എല്ലായിടത്തും കൃത്യസമയത്ത് എത്തണമെന്ന് കരുതുന്നവരാണ് നമ്മള്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കൃത്യ സമയത്ത് ഓഫീസിലെത്താത്തവരും, ക്ലാസുകളിലെത്താത്തവരുമാണ് നമ്മില്‍ പലരും. ഓഫീസില്‍ നിന്ന് വീട്ടില്‍ വൈകിട്ട് ആറ് മണിയ്ക്കെത്താമെന്നു ഭാര്യയ്ക്ക് വാക്ക് കൊടുക്കുകയും വന്ന ശേഷം പുറത്ത് പോകാമെന്ന് മക്കള്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്യുന്ന പല ഭര്ത്താക്കന്മാരും അച്ഛന്മാരും മണിക്കൂറുകള്‍ വൈകി എത്തുന്നത് അവരെ ശുണ്ഠി പിടിപ്പിക്കുക മാത്രമല്ല പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ ചില വിവാഹ മോചനങ്ങളെങ്കിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുളളതായാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പുറത്ത് പോകാമെന്നും സിനിമയ്ക്ക് പോകാമെന്നും ഭാര്യയ്ക്ക് വാക്ക് കൊടുക്കുകയും താനെത്തുമ്പോഴേക്കും തയാറായി നില്ക്കാന് ആവശ്യപ്പെടുകയും ചെയ്യുന്ന ഭര്‍ത്താവ് ഭാര്യ അണിഞ്ഞൊരുങ്ങിയിരുന്ന് മുഷിഞ്ഞാല്‍ പോലും എത്താറില്ല. ഇത് വാക്ക് തര്‍ക്കങ്ങളിലേക്ക് നയിക്കുന്നു. ഇങ്ങനെ പുത്തരിയില്‍ തന്നെ കല്ല് കടിക്കുന്ന പല അനുഭവങ്ങളും നമുക്ക് ചുറ്റുമുണ്ട്.
നമ്മുടെ നാട്ടിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തില്‍ ഇന്റര്‍വ്യൂവിന് നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മിനിറ്റെങ്കിലും വൈകി എത്തുന്ന ഉദ്യോഗാര്‍ത്ഥിയെ സ്ഥാപനത്തിന്റെ വളപ്പിലേക്ക് പോലും കടത്താറില്ല. എല്ലായിടത്തും മറ്റുളളവരെ നമുക്ക് വേണ്ടി കാത്തിരുത്തുന്ന ചിലരുമുണ്ട്. എല്ലായിടവും വൈകിയെത്തിയാല്‍ അത് എന്തോ മഹത്വമാണെന്ന് കരുതുന്ന ചിലര്‍. മറ്റുളളവര്‍ നമുക്ക് വേണ്ടി കാത്തിരിക്കുന്നത് നമ്മില്‍ എന്തോ മഹത്വമുളളതുകൊണ്ടാണെന്ന് ധരിച്ച് വശായവര്. എന്നാല്‍ ശരിക്കും നമ്മുടെ സമയം പോലെ തന്നെ മൂല്യമുളളതാണ് മറ്റുളളവരുടേതും എന്ന് മനസിലാക്കിയാല്‍ ഇങ്ങനെ കാത്തിരുത്തി ആരെയും നാം ബുദ്ധിമുട്ടിക്കില്ല.
മറ്റുളളവരെ ബഹുമാനിക്കാനറിയുന്ന ആരും തന്നെ ആരെയും കാത്ത് നില്ക്കാന് നിര്‍ബന്ധിക്കാറുമില്ല. അമേരിക്കയിലെ പതിനഞ്ച് മുതല്‍ ഇരുപ്പത്തഞ്ച് ശതമാനം വരെ പേര് എപ്പോഴും വൈകിയെത്തുന്നവരാണെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേ കാണിക്കുന്നത്. വൈകി വരുന്നത് ധാരാളം പോരായ്മകള്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ ചിലത് നമുക്ക് പരിശോധിക്കാം. നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാനാകുന്നില്ലെന്നതിന്റെ സൂചനയായി പലപ്പോഴും ഈ വൈകിവരലിനെ വ്യാഖ്യാനിക്കും. കൃത്യനിഷ്ഠയില്ലാത്തവരെ കഴിവ് കുറഞ്ഞവരായും മറ്റുളളവര്‍ ധരിച്ചേക്കാം.
നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരെ ഏറെ അലോസരപ്പെടുത്തുന്നതാണ് ഈ വൈകല്‍. നിങ്ങള്‍ മറ്റുള്ളവരുടെ സമയത്തെ വേണ്ടും വണ്ണം മാനിക്കുന്നില്ലെന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കുന്നു. വൈകിയെത്തുന്നത് മൂലം നിങ്ങളും അസ്വസ്ഥരാകുകയും സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചേക്കാം.
ഇത്തരത്തില്‍ എവിടേയും വൈകിയെത്തുന്ന സ്വഭാവം മൂലം നിങ്ങള്‍ക്ക് കിട്ടേണ്ടത് പലതും കിട്ടാതെ വന്നേക്കാം. ഇത് നിങ്ങളുടെ ജോലി പോലും നഷ്ടപ്പെടുത്തുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങാം. നിങ്ങളുടെ ബന്ധങ്ങളിലും ഇത് വിള്ളല്‍ വീഴ്ത്തും. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട പലരും നിങ്ങളോട് അകലാന്‍ ഇത് കാരണമായേക്കാം.
കാര്യങ്ങള്‍ അടുക്കോടും ചിട്ടയോടും ചെയ്യാത്തത് മൂലവും പലപ്പോഴും നാം വൈകാറുണ്ട്. ഓഫീസില്‍ പോകേണ്ട നമ്മള് പിറ്റേദിവസത്തേക്ക് കൊണ്ടുപോകേണ്ടവയെല്ലാം തലേന്ന് രാത്രി തന്നെ എടുത്ത് വച്ചാല്‍ സമയമാകുമ്പോള്‍ അതെവിടെ ഇതെവിടെയെന്ന് അന്വേഷിച്ച് പോകേണ്ടി വരില്ല.
രാവിലെ ആകെ തിരക്കില്‍ ഷൂ കണ്ടില്ല, സോക്സ് എവിടെ എന്നൊക്കെ ചോദിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. കുട്ടികളാകട്ടെ സ്കൂളില്‍ പോകാന്‍ നേരം നോട്ട് ബുക്കിനും പേനയ്ക്കും മറ്റുമായി നെട്ടോടമോടുന്നതും കാണാറുണ്ട്. അല്‍പ്പം അടുക്കും ചിട്ടയും പുലര്‍ത്തിയാല്‍ തീരാവുന്നതേയുളളൂ ഇതൊക്കെ.
ചിലരെങ്കിലും പോകുന്ന വഴിയില്‍ ഭംഗിയുളള എന്തെങ്കിലും കണ്ടാല്‍ അത് നോക്കി നിന്ന് സമയം കളയുന്നതും കാണാം. പഠിക്കുന്ന കാലത്ത് വയലിലെ കന്നുകാലികളെയും പക്ഷികളെയും മറ്റും നോക്കി നിന്ന് ക്ലാസില്‍ എന്നും താമസിച്ചെത്തുന്ന ഒരു വിദ്വാന് നമ്മുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കണം. അല്ലെ? ചിലര്‍ രാവിലെ പോകാനിറങ്ങുമ്പോള്‍ വണ്ടിയുടെ താക്കോല്‍ തിരഞ്ഞും ധാരാളം സമയം നഷ്ടപ്പെടുത്തുന്നു.
വാഹനത്തിന്റെ താക്കോല്‍ പ്രധാന വാതിലനിടത്തായി സൂക്ഷിച്ചാല്‍ ഒഴിവാക്കാവുന്ന പ്രശ്നമാണിത്. വരുമ്പോള്‍ കൊണ്ടു വന്ന് അവിടെ തൂക്കുകയും രാവിലെ ഇറങ്ങുമ്പോള്‍ അവിടെ നിന്ന് എടുത്ത് കൊണ്ട് പോകുകയും ചെയ്യാം. മറവിയും നേരം വൈകുന്നതിന് ഒരു കാരണമാണ്. പലപ്പോഴും നാം ഒരു സാധനം വച്ചത് എവിടെയാണെന്ന് ഓര്‍ത്തെടുക്കാന്‍ ആകാത്തത് മൂലം ധാരാളം സമയം നഷ്ടമാകുന്നു. ഇത് തെരഞ്ഞ് ഏറെ നേരം നാം നഷ്ടപ്പെടുത്തുന്നു.
ചില കാര്യങ്ങള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നമുക്ക് കൃത്യ സമയത്ത് എല്ലായിടവും എത്തിച്ചേരാം. അവയില്‍ ചിലത് ഇനി പറയുന്നു. നമുക്ക് സമയനിഷ്ഠ പ്രശ്നം ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് കൃത്യനിഷ്ഠയുണ്ടാകാനുളള പ്രഥമവും പ്രധാനവുമായ സംഗതി. പിന്നീട് ഇതൊരു നല്ല സ്വഭാവമല്ലെന്നും തിരിച്ചറിയുക. ഇതിന് പല ദോഷങ്ങളും ഉണ്ടെന്നും നാം തിരിച്ചറിയണം. നിങ്ങളുടെ ബന്ധങ്ങളിലും വ്യവസായത്തിലും തൊഴിലിലും ഇതിന് പല പ്രത്യാഘാതങ്ങളുംസൃഷ്ടിക്കാനാകുമെന്നും തിരിച്ചറിയണം. ഇത് ഇല്ലാതാക്കണമെന്ന പ്രതിജ്ഞയും എടുക്കുക.
എന്തിനാണ് കൃത്യനിഷ്ഠയുണ്ടാക്കുന്നത് എന്നതിനെക്കുറിച്ചും നിങ്ങളറിയണം. പുതിയൊരു ശീലമുണ്ടാക്കണമെങ്കില് അത് എന്തിന് വേണ്ടിയാണെന്ന കൃത്യമായ ബോധമുണ്ടായിരിക്കണം. പുതിയ ശീലം ഉണ്ടാക്കിയെടുക്കാന്‍ ഏറെ കാരണങ്ങള്‍ ഉണ്ടാകുകയും വേണം. ഈ കാരണങ്ങള്‍ കരുത്തുളളതുമായിരിക്കണം. ഇത് ഉണ്ടാക്കിയെടുക്കാനുളള കഴിവും നിങ്ങള്‍ക്കുണ്ടാകണം.
കൃത്യനിഷ്ഠയിലൂടെ എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്നതിനെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക. കൃത്യസമയത്ത് എത്തിച്ചേരുന്നതിലൂടെ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനുമാകും. പലപ്പോഴും വൈകുന്നത് ഏറെ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന സംഗതിയാണ്. കൃത്യസമയത്ത് എത്തുന്നതിലൂടെ സഹപ്രവര്‍ത്തകരുമായുളള പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സാധിക്കുന്നു.
ആരും കാത്തിരിപ്പ് ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. കൃത്യസമയത്ത് എത്തുന്നത് നിങ്ങളുടെ മേലധികാരി ശ്രദ്ധിക്കുകയും ഇത് ചിലപ്പോള്‍ ഒരുദ്യോഗക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യാം. ഈ നേട്ടങ്ങള്‍ നിങ്ങള്‍ നിരന്തരം ഓര്മപ്പെടുത്തുകയാണെങ്കില് തന്നെ നിങ്ങള്‍ കൃത്യനിഷ്ഠയുളളവരായിത്തീരും.
നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ക്ക് എത്ര സമയം എടുക്കുന്നുവെന്ന് നിരീക്ഷിക്കുക. ഓരോന്നിനും കൃത്യമായ സമയം നീക്കിവയ്ക്കുക. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കും. ഇരുപത് മിനിറ്റ് വേണ്ടി വരുമെന്ന് നിങ്ങള്‍ കരുന്ന ഒരു ജോലിയ്ക്ക് ചിലപ്പോള്‍ നാല്‍പ്പത്തഞ്ച് മിനിറ്റ് വേണ്ടി വന്നേക്കാം അപ്പോള്‍ അത്രയും നേരത്തെ അത് തുടങ്ങുക.
ഒരു ടൈമര്‍ സെറ്റ് ചെയ്ത ശേഷം കുളിക്കാനോ മറ്റ് ജോലികള്‍ക്കോ പോകുക. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ അത് ചെയ്ത് തീര്ക്കാനാകുന്നില്ലെങ്കിലും അവിടെ വച്ച് അത് നിര്‍ത്തുക. പിന്നെ ഈ സമയത്തിനുള്ളില്‍ അത് ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക.
പലപ്പോഴും ഒരുപാട് ജോലികള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നതും വൈകലിന് കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ശ്രമിക്കുക. നിശ്ചിത സമയത്തിനുള്ളില്‍ ചെയ്ത് തീര്ക്കാനാകുന്നവ മാത്രം ചെയ്യുക.
കൃത്യ സമയത്ത് എത്താനായി തയാറാകുക. നേരത്തെ കിടന്നുറങ്ങി നേരത്തെ ഉണര്‍ന്ന് നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ശ്രദ്ധിക്കുക. തലേദിവസം തന്നെ ധരിക്കാനുളള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് വയ്ക്കുന്നതും സഹായകമാണ്. പ്രഭാത ഭക്ഷണത്തിന് എന്ത് തയാറാക്കണമെന്ന് തലേന്ന് തന്നെ നിശ്ചയിക്കുകയും അതിനായി പഴങ്ങളും പച്ചക്കറികളും നേരത്തെ തയാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്യുന്നതും നല്ലതാണ്.
കൂടിക്കാഴ്ചകളില്‍ പങ്കെടുക്കേണ്ടി വരുമ്പോഴും അവയ്ക്കായി നേരത്തെ തന്നെ തയാറാകുക.
ഒരു മണിക്കൂര്‍ മുമ്പെങ്കിലും എത്താന്‍ ശ്രമിക്കുക. ഇതിനാവശ്യമായ വസ്തുക്കളെല്ലാം നേരത്തെ തന്നെ കയ്യില്‍ കരുതുകയും അവയെല്ലാം നിങ്ങളുടെ ഇരിപ്പിടത്തിന് അരികിലായി വയ്ക്കുകയും ചെയ്യുക. മഴയും ഗതാഗത തടസമൊക്കെ മുന്‍ കൂട്ടി കണ്ട് അതിനനുസരിച്ച് അല്‍പ്പം നേരത്തെ ഇറങ്ങാന്‍ ശ്രദ്ധിക്കുക. റോഡില്‍ എവിടെയെങ്കിലും പണി നടക്കുന്നുണ്ടെങ്കില്‍ മറ്റൊരു വഴി തെരഞ്ഞെടുക്കാവുന്നതാണ്. അത് വഴി പോയാല്‍ കൂടുതല്‍ സമയം എടുക്കുമെന്നുണ്ടെങ്കില് അത് കൂടി കണക്കാക്കി വേണം വീട്ടില്‍ നിന്നിറങ്ങാന്‍.
മറ്റുളളവര്‍ക്ക് വേണ്ടി അല്‍പ്പസമയം കാത്തിരിക്കാന്‍ നാം തയാറാകണം. കാത്തിരിക്കുന്ന സമയം പാഴാക്കലല്ലെന്നും മനസിലാക്കണം. ഈ സമയത്ത് നമുക്ക് പലതും ചെയ്യാനാകും. നിങ്ങളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട ഒരു ലേഖനം വായിക്കാനോ നിങ്ങളുടെ ഈമെയിലുകള്‍ക്ക് മറുപടി നല്‍കാനോ ഈ സമയം വിനിയോഗിക്കാം. ധ്യാനത്തിനും ഇതുപയോഗിക്കാവുന്നതാണ്. നിങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായത്തെക്കുറിച്ചുളള ചിന്തകള്‍ക്കും ഈ സമയം ഉപയോഗിക്കാവുന്നതാണ്.
കൃത്യസമയത്ത് തന്നെ പുറപ്പെടുക എന്നുളളതും ഒരു വിഷയമാണ്. നിങ്ങള്‍ ഇറങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആരെങ്കിലും കാണാനോ സംസാരിക്കാനോ എത്തിയാല്‍ സമയമില്ല എന്ന് പറഞ്ഞ് ഒഴിവാക്കാം. പിന്നെ വരാനും പറയാം. അതല്ലെങ്കില്‍ ഇത്ര സമയമേ ഉളളൂ ഇതിനുളളില്‍ കാര്യം പറയാനും ആവശ്യപ്പെടാം. പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഈമെയിലുകള്‍ക്കും മറ്റും മറുപടി നല്കാന് നിന്നും വൈകേണ്ട.
േ
പാകാനിറങ്ങുന്നതിന് തൊട്ടുമുമ്പ് മുറിയിലെവിടെയങ്കിലും പൊടിയോ അഴുക്കോ ശ്രദ്ധയില്‍ പെട്ട് അത് വൃത്തിയാക്കാനും മറ്റും മെനക്കെടേണ്ട. മീറ്റിങ്ങുകളെക്കുറിച്ചും മറ്റും ഫോണില്‍ റിമൈന്‍ഡര്‍ ഇടുന്നതും മറവിക്കാര്‍ക്ക് വലിയൊരു അനുഗ്രഹമാകും. പോകേണ്ടുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പെങ്കിലും അറിയും വിധത്തില്‍ ഇത് സെറ്റ് ചെയ്യുക.
ജോലിയുമായി ബന്ധപ്പെട്ടു അഭിമുഖത്തിനും മറ്റും പോകുമ്പോള്‍ തലേദിവസം തന്നെ തയാറായി പോകുക. കൃത്യസമയത്ത് എത്തി ആദ്യം തന്നെ നല്ല മതിപ്പുണ്ടാക്കുക. നിങ്ങള്‍ കൃത്യസമയത്ത് എത്തുക വഴി നിങ്ങള്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ തയാറാകുന്നുവെന്ന് തന്നെയാണ് അര്‍ത്ഥം. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ വച്ച് കൃത്യനിഷ്ഠ ഉണ്ടാക്കാന്‍ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: