ക്യാമറയും കളിഭ്രമവും ഒത്തുചേരുമ്പോള്‍ വിരിയുന്ന അനുഭൂതി എങ്ങനെയിരിക്കും, അതിനുദാഹരണമാണ് തിരുനക്കര ‘കേരളപുരത്ത്’ രാധാകൃഷ്ണ വാര്യര്‍. ക്ലാസിക്കല്‍ കലാരൂപങ്ങള്‍ക്ക് ക്യാമറയിലൂടെ പുതിയ ദൃശ്യതലങ്ങള്‍ ഒരുക്കിയ വ്യക്തിയാണ് അദ്ദേഹം. മുത്തച്ഛന് സമ്മാനിച്ച നിറങ്ങളും അച്ഛന്റെ കഥകളി ആസ്വാദനവുമാണ് ഫോട്ടോഗ്രഫിയിലെ ക്ലാസിക്കല്‍ സ്പര്‍ശമാക്കി, മലയാളം ബിരുദധാരിയായ രാധാകൃഷ്ണ വാര്യരെ മാറ്റിയത്.
നാടൊട്ടുക്കും വ്യത്യസ്ത തലങ്ങളിലുള്ള സുഹൃത്തുക്കള്‍ കൈമുതലായുള്ള താടിവേഷക്കാരനായ ഈ വാര്യര്‍ ക്യാമറയുടെ ലോകത്തെ പച്ച വേഷക്കാരനായിട്ടാണ് അറിയപ്പെടുന്നത്.
മൂന്ന് ദശാബ്ദമായി, രാപകലില്ലാതെ സഞ്ചരിച്ച് കേരളീയകലാ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത രാധാകൃഷ്ണ വാര്യര്‍ എന്ന കലാകാരന് കലാമണ്ഡലം ഗോപിയാശാന്റെയും പത്നിയുടെയും സാന്നിദ്ധ്യത്തില്‍ കോട്ടയത്തിന്റെ ഹൃദയഭൂമിയില്‍ ശ്രീ ശങ്കര കഥകളി അരങ്ങ് നാളെ ആദരിക്കും.
കലയുടെ ഭാവരസങ്ങളെ ഒപ്പിയെടുത്ത് ആസ്വാദകര്‍ക്ക് മുന്നിലെത്തിക്കുകയെന്നതാണ് ഈ കലാകാരന്റെ ജീവിതദൗത്യം. തുള്ളല്‍ കലാകാരനായി കലാജീവിതം ആരംഭിച്ച് കൈരളിയുടെ സ്വന്തം കലയായ കഥകളിയിലെത്തി അരങ്ങ് കീഴടക്കിയ കലാമണ്ഡലം ഗോപിയെ നിഴല്‍പോലെ ഇന്നും പിന്തുടരുന്ന ഒരു ക്യാമറാമാനാണ് വാര്യര്‍. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ക്ലാസിക്കല്‍ കലകളോടുള്ള ആഭിമുഖ്യത്താല്‍ ഫോട്ടോഗ്രഫിയില്‍ ഹരിശ്രീ കുറിച്ചത് 1984ലാണ്. യാഷിക്കാ 120 ക്യാമറയില്‍ ആദ്യമായി ക്ലിക്ക് ചെയ്തത് കലാമണ്ഡലം ഗോപിയുടെ രൗദ്രഭീമന്റെ വേഷം. ഈ വേഷത്തിലെ അഭിനയമികവില്‍ മനംകുളിര്‍ത്തതോടെ രാധാകൃഷ്ണ വാര്യര്‍ക്ക് ഗോപിയാശാനോട് പറഞ്ഞറിയിക്കാനാവാത്ത വിധം സ്നേഹവും ആരാധനയും ഉടലെടുത്തു.
തുടര്‍ന്ന് ഗോപിയാശാന് അരങ്ങിലുണ്ടെങ്കില്‍ സദസ്സില്‍ വാര്യരും ഉണ്ടാകുമെന്ന സ്ഥിതിയായി.
ഫോട്ടോഗ്രഫിയിലെ സാങ്കേതിക പരിശീലനങ്ങളൊന്നും കൈമുതലായില്ലെങ്കിലും ഓരോ ‘ക്ലിക്കി’ലും ഫ്രെയിമുകളില്‍ എത്തപ്പെട്ടത് ആരെയും ആകര്‍ഷിക്കുന്ന വിസ്മയ ചിത്രങ്ങള്‍. പിന്നീട് കാലത്തിനനുസരിച്ച് നൂതന ക്യാമറകള്‍ കൈകാര്യം ചെയ്യുന്നതിലും അറിവുനേടി. ഗോപിയാശാന്റെ മാത്രം 16 തരം വേഷങ്ങളുടെയും 35-ല്‍പ്പരം കഥകളുടെയും അപൂര്‍വ്വ ചിത്രങ്ങള്‍ 2 ടി.ബി വീതമുള്ള രണ്ട് ഹാര്‍ഡ് ഡിസ്ക്കുകളിലായി സൂക്ഷിച്ചിട്ടുണ്ട്.
സ്ത്രീവേഷമൊഴിച്ച് മറ്റെല്ലാ വേഷങ്ങളും ക്യാമറയിലുണ്ടെന്ന് ഒരിക്കല്‍ ഗോപിയാശാനോട് വാര്യര്‍ പറഞ്ഞു. അപ്പോള്‍ തന്നെ ക്യാമറയുമായി വരാന്‍ നിര്‍ദ്ദേശിച്ചു. വീട്ടിലെത്തിയ വാര്യര്‍ക്ക് മുന്നില്‍ ആശാന് കിര്‍മ്മീരവധത്തിലെ ലളിതയായി തിരശീലയും ആട്ടവിളക്കും പാട്ടുകാരും പക്കമേളവും ഇല്ലാതെ ആശാന് വാര്യര്‍ക്കു മുന്നില്‍ തകര്‍ത്താടി. സന്തോഷാധിക്യത്താല്‍ നവരസങ്ങള്‍ നിറഞ്ഞുനില്ക്കുന്ന മുന്നുറോളം ചിത്രങ്ങളാണ് അന്ന് വാര്യര്‍ പകര്‍ത്തിയത്. കളി അവസാനിച്ചപ്പോള്‍ വാര്യര്‍ക്ക് ലേശം ഭ്രാന്തുണ്ടോ? എന്നായിരുന്നു നിറചിരിയോടെ ആശാന്റെ നര്‍മ്മംകലര്‍ന്ന ചോദ്യം.
കലാമണ്ഡലം ഗോപിയാശാന് ഒരു വ്യക്തിക്കുവേണ്ടിമാത്രമായി കഥകളി വേഷമണിഞ്ഞിട്ടുണ്ടെങ്കില്‍ അത് രാധാകൃഷ്ണവാര്യര്‍ക്കും അദ്ദേഹത്തിന്റെ ക്യാമറക്കുംവേണ്ടി മാത്രമായിരിക്കും. ഗോപിയാശാന്റേതുമാത്രമായി നാല്പതിനായിരത്തോളം ചിത്രങ്ങളുണ്ട് ശേഖരത്തില്‍. ഇതിനുപുറമേ കളിയരങ്ങിലെ പ്രഗത്ഭമതികളായ നിരവധിപേരുടെ അപൂര്‍വ്വചിത്രങ്ങളും വാര്യരുടെ പക്കലുണ്ട്. കഥകളി ചിത്രങ്ങളുടെ ശേഖരമേറിയപ്പോള്‍ കമ്പൂട്ടറിന്റെ ഹാര്ഡ്ഡിസ്ക് പലതവണ മാറ്റേണ്ടതായി വന്നിട്ടുള്ളതായും അദ്ദേഹം പറയുന്നു. കഥകളിക്കൊപ്പം മോഹിനിയാട്ടം, കൂത്ത്, കൂടിയാട്ടം, തുള്ളല്‍ തുടങ്ങിയ ക്ലാസിക്കല്‍ കലകളുടെ അപൂര്‍വ്വം ചിത്രങ്ങള്‍ക്കൊപ്പം കേരളത്തിലെ വാദ്യങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ അടക്കം ഒരുലക്ഷത്തോളം ചിത്രങ്ങള്‍ വാര്യരുടെ ശേഖരത്തിലുണ്ട്.
കഥകളി വേഷങ്ങളുടെ വര്‍ണ്ണവൈവിദ്ധ്യങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും പല പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും പകര്‍ത്തിയിട്ടുണ്ട്. പക്ഷേ, വാര്യര്‍ ‘ടച്ച്’ ചിത്രങ്ങള്‍ നല്കുന്ന വികാരതീവ്രതയും ഭാവഗാംഭീര്യവും ഇതര ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുകയെന്നത് വിരളമാണ്. ക്ലാസിക്കല്‍ കലകളെ സ്നേഹിക്കുന്ന അനുഗ്രഹീത കലാകാരന് ഒപ്പിയെടുത്ത് ആസ്വാദകര്‍ക്ക് ദൃശ്യാനുഭവം തരുന്ന ചിത്രങ്ങളില്‍ നിന്നുള്ള ‘നവരസങ്ങള്‍’ ഒന്നു വേറെ തന്നെ.
ചുമര്‍ചിത്രം, പോര്‍ട്രെയ്റ്റ് വരകളില്‍ അസാമാന്യ പ്രതിഭയായിരുന്ന ആര്‍ട്ടിസ്റ്റ് വാര്യത്ത് ജി.കെ. വാര്യരുടെ പേരക്കുട്ടിയാണ് രാധാകൃഷ്ണവാര്യര്‍. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ചിത്രകല അഭ്യസിക്കുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് രാധാകൃഷ്ണനെ മടിയിലിരുത്തിയാണ് മിക്കപ്പോഴും മുത്തച്ഛന് വരച്ചിരുന്നത്. മുത്തച്ഛന്റെ വരകളെ പിന്തുടരുന്നതിനേക്കാള് അതിന് നിറം പകരുന്നതിലായിരുന്നു രാധാകൃഷ്ണന് ആകൃഷ്ടനായത്.
പെന്‍സിലില്‍ നിന്ന് ജലഛായ ചിത്രങ്ങളിലേക്ക്. ഇതിനൊപ്പം അച്ഛന് ബാലരാമവാര്യരുടെ കഥകളി കമ്പമാണ് പിന്നീട് രാധാകൃഷ്ണ വാര്യരേയും ആ വഴിയിലേക്ക് നയിച്ചത്. മുത്തച്ഛന്റെ വാത്സല്യവും ചിത്രരചനയിലൂടെ ലഭിച്ച നിറങ്ങളോടുള്ള ആഭിമുഖ്യവും അച്ഛന്റെ അതിരുകവിഞ്ഞ കഥകളി ആസ്വാദനക്കമ്പവുമായിരിക്കാം ക്ലാസിക്കല്‍ കലകളോടുള്ള ഭ്രമത്തിന് വഴിയൊരുക്കിയതെന്നാണ് രാധാകൃഷ്ണവാര്യരുടെ അഭിപ്രായം.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം കേരള കലാമണ്ഡലത്തില്‍ ഏതാനും വര്‍ഷം ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചപ്പോള്‍ സാഹിത്യ കലാരംഗങ്ങളിലെ പ്രമുഖരുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. കേരള കലാമണ്ഡലം സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികം കോട്ടയത്ത് നടത്തിയപ്പോള്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം ആദ്യമായി തന്റെ ഫ്രെയിമുകളില്‍ ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും അദ്ദേഹം നടത്തുകയുണ്ടായി.
‘ചിത്രരഥം’ എന്ന പേരില്‍ നടന്ന ഈ പ്രദര്‍ശനം രാധാകൃഷ്ണ വാര്യര്‍ക്ക് പുതിയ തലങ്ങള്‍ തുറന്നുനല്‍കി. പിന്നീട് വിവിധ സര്‍വ്വകലാശാല കാമ്പസുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി എഴുപതോളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. പ്രദര്‍ശനങ്ങള്‍ക്കൊപ്പം കഥകളിയും കൂടിയാട്ടവും അരങ്ങിലെത്തിച്ച് വിദ്യാര്‍ത്ഥികളെ കഥാസന്ദര്‍ഭം പരിചയപ്പെടുത്തുന്നതിലും ശ്രദ്ധ നല്‍കിയിട്ടുണ്ട്.
കഥകളിയും, കൂടിയാട്ടവും
കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അനന്തസാധ്യതകള്‍ ആ രംഗത്തെ ഉന്നതരായ കലാകാരന്മാരുടെ ഭാവങ്ങളിലൂടെ ദൃശ്യവല്‍ക്കരിച്ചയാളാണ് തിരുനക്കര ‘കേരളപുരത്ത്’ രാധാകൃഷ്ണ വാര്യര്‍. തന്റെ ക്യാമറക്കണ്ണുകളിലൂടെ കഥകളിയുടെ അണിയറകളിലേക്ക് കടന്നുചെന്നത് ഗോപിയാശാന് എന്ന കലാമണ്ഡലം ഗോപിയെ പിന്തുടര്ന്നായിരുന്നു. കഥകളി സ്വായത്തമായിരുന്നതിനാല്‍ വേഷപ്പകര്‍ച്ചകള്‍ ഒപ്പിയെടുക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി ക്യാമറ കൈകാര്യം ചെയ്ത് കഥകളിയെന്ന കലാരൂപത്തിന്റെ ഉള്ളിലേക്ക് കടന്നുചെല്ലാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതോടെ കലാമണ്ഡലം ഗോപിയെന്ന കഥകളി നടന്റെ മനസ്സിലിടം നേടാന്‍ കഴിഞ്ഞു.
പിന്നീടങ്ങോട്ട് അരങ്ങത്ത് ഗോപിയാശാനുണ്ടോ അവിടെ രാധാകൃഷ്ണവാര്യരുമുണ്ടാകും എന്ന സ്ഥിതിയായി. അങ്ങനെ ഗോപിയാശാന്റെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍ ഫ്രെയിമിനുള്ളിലായി. രാധാകൃഷ്ണ വാര്യര്‍ പറയുന്ന വേഷം ചെയ്യാന്‍പോലും തയാറാകുന്ന വിധത്തില്‍ ഗോപിയാശാനുമായുള്ള ബന്ധം സുദൃഢമായി.
വാര്യരുടെ ആഗ്രഹപ്രകാരം കോട്ടയത്ത് നടന്ന കഥകളിയില്‍ ഗോപിയാശാന് പരശുരാമന്റെയും ഹനുമാന്റെയും വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. ഒരിക്കല്‍ ഗോപിയാശാനെ തേടിപ്പോയപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്, ആശാനെക്കുറിച്ച് ചെയ്യുന്ന ഡോക്യുമെന്ററിക്കു വേണ്ടി കഥകളി വേഷം ചെയ്യാന്‍ പോയിരിക്കുകയായിരുന്നു. ആശാനെ നേരില്‍ കാണാന്‍ രാധാകൃഷ്ണവാര്യര്‍ നേരേ അങ്ങോട്ടു തിരിച്ചു. ആശാനെ കണ്ടപ്പോള്‍ ‘ആശാന്റെ ഒരു ഹനുമാന് വേഷം കോട്ടയത്ത് വേണമല്ലോ’ എന്ന് വാര്യര്‍, അത് രാധാകൃഷ്ണവാര്യര്‍ തീരുമാനിക്കുന്ന വേഷങ്ങള്‍ ആണല്ലോ ഞാന്‍ കെട്ടാറ്, ആവാം’ എന്നായിരുന്നു ആശാന്റെ മറുപടി. ഇരുവരും തമ്മിലുള്ള രസതന്ത്രം അത്രയേറെ വലുതായിരുന്നു.
കഥകളിയില്‍ പത്മഭൂഷണ്‍ രാമന്‍കുട്ടി നായര്‍, പത്മശ്രീ കീഴ്പ്പടം കുമാരന് നായര്‍, പത്മശ്രീ കലാമണ്ഡലം ഗോപി, കലാമണ്ഡലം പത്മനാഭന് നായര്‍, കോട്ടയ്ക്കല്‍ ശിവരാമന് തുടങ്ങിയവരുടെ വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങള്‍ക്കൊപ്പം യുവതലമുറയിലെ ശ്രദ്ധേയരായ കലാകാരന്മാരുടെ ചിത്രങ്ങളും ശേഖരത്തിലുണ്ട്.
കൂടിയാട്ടത്തില്‍ പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവചാക്യാരുടെ അര്ജ്ജുനന്, രാവണന്, ബാലി, ശൂര്‍പ്പണഖ തുടങ്ങിയ ചിത്രങ്ങളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അമ്മന്നൂരിന്റെ വേഷപ്പകര്‍ച്ചകള്‍, കലാമണ്ഡലം ഗോപിയുടെ കിരീടമില്ലാത്ത വേഷങ്ങള്‍ എല്ലാം ഓരോ അനുഭവങ്ങളാണ് നല്‍കുന്നതെന്ന് രാധാകൃഷ്ണ വാര്യര്‍ പറയുന്നു
ഡോക്യുമെന്ററികള്‍
ആറു പതിറ്റാണ്ടായി കളിയരങ്ങില്‍ അഭിനയ മുഹൂര്‍ത്തങ്ങളുടെ വ്യത്യസ്തതലങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന കലാമണ്ഡലം ഗോപിയാശാന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച പ്രകടിപ്പിക്കുന്ന ‘വേഷം കലാമണ്ഡലം ഗോപി’ എന്ന പേരിലുള്ള 50 മിനിറ്റ് ഡോക്യുമെന്ററി രാധാകൃഷ്ണ വാര്യരുടെ രചനയിലും സംവിധാനത്തിലും ഇതള്‍വിടര്‍ത്തിയ ദൃശ്യാനുഭവമാണ്. തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലൂടെ പ്രശസ്തിയുടെ പടവുകള്‍ കയറിയ പെരുവനം കുട്ടന് മാരാരുടെ കലാജീവിതത്തെ ആസ്പദമാക്കി ‘പെരുവനം മേളപ്പെരുമ’ എന്ന ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണിപ്പോള്‍.
കഥകളിയും ഫോട്ടോഗ്രഫിയും സമ്മാനിച്ചത് ഒട്ടേറെ ബന്ധങ്ങളായിരുന്നു. ആ ബന്ധങ്ങളിലൂടെ വാര്യര്‍ക്ക് കൈമുതലായി കിട്ടിയത് വിലമതിക്കാനാവാത്ത അപൂര്‍വ്വചിത്രങ്ങളും സ്നേഹവും.
പ്രശസ്ത കഥകളി ആചാര്യന് രാമന്‍കുട്ടിനായര്‍, രാധാകൃഷ്ണ വാര്യരെ കാണുമ്പോഴെല്ലാം അത്ഭുതത്തോടെ ഒരു ചോദ്യമുന്നയിക്കാറുണ്ടായിരുന്നു ‘ഏയ്…വാര്യരേ… എവിടുന്നാ ഇത്രക്ക് ഫിലിം സൗജന്യമായി ലഭിക്ക്യാ…. ഇതേ ചോദ്യം അക്കാലങ്ങളില്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം മറുപടി ഒരു മന്ദഹാസത്തില്‍ തീരും, അതാണ് രാധാകൃഷ്ണ വാര്യര്‍. തന്റെ മനസിനും ക്യാമറക്കും സന്തോഷം നല്കുന്ന നിമിഷങ്ങളെ തേടിയുള്ള യാത്രയിലായിരുന്നു അദ്ദേഹത്തിന് താല്പര്യം.
അരങ്ങത്ത് ചൊല്ലിയാടുന്നവരുടെ ജീവസുറ്റ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുകയെന്ന ലക്ഷ്യത്തിന് മുമ്പില്‍ സാമ്പത്തികനഷ്ടങ്ങള്‍ ഒരിക്കല്‍പോലും തിട്ടപ്പെടുത്തിയിട്ടില്ല. എല്ലാം തട്ടിക്കുടഞ്ഞ് നോക്കുമ്പോള്‍ ബാലന്‍സ് ഷീറ്റില്‍ എക്കാലവും നഷ്ടത്തിന്റെ കഥയായിരിക്കും അവശേഷിക്കുക. ആരുടെയും പക്കലില്ലാത്ത അപൂര്വ്വചിത്രങ്ങളുടെ ശേഖരമാണ് തനിക്ക് മനഃശാന്തി നല്‍കുന്നത്. ഈ സഞ്ചാരപഥത്തില്‍ കുടുംബം നല്കിയ തുണയാണ് ഓരോ വിജയത്തിന് പിന്നിലും. ക്ലാസിക്കല്‍ കലകള്‍ക്ക് പിന്നാലെയുള്ള യാത്രകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ സുമംഗലയും ബാങ്ക് ഉദ്യോഗസ്ഥയായ മകള്‍ ഗൗരി കൃഷ്ണയും കലവറയില്ലാത്ത പിന്തുണയാണ് നല്‍കാറുള്ളതെന്നും വാര്യര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: