കടയ്ക്കല്‍: പരാതി പറയാനെത്തിയ ബിജെപി പ്രവര്‍ത്തകനെ ലോക്കപ്പിലടച്ച് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ബിജെപി മണ്ഡലം കമ്മിറ്റിയംഗം അനില്‍കുമാറിനെയാണ് കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ നസീമിന്റെ നേതൃത്വത്തില്‍ ലോക്കപ്പിനുള്ളില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ല.
ഒടുവില്‍ എസിപി സ്ഥലത്തെത്തിയതിനുശേഷമാണ് അനില്‍കുമാറിന് കുടിവെള്ളംപോലും ലഭിച്ചത്. പ്രദേശത്ത് നടന്ന സംഘര്‍ഷത്തിലാണ് അനിലിന് പരിക്കേറ്റതെന്ന് സ്റ്റേഷനില്‍ എസ്ഐയുടെ ചാര്‍ജ് വഹിക്കുന്ന കബിറും നസീമും എസിപിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
അതേസമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍എസ്എസ് ജില്ലാനേതാക്കള്‍ക്കു നേരെയും നസീമിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ തട്ടിക്കയറിയതായി പരാതിയുണ്ട്. കടയ്ക്കല്‍, ചിതറ മേഖലകളില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തനം ശക്തിയാര്‍ജ്ജിക്കുന്നതിന് വിറളിപൂണ്ട സിപിഎമ്മുകാര്‍ കഴിഞ്ഞദിവസം ഇവിടെ അക്രമം അഴിച്ചുവിട്ടിരുന്നു.
വാര്‍ഡ്മെമ്പറുടെ ഭര്‍ത്താവും സിപിഎം ചിതറ ലോക്കല്‍ കമ്മിറ്റി അംഗവുമായ കണ്ണംകോട് സന്തോഷ് ഭവനില്‍ സന്തോഷ് കൈലാസിന്റെയും മുന്‍ ഏരിയാസെക്രട്ടറി വിക്രമന്റെയും നേതൃത്വത്തിലാണ് കടയ്ക്കല്‍ അക്രമം നടന്നത്. കയ്യില്‍ രാഖിച്ചരട് ബന്ധിച്ചവരെയെല്ലാം നിരത്തിലിറങ്ങി പൊതിരെ തല്ലുകയായിരുന്നു അക്രമികള്‍. അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കലേഷ്, ബിജു എന്നിവര്‍ക്ക് പരിക്കേറ്റു.
ഇതുസംബന്ധിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയ അനില്‍കുമാറിനെയാണ് കടയ്ക്കല്‍ പോലീസ് മര്‍ദ്ദിച്ചത്. കടയ്ക്കലില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തുന്ന വ്യാപകമായ അക്രമസംഭവങ്ങളുടെ ഭാഗമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടുമാസത്തിനുള്ളില്‍ നാലാമത്തെ തവണയാണ് ഈ പ്രദേശത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത്.
കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ നസീം അടക്കമുള്ളവരുടെ പശ്ചാത്തലം അന്വേഷണവിധേയമാക്കണമെന്ന് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ജയപ്രകാശ് ആവശ്യപ്പെട്ടു. പോലീസിനുള്ളിലും മതതീവ്രവാദശക്തികള്‍ സ്വാധീനമുറപ്പിക്കുന്നു എന്നതിന്റെ ലക്ഷണമാണ് പരാതിക്കാരനെ ലോക്കപ്പില്‍ തല്ലിച്ചതച്ച സംഭവമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: