ആമുഖങ്ങള്‍ക്കതീതമായ വ്യക്തിത്വപ്രഭ കൊണ്ട് മനസ്സുകള്‍ കീഴടക്കിയവര്‍ ചുരുക്കം. രവീന്ദ്രനാഥ ടാഗോര്‍ എന്ന നാമധേയം അത്തരത്തിലൊന്നാണ്. തത്വചിന്തകന്‍, കവി, നാടകകൃത്ത്, സാഹിത്യകാരന്, ഗാനരചയിതാവ്, ചിത്രകാരന്, സാമൂഹിക പരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം, ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും പുതു രൂപം നല്കി.
1913-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചതിലൂടെ ഏഷ്യയിലെ തന്നെ ആദ്യ നൊബേല്‍ ജേതാവായി ടാഗോര്‍. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു.
എട്ടാമത്തെ വയസ്സില്‍ ആദ്യ കവിത
1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളില്‍ പതിമ്മൂന്നാമനായാണ് ടാഗോറിന്റെ ജനനം. എട്ടാമത്തെ വയസ്സില്‍ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ല്‍ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തില്‍ത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്. ബ്രിട്ടീഷ് നിയമങ്ങള്‍ക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും തികഞ്ഞ പ്രായോഗിക വാദിയും ആയിരുന്നു ടാഗോര്‍.
സാഹിത്യലോകം
അനിര്വ്വചനീയങ്ങളായ അര്‍ത്ഥങ്ങളുളള കവിതകളായിരുന്നു ടാഗോറിന്റേത്. രണ്ടായിരത്തോളം ഗാനങ്ങള്‍, 20ലേറെ നാടകങ്ങള്‍, നൂറില്‍പരം ചെറുകഥകള്‍ എന്നിവയടങ്ങുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യലോകം. വിശ്വഭാരതി അദ്ദേഹത്തിന്റെ കൃതികള്‍ 24 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദുരന്തമയമായ ജീവിതം
തന്റെ കഴിവുകള്‍ കൊണ്ട് ഉന്നതങ്ങളിലെത്താന്‍ കഴിഞ്ഞുവെങ്കിലും ദുരന്തമയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആപത്തുകളും ദു:ഖങ്ങളും ടാഗോറിനെ സദാ പിന്തുടര്ന്നു. ബന്ധുമിത്രാദികളുടെ തുടരെതുടരെയുളള അകാല മരണങ്ങള് അദ്ദേഹത്തെ വല്ലാതെ ഉലച്ചു. 1902-ല്‍ ഭാര്യ മൃണാളിനിദേവിയുടെ വിയോഗം.
അടുത്ത വര്‍ഷം രണ്ടാമത്തെ മകള്‍ രേണുകയുടെ മരണം. ഇങ്ങനെ തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോര്‍ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.
ജീവിതത്തിലെ അവസാന വര്‍ഷങ്ങളില്‍ ടാഗോര്‍ ലോകപ്രസിദ്ധനായിരുന്നു-പ്രത്യേകിച്ച് ഗാന്ധിക്കെതിരായിരുന്ന നിലപാടുകളില്‍. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോര്‍ കഠിനമായി എതിര്‍ത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊല്‍ക്കത്തയില്‍ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി.
അവസാന നാലു വര്‍ഷങ്ങള്‍ രോഗശയ്യയില്‍ കടുത്ത വേദനയിലായിരുന്ന ടാഗോര്‍, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതില്‍ നിന്ന് മോചിതനായെങ്കിലും 1940ല്‍ സമാനമായ അവസ്ഥയില്‍ നിന്ന് ശമനമുണ്ടായില്ല. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ച് മരണമടഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: