കഴിവുകേടുകള്‍ക്ക് കയ്യുംകാലുംവച്ച രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വേരോടെ പിഴുതെറിയപ്പെടുന്നതു കണ്ടിട്ടും എ.കെ.ആന്റണി മൗനിബാബയായി തുടരുന്നുവെന്നായിരുന്നു കലാപക്കൊടിയുയര്‍ത്തി പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്. മഹേഷിന്റെ പരാതി. മഹേഷിന്റെ പ്രതികാരത്തോട് കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം പ്രതികരിച്ചപ്പോഴും ആന്റണിക്ക് മിണ്ടാട്ടമില്ലായിരുന്നു.
രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ആന്റണി പ്രതികരിച്ചിരിക്കുന്നു. രാഹുല്‍ ഉടന്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആന്റണി പ്രഖ്യാപിച്ചത്. ഇതേ കാര്യംതന്നെ ഒരു ദിവസം മുന്‍പ് കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോയും കേരളത്തിലെത്തി പറഞ്ഞതിന് കൃത്യതയുണ്ടായിരുന്നു. രണ്ട് മാസത്തിനകം രാഹുല്‍ പാര്‍ട്ടി അധ്യക്ഷനാകുമെന്നാണ് ചാക്കോ പറഞ്ഞത്.
സോണിയാ കുടുംബവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളൊക്കെ പറയാന്‍ ചാക്കോയെക്കാള്‍ യോഗ്യത പ്രവര്‍ത്തകസമിതിയംഗമായ തനിക്കാണെന്ന് ആന്റണി കരുതുന്നുണ്ടാവും. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ ടുജി അഴിമതി കേസ് സോണിയയിലേക്ക് എത്തുന്നത് തടഞ്ഞതിന്റെ പ്രത്യുപകാരമായി കോണ്‍ഗ്രസ് വക്താവ് സ്ഥാനം കിട്ടിയ ആളാണല്ലോ ചാക്കോ.
കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ പല തട്ടുകളില്‍നിന്നാണ് പോരടിക്കുന്നതെങ്കിലും ദേശീയതലത്തില്‍ ഏറെക്കുറെ രണ്ട് പക്ഷമാണുള്ളത്. ഇപ്പോള്‍ പാര്‍ട്ടി ഉപാധ്യക്ഷനായ രാഹുല്‍ അധ്യക്ഷനാവണമെന്ന് വാദിക്കുന്നവരും, സോണിയതന്നെ തുടര്‍ന്നാല്‍ മതിയെന്ന് കരുതുന്നവരും. ആന്റണിയെ പക്ഷേ രണ്ട് പക്ഷത്തും കാണാം. അമ്മയുടെ ഒക്കത്തിരിക്കുകയും മകന്റെ കൈപിടിച്ചു നടക്കുകയും ചെയ്യുന്നു. ഇതാണ് ആദര്‍ശധീരന്റെ മെയ്വഴക്കം.
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോഴൊക്കെ അതിനുത്തരവാദികളായ സോണിയയെയും മകനെയും സംരക്ഷിച്ച് കഴിഞ്ഞുകൂടുന്നയാളാണ് ആന്റണി. ഇതുകൊണ്ടുതന്നെ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ ആന്റണിയെയാണ് സോണിയ ചുമതലപ്പെടുത്തുക. 2011 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ഇതാണ് പതിവ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും, ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തറപറ്റിയപ്പോള്‍ ആത്മാഭിമാനം അല്പമെങ്കിലും അവശേഷിക്കുന്ന പല കോണ്‍ഗ്രസ് നേതാക്കളും മടിച്ചുമടിച്ചാണെങ്കിലും പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യമാണെന്ന് പറയുകയുണ്ടായി. അപ്പോഴും ആന്റണി മൗനിബാബയായി.
ഒരേസമയം സോണിയയ്ക്കൊപ്പവും രാഹുലിനൊപ്പവും ആന്റണി നിലയുറപ്പിക്കുന്നത് വിശാലമായ പാര്‍ട്ടി താല്‍പ്പര്യം കണക്കിലെടുത്താണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. മകനെ പിന്തുണച്ചാല്‍ അമ്മ പരിഭവിക്കുമോ എന്ന ശങ്ക. അമ്മയാണ് സത്യം എന്നുപറഞ്ഞാല്‍ മകന് പിണങ്ങുമോയെന്ന ഭയം. ഇങ്ങനെ രണ്ട് വഞ്ചിയിലും കാല്‍ചവിട്ടി നില്‍ക്കാനുള്ള വൈദഗ്ദ്ധ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആന്റണിക്ക് മാത്രമുള്ളതാണ്. ഇതിന്റെ ഗുണങ്ങള്‍ പലതാണ്. കഴിവുള്ള ഒരുപാട് പേരുടെ തലയ്ക്കുമുകളിലൂടെയാണല്ലോ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആന്റണിയെ പ്രതിരോധ മന്ത്രിയാക്കിയത്. ആഭ്യന്തര സുരക്ഷയെ അങ്ങേയറ്റം അപകടപ്പെടുത്തുന്ന ഈ തീരുമാനമെടുത്തത് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങല്ല, സോണിയയാണ്.
പാര്‍ട്ടി നേതൃത്വത്തില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് മുപ്പത് വര്‍ഷം മുന്‍പ് മുതലെങ്കിലും പറഞ്ഞുകൊണ്ടിരിരിക്കുന്ന ആന്റണി ഇപ്പോഴും അങ്ങനെയൊരു ത്യാഗത്തിന് തയ്യാറല്ലെന്നതാണ് വിരോധാഭാസം. ഏറ്റവുമൊടുവില്‍ കേരളത്തില്‍ രാജ്യസഭാസീറ്റ് ഒഴിവു വന്നപ്പോള്‍ എംപിയായതും ആന്റണി. ഇതൊന്നും പാര്‍ട്ടി തീരുമാനമനുസരിച്ചല്ലെന്നും മാഡത്തിന്റെ തിട്ടൂരമനുസരിച്ചാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെ അറിയാം.
ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം, അതാണ് ആന്റണിയുടെ ജീവിതാഭിലാഷം. ഇതിന് കളമൊരുക്കാന്‍ ഹിന്ദുക്കളോട് അനുഭാവം പ്രകടിപ്പിക്കുന്ന മത്തായി മാഞ്ഞൂരാന് പ്രഭാഷണം പോലുള്ള ചില പൊടിക്കൈകളൊക്കെ കാലേകൂട്ടി ചെയ്തിട്ടുണ്ട്.
പി. സി. അലക്സാണ്ടര്‍ എന്ന ക്രൈസ്തവന് രാഷ്ട്രപതിയാവാനുള്ള അവസരം വന്നപ്പോള്‍ കോണ്‍ഗ്രസ് പിന്തുണക്കാതിരുന്നതിനു പിന്നിലും ആന്റണിയുടെ ആഭിചാരമായിരുന്നുവെന്ന് കേള്‍വിയുണ്ട്.
എന്നെങ്കിലും രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചെടുക്കാനുള്ള അവസരം കോണ്‍ഗ്രസിനു ലഭിച്ചാല്‍ താന്‍ ആയിരിക്കണം ആ ഭാഗ്യവാന് എന്ന നിര്‍ബന്ധബുദ്ധി ആന്റണിക്കുണ്ട്. രാഷ്ട്രപതിയായില്ലെങ്കില്‍ ഉപരാഷ്ട്രപതിയായാലും മതി. ശങ്കര്‍ദയാല്‍ ശര്‍മയുടെയും ആര്. വെങ്കിട്ടരാമന്റെയും കാര്യത്തില്‍ സംഭവിച്ചതുപോലെ സ്വാഭാവികമായി രാഷ്ട്രപതിയാവാം എന്നും ആന്റണി കരുതുന്നുണ്ട്. പ്രതിഭാ പാട്ടീല്‍ എന്ന വനിതയെ രാഷ്ട്രപതിക്കസേരയില്‍ പിടിച്ചിരുത്തുകയെന്ന അതിക്രമം കാണിച്ച സോണിയ തന്നെ കൈവിടില്ലെന്ന വിശ്വാസമാണ് ആന്റണിയെ മുന്നോട്ട് നയിക്കുന്നത്.
മടിച്ചുനില്ക്കാതെ രാഹുല്‍ പാര്‍ട്ടിയുടെ അധികാരമേറ്റെടുക്കണമെന്ന് മറ്റ് പലരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നപ്പോഴൊക്കെ ആന്റണിക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലാതിരുന്നത് ബോധപൂര്‍വമാണ്. പാര്‍ട്ടിയുടെ അടുത്ത നേതാവ് രാഹുലാണെങ്കിലും സോണിയയുടെ അന്തിമ വിധിതീര്‍പ്പിന് കാത്തിരിക്കുകയായിരുന്നു ആന്റണി. എഐസിസി, പ്രവര്‍ത്തക സമിതി എന്നൊക്കെയുള്ളത് സോണിയയുടെ കളിപ്പാട്ടമാണല്ലോ. ഇപ്പോള്‍ എഴുപത്തിയൊന്ന് വയസ്സായ സോണിയ ഏതോ അജ്ഞാതരോഗത്തിന്റെ പിടിയിലാണ്. രോഗം എന്തെന്ന് പറയുന്നതുപോയിട്ട് ചികിത്സിക്കുന്ന ആശുപത്രിയുടെ പേരുപോലും വെളിപ്പെടുത്തുന്നില്ല.
മകനെ അധ്യക്ഷസ്ഥാനത്ത് അവരോധിക്കാന്‍ പറ്റിയ അവസരത്തിനാണ് സോണിയ ഇത്രകാലവും കാത്തിരുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പാണ് ഇതിന് കണ്ടുവച്ചിരുന്നത്. പക്ഷെ ചരിത്രപരമായ തോല്‍വി പിണഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും മാന്യമായ വിജയം നേടിയ ശേഷമാവാം മകന്റെ അരിയിട്ടുവാഴ്ച എന്ന് വിചാരിച്ചു. അതും നടന്നില്ല. ഇനിയിപ്പോള്‍ കടുംകൈ പ്രയോഗിക്കുക തന്നെ. ഇക്കാരണത്താലാണ് സോണിയയ്ക്ക് പകരക്കാരനായി മകന് ഉടന്‍ വരുമെന്ന് ആന്റണി ധീരമായി പ്രഖ്യാപിക്കുന്നത്. ‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ എന്നുപറഞ്ഞ ദേവകാന്ത ബറുവയെപ്പോലുള്ള കോണ്‍ഗ്രസ് വിധേയന്മാര് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആന്റണിക്ക് ശിഷ്യപ്പെടുമായിരുന്നു.
ഒന്നിനുപുറകെ ഒന്നായി പരാജയം മാത്രം സമ്മാനിച്ച രാഹുല്‍ പാര്‍ട്ടിയുടെ അന്തിക്രിസ്തുവാണെന്ന ആക്ഷേപം ഇടയ്ക്കിടെ ഉയരാറുണ്ട്. രാഹുലിന്റെ വിചിത്രമായ പെരുമാറ്റം ഇത് ശരിവയ്ക്കുന്നതുമാണ്. ആന്റണിയുടെ പുതിയ പ്രഖ്യാപനം കാണുമ്പോള്‍ അന്തിക്രിസ്തുവിനെ രക്ഷിക്കാനും ആളുണ്ടെന്ന് അദ്ഭുതപ്പെട്ടുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: