്വാനാണ് ഗോപാലകൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സരസ്വതി. അഞ്ച് പെണ്മക്കളും ഏക ആണ്തരിയുമടങ്ങിയ ആ കുടുംബം യഥാര്‍ത്ഥത്തില്‍ സംഗീത കുടുംബം തന്നെ. അച്ഛന് മൃദംഗത്തിലെങ്കില് പെണ്മക്കളിലൊരാള് വയലിനിലും മറ്റൊരാള്‍ വായ്പ്പാട്ടിലും പ്രാവീണ്യം നേടിയിരുന്നു. ആ സംഗീത കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായ, അഞ്ച് സഹോദരിമാരുടെ ഏക അനുജനാണ് ഇന്ന് ലോകപ്രശസ്തനായ മൃദംഗവിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണന്.
രാമകൃഷ്ണന് കുഞ്ഞുനാളില്‍ മൃദംഗത്തില്‍ അഭിനിവേശമോ താല്പര്യമോ ഉണ്ടായിരുന്നില്ല. ആദ്യമായി അരങ്ങു കാണുന്നത് രണ്ടാം തരത്തില്‍ പഠിക്കുമ്പോഴാണ്. ഹനുമാന്റെ വേഷമാണ് അവതരിപ്പിച്ചത്. തന്റെ മുഖത്തിന് പാകമാവാത്ത ഹനുമാന്റെ മുഖം വെച്ചുകെട്ടി സ്റ്റേജില്‍ വീണെങ്കിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മൃദംഗത്തില്‍ അച്ഛന് തന്നെ ആയിരുന്നു ആദ്യഗുരു. എന്നും മൃദംഗം പരിശീലിപ്പിക്കുമായിരുന്നു. എല്ലാ മാതാപിതാക്കളും മക്കളെ പുലര്‍ച്ചെ എഴുന്നേല്‍പ്പിച്ച് പഠിക്കാനിരുത്തുമ്പോള്‍ രാമകൃഷ്ണന്റെ പിതാവ് മൃദംഗം വായിപ്പിക്കുകയായിരുന്നു പതിവ്. സ്കൂളിന് അവധിയെടുത്താല്‍ ശകാരിക്കാത്ത അച്ഛന് മൃദംഗം സാധകം ചെയ്തില്ലെങ്കില്‍ ശകാരിക്കുമായിരുന്നു. ചിത്രരചനയില്‍ കമ്പമുണ്ടായിരുന്നെങ്കിലും അച്ഛന് ഒരിക്കലും അത് പ്രോത്സാഹിപ്പിച്ചില്ലെന്നു മാത്രമല്ല വരയ്ക്കുന്നതു കണ്ടാല്‍ വഴക്ക് പറയുമായിരുന്നു. ജ്യോതിഷത്തില്‍ പാണ്ഡിത്യമാണ്ടായിരുന്ന അദ്ദേഹം മകന് മൃദംഗത്തില്‍ വാനോളം ഉയരുമെന്ന് അന്നേ മനസ്സിലാക്കിയിരിക്കണം. 6-ാം ക്ലാസ്സു മുതല്‍ കലോത്സവങ്ങളില്‍ തന്റെ മൃദംഗത്തിലെ കഴിവു തെളിയിച്ചു തുടങ്ങിയ രാമകൃഷ്ണന് ഒന്‍പതാം തരത്തില്‍ പഠിക്കുമ്പോള്‍ എറണാകുളത്തു വെച്ചു നടന്ന സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തെത്തി.
ഒന്നാം സ്ഥാനം ലഭിച്ചതു പ്രമാണിച്ച് സ്കൂളിന് അവധി നല്കി, എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും അധ്യാപകരും സര്‍ട്ടിഫിക്കറ്റും ഷീല്‍ഡും കൈയിലേന്തിയ രാമകൃഷ്ണനൊപ്പം ഗ്രാമപ്രദക്ഷിണം നടത്തി. അന്നാണ് ഇതിന്റെ വിലയെന്തെന്ന് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിനു മനസ്സിലായത്. പിന്നീടങ്ങോട്ട് വിജയത്തിന്റെ ചവിട്ടു പടിയിലേക്കുള്ള കുതിച്ചു കയറ്റമായിരുന്നു.
ചിറ്റൂര്‍ ഗവണ്മെന്റ് കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി പ്രൈവറ്റായാണ് ബി.കോമിനു പഠിച്ചത്. ഇതിനോടകം തന്നെ അച്ഛന്റെ കൂടെ പക്കമേളത്തിനു പോയിത്തുടങ്ങി. അംഗീകൃത കലാകാരനായിക്കഴിഞ്ഞിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയും വലിയ കുടുംബവുമായിരുന്നതു കൊണ്ട് ബിരുദം കഴിഞ്ഞതും ഒരു ജോലിക്കായി ആദ്യശ്രമം. അത് ലഭിക്കുകയും ചെയ്തു. പക്ഷെ അച്ഛനും വീട്ടുകാരും നഖശിഖാന്തം എതിര്‍ത്തു.
കച്ചേരിക്ക് മൃദംഗം വായന മാത്രമായി ഒതുങ്ങിക്കുടിയിരുന്ന വ്യക്തിത്വമായിരുന്നില്ല രാമകൃഷ്ണന്റേത്. കണ്ണൂരും കോഴിക്കോടും പരിപാടികള്‍ക്കായി പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അനേകം ഗാനങ്ങള്‍ ആ തൂലികയില്‍ നിന്ന് പിറവികൊണ്ടു.
ഈ ഗാനങ്ങളുടെയെല്ലാം ഓഡിയോ സി.ഡി. പ്രകാശനവും നടന്നു. തുളസീതീര്‍ത്ഥം എന്ന സി.ഡിയിലെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി നടക്കുന്നു.
കലകള്‍ക്ക് ജനപ്രീതി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2006-ല്‍ കുഴല്‍മന്ദം സെന്റര്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്ട് എന്ന സ്ഥാപനം തുടങ്ങി. മൃദംഗത്തിനു മാത്രമല്ല സംഗീതത്തിനും മറ്റു വാദ്യോപകരണങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഏറെ പ്രാധാന്യം നല്കി. കുഴല്‍മന്ദം കൂടാതെ കൊടുവായൂരിലും ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നു. മൃദംഗം പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്കായി റിഥം എന്ന പേരില്‍ ശിഷ്യന് അരുണ്‍ മോഹന്റെ സഹായത്തോടെ ഇറക്കിയ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും വിപണിയില്‍ വളരെയധികം വിറ്റഴിക്കുന്നു. മൃദംഗത്തിന്റെ ബാലപാഠമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും കഴിവ് തെളിയിച്ച് 28-ാം വയസില്‍ ഓള് ഇന്ത്യാ റേഡിയോ- ദൂരദര്‍ശന്റെ എ ഗ്രേഡ് കലാകാരനായി. ഇതിനിടെ നാദം എന്ന ചലച്ചിത്രത്തില്‍ മൃദംഗത്തിലെ തന്റെ കഴിവു തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടും തീര്‍ന്നില്ല, നീരാഞ്ചനം എന്ന പേരില്‍ ഒരു ചലച്ചിത്രം നിര്‍മ്മിക്കുകയും അതില്‍ ഗാനരചയിതാവായി സംഗീത സംവിധാനം നിര്‍വ്വഹിച്ച് നായകനായി അഭിനയിക്കുകയും ചെയ്തു.
2004-ല്‍ ജൂലായ് 25,26 തീയ്യതികളില്‍ പാലക്കാട് അതിഥി ഓഡിറ്റോറിയത്തില്‍ അര്‍ബുദത്തെപ്പറ്റിയുള്ള സന്ദേശം പ്രചരിപ്പിക്കുക എന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി 36 മണിക്കൂര്‍ മൃദംഗം വായിച്ച് റെക്കോര്‍ഡിനുടമയായി. അദ്ദേഹത്തിന്റെ ഒരു സഹോദരിയെ അര്‍ബുദം കവര്‍ന്നെടുത്തിരുന്നു. ആദ്യത്തെ റെക്കോര്‍ഡ് അന്തരിച്ച ആ സഹോദരിക്കു വേണ്ടിയാണ് സമര്‍പ്പിച്ചത്.
2005 മെയ് മാസത്തില്‍ കണ്ണൂരില്‍ റിഥം ഓഫ് പീസ് അതായത് അക്രമങ്ങള്‍ക്കെതിരെയുള്ള സന്ദേശവുമായി 101 മണിക്കൂര്‍ തുടര്‍ച്ചയായി മൃദംഗം വായിച്ച് തന്റെ തന്നെ റെക്കോര്‍ഡ് മറികടന്നു.
അച്ഛന് അനുവദിച്ചിരുന്നില്ലെങ്കിലും ചിത്രരചനയോടുള്ള അഭിനിവേശം ഒട്ടും തന്നെ കുറഞ്ഞിരുന്നില്ല. മ്യൂറല്‍ പെയിന്റിംഗില്‍ തല്പരനായ രാമകൃഷ്ണന് 50-ല്‍ കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ചെമ്പൈ മെമ്മോറിയല്‍ ഗവണ്മെന്റ് മ്യൂസിക് കോളേജ് പാലക്കാട്, ചെര്‍പ്പുളശ്ശേരി മ്യൂസിക് ഫെസ്റ്റിവല്‍, നവരാത്രി മ്യൂസിക് ഫെസ്റ്റിവല്‍ എടപ്പാള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്. എല്ലാം സംഗീതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണെന്നാണ് മറ്റൊരു സവിശേഷത.
എട്ടു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി ”മൃദുതരംഗ്” എന്ന പുതിയ വാദ്യോപകരണത്തിന് രൂപകല്‍പ്പന ചെയ്തു. മൃദംഗത്തിന്റെ രൂപമെങ്കിലും അതിന്റെ പകുതി ഭാരമേ ഇതിനുണ്ടാവൂ. മാത്രമല്ല ഇത് കഴുത്തില്‍ തൂക്കിയിട്ട് ഉപയോഗിക്കാവുന്ന രീതിയിലാണ് പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്നത്. നടന്നു കൊണ്ടോ നിന്നുകൊണ്ടോ ഉപയോഗിക്കാം. മറ്റൊരു പ്രത്യേകത എന്തെന്നാല്‍ മറ്റു ശബ്ദങ്ങളെയെല്ലാം പിന്നിലാക്കി ഇതിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കും എന്നുള്ളതാണ്.
101 മണിക്കൂര്‍ തുടര്‍ച്ചയായി വായിച്ചിട്ടും തന്റെ റെക്കോര്‍ഡു തന്നെ മറികടന്നിട്ടും വീണ്ടും 2008 ഓഗസ്റ്റില്‍ യുവാക്കള്‍ക്ക് മൃദംഗം പ്രചോദനമാകുന്നതിനു വേണ്ടി തുടര്‍ച്ചയായി 13 ദിവസം അതായത് 301 മണിക്കൂര്‍ കോയമ്പത്തൂര്‍ നെഹ്റു കോളേജില്‍ മൃദംഗം വായിച്ച് വീണ്ടും തന്റെ റെക്കോര്‍ഡ് മറികടന്നു രാമകൃഷ്ണന്.
അവസാനമായി ഒറ്റപ്പാലത്തെ നന്ദവനം ആശുപത്രിയില്‍ റിഥം തെറാപ്പി കൊണ്ട് രോഗികള്‍ക്ക് ആശ്വാസമുണ്ടോ എന്ന പരീക്ഷണവുമായി തുടര്‍ച്ചയായി 21 ദിവസം 501 മണിക്കൂര്‍ മൃദംഗം വായിച്ചു. രോഗികളുടെ ആശ്വാസത്തിനു വേണ്ടി പല ആശുപത്രികളിലും സംഗീതസദസ്സു നടന്നു വരുന്നുണ്ട്. അതില്‍ നിന്ന് ഉറവയെടുത്തതാണ് ഈ ആശയം. രോഗികള്‍ക്ക് തങ്ങളുടെ മുറിയില്‍ കിടന്നുകൊണ്ടു തന്നെ മൃദംഗത്തിന്റെ താളം ശ്രവിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു പരിപാടി അവതരിപ്പിച്ചത്. വീണ്ടും പുതിയ റെക്കോര്‍ഡിലേക്ക് കടന്നപ്പോള്‍ രാമകൃഷ്ണന് എന്ന പേര് ഗിന്നസ് ബുക്കിലേക്ക് സുവര്‍ണ്ണലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും.
ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തിന്റെ പൂര്‍ണ്ണ ചുമതല രാമകൃഷ്ണനാണ്. ഒരുപാട് പാരിതോഷികങ്ങളുടെയും അവാര്‍ഡുകളുടെയും പുതിയ കണ്ടെത്തലുകളിലൂടെ വിജയത്തിന്റെ പൊന്തൂവലുകള് ഒന്നൊന്നായി തുന്നിച്ചേര്‍ക്കുമ്പോഴും അഹങ്കാരമോ അമിതാവേശമോ ഇല്ലാതെ ഭാര്യ സുഗുണ യ്ക്കും മകന് ആദര്‍ശിനുമൊപ്പം അച്ഛന്റെ ആജ്ഞാനുവര്‍ത്തിയായി അമ്മയുമൊത്ത് ഇപ്പോഴും ലളിത ജീവിതം നയിക്കുകയാണ് ഈ അനുഗൃഹീത കലാകാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: