എഡിന്‍ബറോ: സ്കോട്ലന്ഡില് ഹിത പരിശോധനയ്ക്കുള്ള വോട്ടെടുപ്പ് നടന്നു. ബ്രിട്ടന്റെ ഭാഗമായി തുടരണോ വേറിട്ട് മറ്റൊരു രാജ്യമാകണോയെന്ന് തീരുമാനിക്കാനാണ് ജനഹിതപരിശോധന. വേറൊരു രാജ്യമാകണമെന്ന നിലപാടിനാകും മുന്‍തൂക്കമെന്നാണ് സൂചന. ഒരു ജനതയൊന്നടങ്കം വന്‍ ആവേശത്തോടെയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. ആവേശമൊരു സൂചകമെങ്കില്‍ വൈകാതെ സ്കോട്ലന്ഡ് എന്ന രാജ്യം വീണ്ടും പിറവികൊള്ളും.
43 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഫലം ഇന്ന് രാവിലെ അറിയാം.2600 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ഇത് നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ മാ്രതം ലഭിക്കുന്ന അവസരമാണ്. അധികാരം ലഭിക്കുന്ന ഏറ്റവും വലിയ നിമിഷമാണിത്. സ്കോട്ലന്ഡിന്റെ സ്വാതന്ത്രൃത്തിനു വേണ്ടി നിലകൊള്ളുന്ന അലക്സ് സാല്മോണ്ട് പറഞ്ഞു. സ്വാതന്ത്ര്യറാലിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനൊപ്പം നിലകൊള്ളാന്‍ വോട്ട് ചെയ്യാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.വേര് പിരിയല്‍ വേദനാകരമാകും, സാമ്പത്തിക അനിശ്ചിതത്വമാകും മുന്പില്.. അദ്ദേഹം പറഞ്ഞു.
ബ്രിട്ടന് വലിയ പരീക്ഷത്തെയാണ് നേടിടുന്നത്.1707 ലാണ് ബ്രിട്ടനും സ്കോട്ലന്ഡും ഒന്നിച്ചത്. അന്നു മുതല്‍ ഇന്നുവരെ ഒരൊറ്റ രാജ്യമായി നിലകൊള്ളുകയായിരുന്നു.
മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം രാജ്യം വിഭജിച്ചാല്‍ അത് ബ്രിട്ടനുണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. രാജ്യം ചെറുതാകും. വരുമാനം കുറയും.. അന്താരാഷ്ട്ര രംഗത്തുള്ള സ്ഥാനത്തിനു വരെ കോട്ടം സംഭവിക്കാം. രാജ്യം വിഭജിക്കേണ്ടിവന്നാല് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് രാജിവെയ്ക്കേണ്ടിയും വരാം.മാത്രമല്ല ലോകമെങ്ങുമുള്ള വിഘടന വാദികള്‍ക്ക് ഇത് ആവേശം പകരും. പല രാജ്യങ്ങളിലും വിഭജന ആവശ്യം കൂടുതല്‍ ശക്തമാകാം.
സ്കോട്ലന്ഡ് ബ്രിട്ടനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിശ്വാസം പ്രകടിപ്പിച്ചു.
സ്കോട്ലന്‍ഡിലെ മറ്റൊരു പ്രധാനനഗരമായ ഗഌസ്ഗോയിലും വന്‍ജനാവലിയാണ് വോട്ട് ചെയ്യാന്‍ എത്തിയത്. അനുകൂലിക്കുന്നവരെപ്പോലെ വേറിടലിനെ എതിര്‍ക്കുന്നവരും ധാരാളമുണ്ട്. വേലിപ്പുറത്തുള്ളവരാകും വിധി നിശ്ചയിക്കുക. സാമ്പത്തിക പ്രശ്നങ്ങളാണ് വേറിടലിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.വടക്കന്‍ കടലിലെ എണ്ണ മാത്രം കൊണ്ട് രാജ്യത്തിന് സാമ്പത്തിക ഭദ്രത കൈവരുമോ, യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുമോ തുടങ്ങിയ സംശയങ്ങളെല്ലാമുണ്ട്.
അമേരിക്കയടക്കമുള്ള സകല ലോകരാജ്യങ്ങളും ഉറ്റുനോക്കുന്ന ജനഹിതപരിശോധനയാണ് ഇത്.
കിംഗ്ഡം ഓഫ് സ്കോട്ട്ലന്‍ഡ്
1707 വരെ കിംഗ്ഡം ഓഫ് സ്കോട്ട്ലന്‍ഡ് എന്ന രാജ്യം നിലവിലുണ്ടായിരുന്നു. ഇംഗഌണ്ടും സ്കോട്ലന്ഡും ചേര്‍ത്ത് 1707 മെയ് ഒന്നിനാണ് ഗ്രേറ്റ് ബ്രിട്ടന് രൂപീകരിച്ചത്.ഇരു പാര്‍ലമെന്റുകളും ചേര്‍ന്നാണ് തീരുമാനം എടുത്തത്.
കടുത്ത എതിര്‍പ്പ് തള്ളി 1801 ജനുവരി ഒന്നിന് അയര്‍ലന്‍ഡും ഈ യൂണിയനില്‍ ചേര്‍ന്നു. അങ്ങനെയാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന് രൂപമെടുത്തത്. എങ്കിലും സ്കോട്ലന്ഡില് ചില പ്രത്യേക നിയമങ്ങളും മതപരമായ ആചാരങ്ങളും തുടര്‍ന്നു. പിന്നീട് ബ്രിട്ടനില്‍ നിന്ന് വേര് പിരിയണമെന്ന ആവശ്യങ്ങള്‍ ശക്തമായി. അങ്ങനെ 97ല്‍ ജനഹിതം തേടി. തുടര്‍ന്നാണ് 99ല്‍ സ്കോട്ടിഷ് പാര്‍ലമെന്റ് വീണ്ടും വിളിച്ചുകൂട്ടി. 2011 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി. ഇതോടെയാണ് വേര്‍പിരിയണമെന്ന ആവശ്യം ശക്തമായത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ജനഹിത പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: