ബംഗളുരൂ: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നാലു വര്‍ഷം തടവ്. ജയലളിതയ്ക്ക് ജയിലില്‍ പോകേണ്ടി വരും. ജാമ്യം ഉടന്‍ ലഭിക്കില്ല. മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണം .ജയലളിതയെ കൂടാതെ ഉറ്റ തോഴി ശശികല, ജയലളിതയുടെ വളര്ത്തുമകന് സുധാകരന്, ശശികലയുടെ ബന്ധുക്കളായ ഇളവരശി എന്നിവരെയും ജഡ്ജി ജോണ്‍ മൈക്കല്‍ കുന്‍ഹ ശിക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്.
വിധി എതിരായാതോടെ ആറ് വര്‍ഷത്തേക്ക് ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാവില്ല. ഹൈക്കോടതിയോ സുപ്രീംകോടതിയോ ജയലളിതയെ കുറ്റവിമുക്തയാക്കിയില്ലെങ്കില് രണ്ടു വര്‍ഷം കഴിഞ്ഞ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജയലളിതയ്ക്ക് മത്സരിക്കാനാവില്ല. ലില്ലി തോമസ് കേസില്‍ സുപ്രീംകോടതി, ജനപ്രാതിനിധ്യനിയമം 8 (4) ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയതോടെയാണ് ശിക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ ആ സ്ഥാനം വഹിക്കുന്നതിന് അയോഗ്യരാക്കപ്പെടുന്ന സ്ഥിതി വിശേഷം ഉണ്ടായത്.
ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 1991നും 96നുമിടയില്‍ ജയലളിത അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ് കേസ്. ജയലളിത, ഉറ്റ തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരാണ് ഈ കേസിലെ പ്രതികള്‍. 1997ല്‍ ഡി.എം.കെ. അധികാരത്തിലിരിക്കെയാണ് ഈ കേസിന്റെ പിറവി. ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായപ്പോള്‍ ശമ്പളമായി ഒരു രൂപയേ കൈപ്പറ്റുകയുള്ളൂവെന്ന് ജയലളിത പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ ജയലളിത സമ്പാദിച്ച സ്വത്തുക്കള്അനധികൃതമാണെന്നാണ് 1997ല്‍ ഡി.എം.കെ. സര്‍ക്കാരിന്റെ കാലത്ത് എടുത്ത കേസില്‍ ആരോപിക്കുന്നത്. തമിഴ്നാട്ടില്‍ പലയിടത്തുമായുള്ള ഭൂമി, ഹൈദരാബാദിലും ചെന്നൈയ്ക്കടുത്തുമുള്ള ഫാം ഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം എന്നിവയ്ക്കു പുറമേ 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10,500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 വാച്ചുകള്‍ എന്നിവ ജയലളിത ഇക്കാലയളവില്‍ സമ്പാദിച്ചെന്നാണ് കേസ്. ഇവയെല്ലാം റെയ്ഡ് ചെയ്ത് തെളിവുകളായി ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: