കോട്ടയം: നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടു. വടവാതൂര്‍ ഡംബിങ് യാര്‍ഡ് പ്രശ്നങ്ങള്‍ തുടങ്ങിയ 46 വിഷയങ്ങളാണ് ഇന്നലെ യോഗത്തില്‍ പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ അജണ്ട പാസ്സാക്കാന്‍ ചെയര്മാന് കഴിഞ്ഞില്ല. കുമാരനല്ലൂര്‍ മേഖലാ ഓഫീസിലെ എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയതിനാല്‍ അറസ്റ്റിലായ സംഭവമാണ് പ്രതിപക്ഷം കൗണ്‍സിലില്‍ ഉന്നയിച്ചത്. ഇതേത്തുടര്‍ന്നുള്ള ബഹളമാണ് യോഗം തടസ്സപ്പെടാന്‍ വഴിയൊരുക്കിയത്. പിന്നീട് പ്രതിപക്ഷം കൗണ്‍സിലര്‍ എം.കെ. പ്രഭാകരന്റെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന്റെ ഓഫീസ് ഉപരോധിച്ചു.
നഗരസഭാ പരിധിയില്‍ വരുന്ന കുമാരനല്ലൂര്‍ മേഖലാ ഓഫീസ് എഞ്ചിനീയര്‍ മാര്ട്ടിന് ആന്റണിയെ കൈക്കൂലികേസില്‍ വിജിലന്‍സ് പിടിച്ചിരുന്നു. ഇതിനുമുമ്പ് ഈ ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും ചെയര്മാന് യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം.
പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം അനധികൃതമായി ഓട കയ്യേറി ഫഌറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ച് നഗരസഭാ ഭരണകൂടത്തിനെതിരെയും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു. പ്രതിപക്ഷത്തുള്ള ബിജെപി കൗണ്‍സിലര്‍മാരായ ഹരിനാരായണനും കെ.യു. രഘുവും ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടു. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തിലെ അജണ്ടകളിന്മേല് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കുള്ള വിയോജിപ്പ് നഗരസഭ സെക്രട്ടറിക്ക് സമര്‍പ്പിച്ചു.
നഗരസഭയില്‍ നടന്നുവരുന്ന അഴിമതിക്കെതിരെ 30ന് സമരം ആരംഭിക്കുമെന്ന് കൗണ്‍സിലര്‍ എം.കെ. പ്രഭാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: