കോട്ടയം: കോട്ടയം വില്ലേജ് ഓഫീസില്‍ അഗ്നിബാധ. നിരവധി രേഖകള്‍ കത്തിനശിച്ചു. പുത്തനങ്ങാടികുരിശുപള്ളി റോഡില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിലാണ് ഇന്നലെ പുലര്‍ച്ചെ ഏകദേശം അഞ്ചുമണിയോടുകൂടി അഗ്നിബാധയുണ്ടായത്. തീപടര്‍ന്നതിനെത്തുടര്‍ന്ന് ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കത്തിനശിച്ചു. വില്ലേജ് ഓഫീസിനു പുറകിലായി മറ്റൊരു മുറിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നു. പുലര്‍ച്ചെ ഓഫീസ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതു കണ്ട ഇവര്‍ കെട്ടിടത്തിന്റെ ഉടമസ്ഥനെ വിവരം അറിയിച്ചു. തൊഴിലാളികള്‍ വെള്ളം ഒഴിച്ചു തീ കെടുത്താന്‍ ശ്രമം നടത്തി. ഇതിനിടെ വിവരമറിഞ്ഞ് കോട്ടയത്തു നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തെത്തുടര്‍ന്ന് തഹസീല്‍ദാര്‍ ജോസഫ് സെബാസ്റ്റ്യന്‍, വില്ലേജ് ഓഫീസര്‍ എസ്.കെ. ശ്രീകുമാര്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ രമേശ് കുമാര്‍ എന്നിവരും വില്ലേജ് ഓഫീസിലെ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. നവംബര്‍ ഒന്നിനു തിരുനക്കര പഴയ പൊലീസ് സ്റ്റേഷന് മൈതാനത്തിനു സമീപം പുതിയതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് ഓഫീസ് പ്രവര്‍ത്തനം മാറുന്നതിന്റെ ഭാഗമായി പഴയ രേഖകളും മറ്റും ചാക്കില്‍ കെട്ടി വച്ചിരുന്നെന്നും ഇതിനാണ് തീപിടിച്ചതെന്നുമാണ് ഔദ്യോഗിക ഭാഷ്യം. പഴയ വോട്ടര്‍പട്ടിക, രസീതു ബുക്കുകള്‍ എന്നിവയാണു കൂടുതലും നശിച്ചതെന്നും വിലപിടിപ്പുള്ള രേഖകളൊന്നും നഷ്ടപ്പെട്ടില്ലന്നും വില്ലേജ് ഓഫീസര്‍ പറയുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: