പ്രപഞ്ചത്തിന്റെ സമസ്ത ഉര്‍ജ്ജ പ്രശ്നങ്ങള്‍ക്കും ഏക പരിഹാരമാണ് കത്തിജ്വലിക്കുന്ന സൂര്യന്. അളന്നാല്‍ തീരാത്തത്രയും വൈദ്യുതി കിട്ടും ആ അക്ഷയപാത്രത്തില്‍ നിന്ന്. അതുകൊണ്ടാണ് തമിഴ്നാട്ടിലെ കുമുത്തിയില്‍ 648 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പടുകൂറ്റന്‍ സൗരവൈദ്യുത നിലയം സര്‍ക്കാര്‍ പണികഴിപ്പിച്ചത്. അയ്യായിരത്തില്‍ പരം ഹെക്ടര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ സമുച്ചയം ഇന്ന് ലോകത്തെ ഏറ്റവും വലിയ സൗരവൈദ്യുത നിലയമായി അറിയപ്പെടുന്നു.
സൂര്യകിരണങ്ങളെ പിടിച്ചെടുക്കുന്നതിന് നിരവധി സോളാര്‍ പാനലുകള്‍ നിരനിരയായി നിരത്തണം. പക്ഷേ, സ്ഥലപരിമിതി മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങള്‍ക്ക് അതൊരു ബുദ്ധിമുട്ടാണ്. അതിനുള്ള പരിഹാരമാണ് ഒഴുകുന്ന സൗരോര്‍ജനിലയങ്ങള്‍. പൊങ്ങിക്കിടക്കുന്ന സൗരവൈദ്യുത നിലയങ്ങളെന്നും ഇവയെ വിളിക്കും. കേരളം പോലെ ഒട്ടേറെ ജലാശയങ്ങളും വിസ്തൃതമായ കായലുകളുമുള്ള സംസ്ഥാനങ്ങള്‍ക്ക് തികച്ചും യോജിച്ചത്.
അങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒഴുകുന്ന സൗരോര്‍ജ്ജനിലയം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ പ്പെടുത്തി നാഷണല്‍ തെര്‍മല്‍ പവര്കോര്പ്പറേഷനാണ് ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കിയത്. സ്ഥാപിച്ചത് കായംകുളം കായലില്‍. ഉല്പാദനശേഷി 100 കിലോവാട്ട്. ഒരുകാര്യം കൂടി നാമൊക്കെ അറിയേണ്ടതായുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന (ഫ്ളോട്ടിങ്) സൗരോര്‍ജ്ജ നിലയമാണിത്. എന്‍. ടി. പി. സി. യുടെ ഗവേഷണ സംരംഭമായ എനര്‍ജി ടെക്നോളജി റിസര്‍ച്ച് അലയന്‍സും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയും (സിപ്പറ്റ്) ചേര്‍ന്ന് 22 ദിവസം കൊണ്ടാണ് വെള്ളത്തിലെ ഈ സൂര്യനിലയം സാക്ഷാത്കരിച്ചത്. തദ്ദേശീയമായി രൂപപ്പെടുത്തിയ ഇതിന്റെ പേറ്റന്റിന് അപേക്ഷയും സമര്‍പ്പിച്ചുകഴിഞ്ഞു.
2017 മാര്‍ച്ച് 18നായിരുന്നു ഒഴുകുന്ന സൗരനിലയം കായംകുളത്ത് പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷേ, അക്കാര്യം പൊതുജനമറിഞ്ഞില്ല. മുഖ്യധാരാ മാധ്യമങ്ങളുടെ മുഖ്യ പേജുകളിലോ ചാനല്‍ ചിത്രങ്ങളിലോ അന്തിച്ചര്‍ച്ചകളിലോ ഈ ശാസ്ത്രനേട്ടം വാര്ത്തയായില്ലെന്നതുതന്നെ കാരണം. സ്വദേശീയമായി രൂപപ്പെടുത്തിയ ഈ ശാസ്ത്രനേട്ടത്തെക്കാളും എത്രയോ വലുതാണ് മന്ത്രിയെക്കുരുക്കിയ ഹണിട്രാപ്പു (പെണ് കെണിയെന്ന് തര്‍ജ്ജമ) കളും തുറന്ന ജയിലിലെ പശുവളര്ത്തലുമെന്ന് മാധ്യമങ്ങള്‍ ആലോചിച്ചിട്ടുണ്ടാവാം. അതുമല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’യ്ക്ക് പ്രാധാന്യം ഇത്രമതിയെന്ന് ചിന്തിച്ചിട്ടുണ്ടാവാം. ജയലളിതാ ഭരണകാലത്ത് തമിഴ്നാട്ടിലെ കുമുത്തിയില്‍ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് ആദാനി കമ്പനി പണിതുയര്‍ത്തിയപ്പോഴും ഇതുതന്നെയായിരുന്നു നമ്മുടെ മാധ്യമങ്ങള്‍ ചെയ്തത്. ഊര്‍ജ്ജസഹമന്ത്രി പീയുഷ്ഗോയല്‍ ഒഴുകും നിലയത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചതോടെയാണ് കായംകുളത്തെ സൗരനിലയം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്.
കരയിലുള്ള നിലയങ്ങളെ അപേക്ഷിച്ച് ഒഴുകുന്ന ഊര്‍ജ്ജനിലയങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഒന്ന് സ്ഥലപരിമിതി പ്രശ്നമേയല്ല. പാനലുകള്‍ എത്രവേണമെങ്കിലുമാവാം. കാടുവെട്ടേണ്ട. കുടിവെള്ളം മുട്ടിക്കേണ്ട. കാട്ടുവാസികളെ കുടിയിറക്കുകയും വേണ്ട. സദാവെള്ളത്തില് കിടക്കുന്നതിനാല്‍ പാനലുകള്‍ക്ക് എപ്പോഴും നല്ല തണുപ്പായിരിക്കും. അതിനാല്‍ അവയുടെ ഊര്ജോല്പാദനക്ഷമതയും കാര്യശേഷിയും വര്‍ദ്ധിക്കും. ഉല്പാദനശേഷിയില് 16 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാമെന്ന് സാങ്കേതിക വിദഗ്ധര്‍. അധിക ഈര്‍പ്പം മൂലം തുരുമ്പ് പിടിക്കാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നതാണ് ഏക പ്രശ്നം. പ്രകൃതിക്ഷോഭങ്ങളും കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാം.
പൊങ്ങിക്കിടക്കുന്ന സൗരനിലയങ്ങളുടെ കാര്യത്തില്‍ ജപ്പാനാണ് മുമ്പന്‍. ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സൗരനിലയവും ആ രാജ്യത്തുത്തന്നെ. ടോക്കിയോയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ യമാകുറാ അണക്കെട്ടിന്റെ റിസര്‍വോയറില്‍ പരന്നുകിടക്കുന്ന ഈ ഒഴുകും നിലയം 2018 മാര്‍ച്ചില്‍ പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉത്പാദനം ആരംഭിക്കും. ഒരു ലക്ഷത്തി എണ്‍പതിനായിരം ചതുരശ്ര മീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ നിലയത്തിന്റെ സ്ഥാപിതശേഷി 13.7 മെഗാവാട്ട്. നമ്മുടെ രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനവും കല്ക്കരികത്തിക്കുന്ന താപനിലയങ്ങള്‍ കൊണ്ടാണ് നടത്തുന്നത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 17 ശതമാനം. ആണവവൈദ്യുതി ഏതാണ്ട് 3.5 ശതമാനം. ബാക്കി 10 ശതമാനം വൈദ്യുതിയും ലഭിക്കുന്നത് കാറ്റാടി പാടങ്ങളും സൗരവൈദ്യുതി നിലയങ്ങളുമടങ്ങുന്ന പരമ്പരാഗത ശ്രോതസ്സുകളില്‍ നിന്നത്രെ.
പക്ഷേ എന്നെന്നും നിലനില്‍ക്കുന്ന ശ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയിലെ മുന്നേറ്റമാണ് ഭാരതത്തിന്റെ ലക്ഷ്യം. കാരണം കാറ്റും സൂര്യകിരണങ്ങളും ഒരിക്കലും പ്രകൃതിയെ നോവിക്കാറില്ല. മനുഷ്യനെ തോല്‍പ്പിക്കില്ല. അന്തരീക്ഷത്തെ അശാന്തമാക്കില്ല. അന്തരീക്ഷ മലിനീകരണം തടയുന്നതിന് രാജ്യം ഒപ്പുവച്ച അന്തര്‍ദേശീയ കരാറുകള്‍ പൂര്‍ണ്ണമായും പാലിക്കുന്നതിന് അവനമ്മെ സഹായിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: