ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത ജയിലിലായതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉടലെടുത്ത സംഘര്‍ഷം രൂക്ഷമാകുന്നു. ജയലളിതയ്ക്കെതിരായ കോടതി വിധി വന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 16 പേരാണ് ഇതുവരെ മരിച്ചത്.
ശനിയാഴ്ച വന്ന കോടതി വിധിയെതുടര്‍ന്ന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് ഇനിയും വേദന അടക്കാനായിട്ടില്ലെന്നാണ് സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കട കമ്പോളങ്ങള്‍ തുറന്നു തുടങ്ങി. ആശുപത്രികളുടെ പ്രവര്‍ത്തനം പതിവു നിലയിലായി. എന്നാല്‍ ഇതിനിടെ ജയലളിതയുടെ അവസ്ഥയില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനികളടക്കം നിരവധി പേരോാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മാഹൂതിക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടു പേര് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. കൈവിരല്‍ മുറിച്ച ഒരു പാര്‍ട്ടി അനുഭാവിയും ചികിത്സയിലാണ്. കെട്ടിത്തൂങ്ങിയും, തീകൊളുത്തിയും ബസിനു മുന്നിലേക്ക് ചാടിയും, വിഷം കഴിച്ചുമാണ് പലരും മരിച്ചത്. പത്തുപേര്‍ നെഞ്ചുവേദനയെതുടര്ന്നും മരിച്ചു.
ജയലളിതയുടെ കടുത്ത അനുഭാവികളും ആരാധകരുമാണ് മരിച്ച പതിനാറു പേരും. കഴിഞ്ഞ ആഗസ്റ്റില്‍ ജയലളിതയ്ക്കെതിരെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ വന്ന വാര്‍ത്ത വായിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും ഒരു ദിവസം കൊണ്ടാണ് ഈ നഷ്ടം ഉണ്ടായത്. കോയമ്പത്തൂര്‍, പഴനി, നാഗര്‍കോവില്‍, തെങ്കാശി, വേളാങ്കണ്ണി, പൊള്ളാച്ചി, സേലം എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സര്‍വ്വീസ് നടത്തുന്നത്. ബംഗളൂരുവിലേക്കുള്ള പത്ത് ബസുകള്‍ സേലം വഴിയാണ് കടന്നു പോകുന്നത്. ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് തമിഴ്നാട്ടിലെക്കുള്ള സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചിരുന്നു. അതേസമയം, തമിഴ്നാട് ബസുകള്‍ അതിര്‍ത്തി വരെ വന്ന് തിരിച്ചുപോകുകയും ചെയ്തിരുന്നു. അന്യ സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ക്കു നേരെ അക്രമം ഉണ്ടാകും എന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: