ന്യൂദല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രായേലിലേക്ക് ക്ഷണിച്ചു. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയ്ക്കിടെ ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് മോദിയെ ഇസ്രായേലിലേക്ക് ക്ഷണിച്ചത്. ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തീയതി ഭാരത സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ഭാരത പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വാണിജ്യമേഖലയില്‍ പരസ്പരമുള്ള സഹകരണം ശക്തമാക്കും. വാണിജ്യക്കരാറുകളിലൂടെ ബന്ധം സജീവമാക്കും. പ്രതിരോധ മേഖലയിലും സൈബര്‍ സുരക്ഷാ, കമ്പ്യൂട്ടര്‍ സോഫ്റ്റ്വയര് മേഖലയിലും പരസ്പര സഹകരണം ഉറപ്പാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ 2003ല്‍ ഭാരത സന്ദര്‍ശനം നടത്തിയ ശേഷം ഇതാദ്യമായാണ് ഇരു രാഷ്ട്രങ്ങളുടേയും തലവന്മാര് തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ 2006ല്‍ നരേന്ദ്രമോദി ഇസ്രായേലില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഭാരതത്തിന്റെ പ്രതിരോധ മേഖലയില്‍ ഇസ്രായേല്‍ കമ്പനികളുടെ വലിയ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനു ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള ചര്‍ച്ച വഴിവെച്ചു. രാജ്യത്തിന്റെ പ്രതിരോധ മേഖല വിദേശ കമ്പനികള്‍ക്കായി തുറന്നിരിക്കുകയാണെന്നും 49ശതമാനം വിദേശ നിക്ഷേപം ഉറപ്പുവരുത്തിയതായും മോദി നെതന്യാഹുവിനെ അറിയിച്ചു. എന്നാല്‍ സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിന് ഇസ്രായേല്‍ തയ്യാറാകണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. ഇതംഗീകരിച്ച ഇസ്രായേല്‍, പ്രതിരോധമേഖലയില്‍ നിക്ഷേപം നടത്താന്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയേപ്പറ്റിയും പ്രതിരോധമേഖലയിലെ 49 ശതമാനം വിദേശ നിക്ഷേപ അനുമതിയേപ്പറ്റിയും നരേന്ദ്രമോദി നെതന്യാഹുവിനെ അറിയിച്ചതായി വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. നിലിവിലുള്ള ആറു ബില്യണ്‍ ഡോളറിന്റെ വാണിജ്യത്തില്‍ നിന്നും വന്‍തോതിലുള്ള വര്‍ദ്ധനവ് വാണിജ്യമേഖലയില്‍ സൃഷ്ടിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. ജലസംരക്ഷണത്തിനും ജലസേചന പദ്ധതികള്‍ക്കുമായി ഇസ്രായേല്‍ നടപ്പാക്കിയ നൂതന മാര്‍ഗ്ഗങ്ങള്‍ ഭാരതത്തില്‍ നടപ്പാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടന്നു.
ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട് നഗരങ്ങളില്‍ ഇസ്രായേല്‍ ജലസേചന പദ്ധതികളും മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കണമെന്ന ആഗ്രഹം നരേന്ദ്രമോദി പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 500 നഗരങ്ങളിലേക്ക് ഇസ്രായേല്‍ സഹകരണം ലക്ഷ്യമിടുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞത് ‘ആകാശമാണ് നമ്മുടെ അതിരുകള്‍’ എന്നാണെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നമ്മള് രണ്ടു പഴയ മനുഷ്യരാണ്. ഭൂമിയിലെ ഏറ്റവും പഴയ രണ്ടു സംസ്കാരത്തില്‍ നിന്നുള്ളവര്‍. എന്നാല്‍ രണ്ടു ജനാധിപത്യസംവിധാനത്തില്‍ നിന്നുവരുന്നവരാണ് നമ്മള്, നമ്മുടെ പാരമ്പര്യത്തില്‍ നാം അഭിമാനിക്കുന്നു, ഭാവിയെ ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് നമ്മള്, നെതന്യാഹു പറഞ്ഞു.
നയതന്ത്രതലത്തില്‍ വീണ്ടും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമല്ലാത്ത ഭാരത-ഇസ്രായേല്‍ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: