കുമരകം: ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് സിപിഎം നേതാക്കളുടെ പിഴയും ഭീഷണിയും. ഇന്നലെ കോട്ടയത്ത് നടന്ന സിഐടിയു ജനറല്‍ കൗണ്‍സില്‍ റാലിയില്‍ പോകാന്‍ വിസമ്മതിച്ച കുമരകത്തെ ഓട്ടോതൊഴിലാളികള്ക്കാണ് ഈ ദുര്യോഗം. റാലിയില്‍ പങ്കെടുക്കുന്നതിലേക്കായി 3മുതല്‍ ഓട്ടോ പണിമുടക്കും പ്രഖ്യാപിച്ചു. ഇത് കുമരകം നിവാസികള്‍ക്കും വിനയായി.
കുമരകം ചന്തക്കവല, സ്റ്റേറ്റ് ബാങ്ക് പടി, ജെട്ടി, പള്ളിച്ചിറ, ചക്രം പടി തുടങ്ങി വിവിധയിടങ്ങളിലായി നൂറ്റമ്പതോളം സിഐടിയു യൂണിയനില്‍പ്പെട്ട ഓട്ടോതൊഴിലളികളാണ് ഉള്ളത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അക്രമ രാഷ്ട്രീയത്തിനും അനാവശ്യ പ്രകടനത്തിനുമെല്ലാം സിഐടിയു യൂണിയനിലായതിന്റെ പേരില്‍ ഇവരെ ദുരുപയോഗം ചെയ്യുന്ന നടപടി കൈക്കൊണ്ടിട്ട് നാളേറെയായി. ഈ നടപടികളെ ചോദ്യം ചെയ്താല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടികളാണ് സിപിഎം സിഐടിയു നേതൃത്വം കൈക്കൊള്ളുന്നത്. നിസ്സഹകരിക്കുന്നവര്ക്ക് പിഴ ഉറപ്പാണ്. സിസി അടച്ചുതീര്ക്കാനുള്ളവരും വീട്ടില്‍ അരി വാങ്ങി കുടുംബം പോറ്റേണ്ടവരുമായ ഓട്ടോ തൊഴിലാളികള്‍ നേതൃത്വത്തിന്റെ ഈ നയത്തോട് എതിര്‍പ്പുള്ളവരാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഓട്ടോ തൊഴിലാളികളുടെ പിന്‍ബലമില്ലെങ്കില്‍ ഒരു പരിപാടിയും വിജയിപ്പിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ്. റാലികള്‍ക്കോ പ്രകടനങ്ങള്‍ക്കോ വിളിച്ചാല്‍ ജനങ്ങളെ കിട്ടാത്ത അവസ്ഥയാണ് കുമരകത്ത് നിലവിലുള്ളത്. ഇന്നലെ കോട്ടയത്ത് നടന്ന സിഐടിയു ജനറല്‍ കൗണ്‍സില്‍ റാലിയില്‍ കുമരകത്തെ തൊഴിലാളികളുടെ സാന്നിദ്ധ്യം കുറഞ്ഞാല്‍ അത് കുമരകത്തെ സിപിഎം, സിഐടിയു നേതൃത്വത്തിന് പേരുദോഷമാകുമെന്ന തിരിച്ചറിവാണ് ഓട്ടോതൊഴിലാളികളോട് അധാര്‍മ്മികമായ കടുത്ത നടപടി കൈക്കൊള്ളാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സിഐടിയു ഓട്ടോതൊഴിലാളികള്‍ പറയുന്നത്.
പാര്ട്ടിപിരിവെന്ന പേരില്‍ ഇവരില്‍ നിന്നും നേതാക്കള്‍ വന്‍തുകകളാണ് പിരിക്കുന്നത്. ഇതു തുടര്‍ക്കഥയായി മാറുമ്പോള്‍ തൊഴിലാളികള്‍ക്കിടയില്‍ സിപിഎമ്മിനെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. ഗുണ്ടായിസവും നടപടികളും ഭയന്ന് കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയാത്ത ഓട്ടോ തൊഴിലാളികള്‍ സിഐടിയു യൂണിയന് വിട്ട് ബിഎംഎസ്സിലേക്ക് വഴിമാറാനുള്ള ഒരുക്കത്തിലാണ്. നേതൃത്വത്തിന്റെ നടപടികളില്‍ മനംമടുത്ത് കുമരകം കവണാറ്റിന്‍കരയിലെ സിഐടിയു ടാക്സി ഡ്രൈവേഴ്സ് യൂണിയനിലെ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയുള്ളവര്‍ ബിഎംഎസ്സ് യൂണിയനില്‍ ചേര്‍ന്നത് സിപി എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. താമസിക്കാതെ കുമരകത്ത് സിഐടിയു ഓട്ടോതൊഴിലാളി യൂണിയന്‍തന്നെ ഇല്ലാതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഖിലേന്ത്യാ പ്രസിഡന്റിന്റെ പ്രസംഗം കേള്‍പ്പിക്കാന്‍
നേതാക്കളുടെ നെട്ടോട്ടം
കോട്ടയം: സിഐടിയു അഖിലേന്ത്യാ പ്രസിഡന്റിന്റെ പ്രസംഗം അംഗങ്ങളെ കേള്‍പ്പിക്കാനും സമ്മേളന നഗരിയില്‍ ആളെ കൂട്ടാനും പ്രാദേശിക ജില്ലാ നേതാക്കളുടെ നെട്ടോട്ടം. സംസ്ഥാന ജനറല്‍ കൗണ്‍സിലിന്റെ തുടക്കം കുറിച്ച് ഇന്നലെ കോട്ടയത്ത് നടന്ന ജില്ലാറാലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു ദേശീയ പ്രസിഡന്റ് എ.കെ. പത്മനാഭന് പ്രസംഗിക്കുമ്പോഴായിരുന്നു നേതാക്കള്‍ ആളെ കൂട്ടാന്‍ വിയര്‍പ്പൊഴുക്കിയത്. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച തൊഴിലാളി റാലി തിരുനക്കര മൈതാനിയില്‍ എത്തിയതോടെ സമ്മേളനം ആരംഭിച്ചു. പ്രകടനത്തിന് നേതൃത്വം കൊടുത്ത മുന്‍നിര നേതാക്കള്‍ സമ്മേളന നഗരയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പിന്നാലെ എത്തിയ തൊഴിലാളികള്‍ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രകടനം അവസാനിപ്പിച്ച് മടങ്ങിപ്പോയതോടെ സമ്മേളനസദസ് ശുഷ്കമായി. ഇതോടെ പ്രദേശിക നേതാക്കള്‍ ഗ്രൗണ്ടിനു പുറത്ത് വന്ന് പ്രവര്‍ത്തകരെ അകത്ത് കയറ്റുന്നതിനുള്ള ശ്രമമാരംഭിച്ചു. അതിനിടയില്‍ അകത്തുണ്ടായിരുന്ന ചിലര്‍ പുറത്തേക്ക് പോകാന്‍ ശ്രമിച്ചത് കവാടത്തില്‍ നിന്നിരുന്ന റെഡ് വാളണ്ടിയര്‍മാര്‍ തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ സ്ക ില്ഡ് ഡെവലപ്മെന്റിന് ശ്രമിക്കുന്നത് തൊഴിലാളികള്‍ക്ക് എത്രമാത്രം പ്രയോജനകരമാണെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കേരളസര്‍ക്കാര്‍ ബജറ്റ് തന്നെ വേണ്ടെന്ന് വച്ച് പുതിയ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സിഐടിയു നേതാവ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ആനത്തലവട്ടം ആനന്ദന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: