വിഷുത്തലേന്നാണ് ഇതെഴുതാനിരിക്കുന്നത്. വിഷു എല്ലാവര്ക്കും ആഹ്ളാദകരമായ ദിവസമാണ്. ദിനരാത്രങ്ങള്‍ സമമായിരിക്കുന്ന ദിവസമാണ് വിഷുവെന്നാണ് പരമ്പരാഗത സങ്കല്പം. വര്‍ഷത്തില്‍ ഇങ്ങനത്തെ രണ്ടവസരങ്ങളുണ്ടാകുന്നു. മേടവിഷുവും തുലാവിഷുവും. ഉത്തരായനത്തിലെ വിഷുവും ദക്ഷിണായനത്തിലെ വിഷുവുമാണത്. ഇതുമായി ആധുനിക ജ്യോതിശാസ്ത്രപ്രകാരം ഏതാനും ദിവസങ്ങളുടെ വ്യത്യാസമുണ്ട്. മാര്‍ച്ച് 21 ന് സൂര്യന് ഭൂമധ്യരേഖയ്ക്ക് മുകളില്‍ വരുമ്പോഴാണ് ദിനരാത്രങ്ങള്‍ തുല്യങ്ങളായിവരുന്നത്.
ദക്ഷിണായനത്തിലെ വിഷു സെപ്തംബറില്‍ വരുന്നു. മേടവിഷു പകല്‍ ഏറിവരുന്ന അവസരത്തിലായതിനാലാവാം ആഹ്ളാദകരമാകുന്നത്. അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മേടവിഷു നിര്‍ണയിക്കപ്പെട്ടപ്പോള്‍ ഈ വ്യത്യാസമില്ലായിരുന്നിരിക്കാം. കാലാന്തരത്തില്‍ ഭൂഭ്രമണത്തിലുള്ള നേരിയ സമയവ്യത്യാസം ഒരുമിച്ചുകൂടി ഇന്നത്തെ അവസ്ഥയിലെത്തിയതാവാം. അതൊക്കെ ജ്യോതിശാസ്ത്രജ്ഞരുടെയും ദൈവജ്ഞചൂഡാമണികളുടെയും ജ്യോതിഷക്കാരുടെയും വിഷയം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പഞ്ചാംഗം നോക്കി ദിവസം കണ്ടുപിടിക്കുകയും കണിയൊരുക്കി കാണുകയും കൈനീട്ടം കൊടുക്കുകയോ വാങ്ങുകയോ അവനവന്റെ സ്ഥാനത്തിനും അവസ്ഥക്കുമനുസരിച്ച് ഏതാണുചിതമെന്നുവെച്ചാല് ചെയ്യുകയും മാത്രമേ കരണീയമായുള്ളൂ.
വിഷു വരുന്നത് ചിത്തിരമാസത്തിലാണ്, അതാകട്ടെ വസന്തകാലാരംഭവും. പൂക്കാലമാണല്ലൊ അതും. കുമാരനാശാന് ചിത്തിരമാസത്തെ ശ്രീബുദ്ധചരിതത്തില്‍ മനോഹരമായി വിവരിക്കുന്നുണ്ട്.
‘ആഞ്ഞുതേന്മാവിന്റെ കൊമ്പുകുലകളാല്‍ ചാഞ്ഞു’ എന്നും
നല്ലതങ്കത്താലിമാലപോല് തുണ്ടിതു
പുഷ്പമാം പൂങ്കുല കൊന്നമരങ്ങളില്‍
മെത്തുംമണമാര്ന്നു മുല്ലയില്‍ പൂങ്കുല
മൊട്ടശോകങ്ങളിലെങ്ങും പരന്നതേ
എന്നും മറ്റും വായിക്കുമ്പോള്‍ കപിലവസ്തുവിലെ ചിത്തിരമാസത്തെയാണോ, ഏതേ കേരളഗ്രാമത്തിലെ വിഷുക്കാലത്തെയാണോ ആശാന് മുന്നില്കണ്ടതെന്ന് നമുക്കു സംശയം തോന്നാം.
വിഷുക്കാലം ആഹ്ളാദകരം തന്നെ. ജന്മഭൂമിയെ സംബന്ധിച്ച് ഏപ്രില്‍ മാസവും അങ്ങനെയാണ്. ഇന്നാണല്ലൊ കോട്ടയം പതിപ്പിന്റെ പതിമൂന്നാം വര്‍ഷം ആരംഭിക്കുന്നത്. ബ്രിട്ടീഷുകാരടക്കമുള്ള പാശ്ചാത്യര്‍ക്കും, പാശ്ചാത്യമനസ്കരായ നമ്മുടെ നാട്ടുകാരില്‍ പലര്‍ക്കും പതിമൂന്ന് അശുഭസൂചകമാണ്. അവര്‍ പതിമൂന്ന് ഒഴിവാക്കുകയാണ് ചെയ്യാറ്. അവരുടെ ഹോട്ടലുകളില്‍ 13-ാം നമ്പര്‍ മുറിയുണ്ടാവില്ല. ഹാളുകളില്‍ സീറ്റിന് 13-ാം നമ്പര്‍ ഉണ്ടാവില്ല. ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയ്ക്ക് അകാലമൃത്യു സംഭവിച്ചത് അതില്‍ മന്ത്രിമാര്‍ പതിമൂന്നു പേരായിരുന്നതുകൊണ്ടാണെന്ന് സംശയമുണ്ടായി. ഏതായാലും കേരളത്തില്‍ പിന്നീട് പതീമൂന്നംഗ മന്ത്രിസഭയോ പതിമൂന്നാം തീയതി സത്യപ്രതിജ്ഞയോ ഉണ്ടായിട്ടില്ല.
ഏതായാലും പതിമൂന്നാം തീയതിയിലെ കോട്ടയം പതിപ്പിന്റെ തുടക്കം ഒരുവിധത്തിലും ജന്മഭൂമിയുടെ വളര്‍ച്ചയെയോ പ്രാധാന്യത്തെയോ ബാധിച്ചിട്ടില്ല. അതിനു കാരണം കോട്ടയം പതിപ്പിലെ ജന്മഭൂമിയുടെ ജേര്‍ണലിസ്റ്റുകളും ഭരണ, പരസ്യ, സര്‍ക്കുലേഷന്‍ വിഭാഗത്തിലെ പ്രവര്‍ത്തകരും അവര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നേതൃത്വവും നല്കുന്ന ഭഗീരഥന്മാരുമാണ്. എന്റെ ധാരണപ്രകാരം കോട്ടയം പതിപ്പാണ് ഏറ്റവും ഭംഗിയായി നടക്കുന്ന ജന്മഭൂമിയുടെ യൂണിറ്റ്.
ഏ്രപില്‍ മാസം തന്നെയാണ് ജന്മഭൂമിയുടെ പത്രത്താളുകളില്‍ ആദ്യമഷി പുരണ്ടതും. സായാഹ്നപത്രമായി അത് കോഴിക്കോട്ട് പിച്ചവച്ചത് 1975 ഏപ്രില്‍ 28 നായിരുന്നല്ലൊ. അവിടത്തെ ചരിത്രപ്രസിദ്ധമായ ടൗണ്‍ഹാളില്‍ ആ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ അന്നത്തെ പത്രാധിപ മഹാരഥന്മാരൊക്കെയുണ്ടായിരുന്നു. പ്രായംകൊണ്ടും പാരമ്പര്യംകൊണ്ടും ഏറ്റവും മുതിര്‍ന്ന പി.വി.കെ. നെടുങ്ങാടിയാണന്ന് പത്രാധിപസ്ഥാനം വഹിച്ചത്. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ പിച്ചവെച്ചു വളര്‍ന്നുവന്ന പത്രപ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും കവികളുടെയും എണ്ണം എടുക്കാന്‍ പ്രയാസമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെത്തുടര്‍ന്ന്, പത്രാധിപരും പ്രസാധകനും അടക്കം ഭൂരിപക്ഷം ജീവനക്കാരും ജയിലിലടയ്ക്കപ്പെട്ട മേന്മ അവകാശപ്പെടാന്‍ ജന്മഭൂമിയേ ഉള്ളൂ.
വിപ്ലവവീര്യം കത്തിക്കാളി ദേശാഭിമാനത്തിന്റെ കുത്തക പേറുന്ന പത്രങ്ങള്‍ തെങ്ങിന്റെ മണ്ടരി ബാധയെയും ഓലരോഗത്തെയുംകുറിച്ച് വിദഗ്ധ ലേഖനങ്ങളും മുഖപ്രസംഗങ്ങളും കാച്ചുകയും പത്രാധിപര്‍ കര്‍ണാടക സര്‍വകലാശാലയില്‍ നാടന്‍കലകളെ പഠിക്കാന്‍ ഫെലോഷിപ്പ് സംഘടിപ്പിച്ചു രക്ഷപ്പെടുകയും ചെയ്തു.
അടിയന്തരാവസ്ഥയ്ക്കുശേഷം ജന്മഭൂമി പുനര്ജന്മം നേടി, ഒരു ദശകത്തിനകത്ത് എളമക്കരയിലെ പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് 1987 ഏപ്രില്‍ 21 നാണ്. അന്നത്തെ ബിജെപി അധ്യക്ഷനും പത്രരംഗത്ത് തനതായ സ്ഥാനം നേടിയ വ്യക്തിയുമായ എല്‍.കെ. അദ്വാനിയാണ് അന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.
പറഞ്ഞുവന്നത് വിഷുമാസം ജന്മഭൂമിക്ക് ആഹ്ളാദത്തിന്റെ മാസമാണെന്നാണ്. ഈ ആഹ്ളാദത്തോടൊപ്പം മറ്റൊരു സന്തോഷാവസരത്തില്‍ പങ്കെടുത്ത കാര്യവും സൂചിപ്പിക്കട്ടെ. തൊടുപുഴയില്‍നിന്ന് പ്രചാരകനായി പുറത്തുവന്ന് ഗുരുവായൂര്‍ സംഘ ജില്ലയില്‍ വടക്കാഞ്ചേരിയില്‍ ഏതാനും വര്‍ഷക്കാലം പ്രവര്‍ത്തിച്ചശേഷം വീട്ടിലേക്കു മടങ്ങി, സ്വന്തമായി തൊഴില്‍ ചെയ്തു ജീവിച്ചുവന്ന ബിജു എന്ന ചെറുപ്പക്കാരന്, വീട് നന്നാക്കുന്നതിനിടെ അപകടമുണ്ടാകുകയും നട്ടെല്ലിനു ക്ഷതമേറ്റ് എട്ടുവര്‍ഷക്കാലം ശയ്യാവലംബിയാകേണ്ടിവരികയും ചെയ്തതിനെപ്പറ്റി മുമ്പ് ഈ പംക്തികളില്‍ പരാമര്‍ശിച്ചിരുന്നു.
സ്വയംസേവകരും ഇപ്പോള്‍ പ്രജ്ഞാപ്രവാഹ് ചുമതല വഹിക്കുന്ന ജെ. നന്ദകുമാറും മറ്റും മുന്‍കയ്യെടുത്ത് അദ്ദേഹത്തിന് അമൃത ആശുപത്രിയില്‍ വിദഗ്ധചികിത്സ ലഭ്യമാക്കുകയും രോഗാവസ്ഥയില്‍ ഏറെ മാറ്റം വരികയും ചെയ്തു. അദ്ദേഹത്തിന്റെ ചുമതലയില്‍ ജന ഔഷധിയുടെ ഒരു ഔഷധശാല കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തതില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായി. സേവാവ്രതിയായി പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ രാഷ്ട്രസേവികാ സമിതിയുടെ കൊല്ലം വിഭാഗ് കാര്യവാഹികയുമായ സുജ എന്ന പെണ്‍കുട്ടി അദ്ദേഹത്തിന്റെ സഹധര്മ്മിണിയാകാനും തയ്യാറായിട്ടുണ്ട്. അവരും ജനഔഷധിയുടെ ഉദ്ഘാടനത്തിന് കുടുംബസഹിതം എത്തിയിരുന്നു.
ഈ സന്തോഷത്തിനിടയില്‍ മ്ലാനത പരത്തിയ ഒരു വിവരവും ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിക്കടുത്ത് വട്ടോളിബസാറിലെ കണിയാങ്കണ്ടി ദേവേശന്‍ എന്ന സ്വയംസേവകന് അന്തരിച്ചതായിരുന്നു അത്. 1967 ല്‍ ജനസംഘം സംഘടനാ കാര്യദര്‍ശിയായിരിക്കെ പോകാറും താമസിക്കാറുമുണ്ടായിരുന്ന വീടാണ് കണിയാങ്കണ്ടി. അവിടത്തെ ഗംഗാധരനും അശോകനും അവരുടെ ജ്യേഷ്ഠന്റെ പുത്രന് ദേവേശനും വട്ടോളി ശാഖയിലെ സജീവ സ്വയംസേവകരായിരുന്നു. ആ ഭാഗത്ത് സംഘപ്രവര്‍ത്തനം അക്കാലത്ത് അത്ര സുഗമമോ സുരക്ഷിതമോ ആയിരുന്നില്ല. എന്നാല്‍ ഏതു ചെറുത്തുനില്പിനും തയ്യാറായിരുന്നു സ്വയംസേവകര്‍.
ദേവേശനും അച്ഛനും അതിന്റെ ദോഷങ്ങള്‍ ഏറെ അനുഭവിച്ചവരാണ്. എന്നാലും അവസാനംവരെ അവര്‍ പിടിച്ചുനിന്നു. ഗംഗാധരന് പിന്നീട് മാറിനിന്നുവെന്നാണറിവ്. ക്രമേണ ദേവേശന്റെ വൃക്ക തകരാറിലാവുകയും സ്ഥിരമായ ഡയാലിസിന് വേണ്ടിവരികയുമായിരുന്നു. അസ്വസ്ഥാവസ്ഥയിലും പഴയ പ്രചാരകന്മാരെ കാണാന്‍ അദ്ദേഹം തെക്കന്‍ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ കുമാരമംഗലത്ത് വീട്ടില്‍ വരികയും ചെയ്തത് അത്യന്തം വികാരവിവശനാക്കിയിരുന്നു. ഡയാലിസിസിലൂടെയാണ് ദേവേശന്‍ ഇത്രയുംകാലം കടന്നുപോയത്. കോഴിക്കോട് നടന്ന പഴയ ജനസംഘ പ്രവര്‍ത്തക സംഗമത്തില്‍ കണ്ടപ്പോള്‍ അതേ സഹജമായ ഹൃദയംഗമതയോടെ ഏതാനും നിമിഷങ്ങള്‍ കഴിയാന്‍ സാധിച്ചു. ഏപ്രിലിലെ മ്ലാനതയാണ് അദ്ദേഹത്തിന്റെ മരണം. ശ്രദ്ധാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: