കൊട്ടാരക്കര: ടൗണിലെ ഓടകള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട കെണിയായിട്ടും ബന്ധപെട്ടവര്‍ നടപടി എടുക്കുന്നില്ല. നാഷണല്‍ ഹൈവെയില്‍ റയില്‍വേ സ്റ്റേഷന് മുതല്‍ പുലമണ്‍ ജംഗ്ഷന് വരെയുള്ള സ്ഥലങ്ങളിലെ ഓടകളുടെ സ്ലാബുകളാണ് പ്രധാനമായും തകര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്നത്.
ചന്തമുക്കിലെ വെയിറ്റിംഗ് ഷെഡിനു മുന്നിലെ ഓട തകര്‍ന്നിട്ട് ദിവസങ്ങള്‍ ആയി. മലിനജലം ഒഴുകുന്നതിന്റ ദുര്‍ഗന്ധം കാരണം യാത്രക്കാര്‍ ഈ ബസ് സ്റ്റോപ്പ് ഉപേക്ഷിച്ച മട്ടാണ്. ഈ കുഴിയില്‍ വീണ് ഇതിനകം അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ കുഴിയില്‍ അകപെട്ടിട്ടും ബന്ധപെട്ടവര്‍ക്ക് കുലുക്കമില്ല.
ചന്തയിലേക്ക് ഏറ്റവും കൂടുതല്‍ ആള്ക്കാര് എത്തുന്ന പ്രവേശന കവാടവും, ചന്തമുക്കിലെ പ്രധാന ബസ് സ്റ്റോപ്പും ഇവിടെയാണ്. ഓട്ടോറിക്ഷ സ്റ്റാന്‍ഡ്, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി എപ്പോഴും ജനതിരക്കാണ് ഈ ഭാഗത്ത്. ഇവിടെ മാത്രമല്ല ടൗണിന്റ മിക്ക ഭാഗത്തെയും ഓടകളുടെ സ്ഥിതി ഇതുതന്നെയാണ്.
സ്ലാബുകള്‍ മാറ്റി ഇടുന്നത് സംബന്ധിച്ച് പഞ്ചായത്തിനോട് പരാതി പറഞ്ഞാല്‍ ഉത്തരവാദിത്വം നാഷണല്‍ ഹൈവെ അതോറിറ്റിക്കാണന്നും ഹൈവെ അതോറിറ്റിയൊട് പറഞ്ഞാല്‍ തിരിച്ചും ആണ് മറുപടി ലഭിക്കുക.ഉത്തരവാദിത്വം ആര്‍ക്കായാലും ജനത്തിന്റ ഗതി ഓടയില്‍ വീഴാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: