ന്യൂയോര്‍ക്ക്: അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി അമേരിക്കയും ഇന്ത്യയും സംയുക്ത വിഷന്‍ സ്റ്റേറ്റ്മെന്റ് പുറത്തിറക്കി. ‘ചലേ സാത്ത് സാത്ത്’ അഥവാ ഒരുമിച്ച് മുന്നോട്ട് നീങ്ങാം എന്ന പേരിലാണ് ഇന്ത്യ, യുഎസ് വിദേശകാര്യവകുപ്പുകള്‍ സംയുക്തമായി സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ മാതൃകാ ബന്ധം വികസിപ്പിക്കുക, ആണവോര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയുള്ള കരാറുകളാണ് ലക്ഷ്യം.
സാര്‍വദേശീയവും വിവേചനരഹിതവുമായ ആണവനിരായൂധീകരണത്തിന് ശ്രമിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ലോകത്തിനാകമാനം മാതൃകയാകുന്ന തരത്തിലുള്ളതായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. രണ്ടു രാജ്യങ്ങള്‍ക്കു വ്യത്യസ്തമായ ചരിത്രമാണുള്ളത്. എന്നാല്‍ ഇരു രാജ്യങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഒരുപോലെയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ലക്ഷ്യങ്ങളിലേക്ക് കുതിക്കുന്നതിനും സാഹചര്യമൊരുക്കുന്നുണ്ട്. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ജനങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കാന്‍ ഈ നയതന്ത്രബന്ധത്തിലൂടെ സാധിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ തീവ്രവാദത്തിനെതിരെ യോജിപ്പുള്ള പോരാട്ടമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: