ശലഭങ്ങള്‍ ജ്വലിക്കുന്ന ദീപനാളത്തെ വികസിത പുഷ്പമായി തെറ്റിദ്ധരിച്ച് അതിലേക്ക് പാഞ്ഞുചെന്ന് നാശമടയുന്നു. അതുപോലെയാണു അജ്ഞാനികള്‍ വിഷയാസക്തിയുടെ അഗ്നിനാളത്തില്‍ ചെന്നുപെട്ട് നശിക്കുന്നത്. എന്നാല്‍ വിശുദ്ധമായ യോഗാഗ്നിയുണ്ട്. താപസന്മാര് തങ്ങളുടെ ജീവിതം അതില്‍ അര്‍പ്പിക്കുന്നു. അത് പ്രേമമാകുന്ന യാഗാഗ്നിയാണ്. സീമയറ്റ പ്രേമമാണു ഈശ്വരന്. ആത്മാര്‍പ്പണത്തിലൂടെ ഒരുവന് അഹങ്കാരത്തെ പരിത്യജിച്ച് ഈശ്വരനുമായി ഐക്യം പ്രാപിക്കുന്നു. ഇത് സംസാരിച്ച്കൊണ്ടിരിക്കേ ശക്തിനഗറിലെ മാതൃനിലയത്തില്നിന്നു അമ്മ വെളിയില്‍വന്നു ഭക്തന്മാരുമൊന്നിച്ച് തോട്ടത്തിലും ഉദ്യാനത്തിലും ചുറ്റി നടന്നു. സാധകന്മാര്ക്ക് അതൊരു അത്യാനന്ദകരമായ അനുഭൂതിയായിരുന്നു. അപ്പോഴും അമ്മ അവരോട് ആദ്ധ്യാത്മിക ജീവിതത്തിന്റെ പൊതുതത്വങ്ങളെപ്പറ്റിയും സ്വന്തം ജീവിതത്തിലെ ചില അവിസ്മരണീയ സംഭവങ്ങളെക്കുറിച്ചും വിവരിച്ചു. ഗുരുമാതാവ് തുടര്‍ന്നു:
എന്താണു അദ്ധ്യാത്മികശക്തി! ഈശ്വരവിശ്വാസത്തില്നിന്ന് ഈശ്വരാനുസന്ധാഹത്തില്നിന്ന് സാധനാനുഷ്ഠാനത്തില്നിന്ന് തപശ്ചര്യയില്നിന്ന് ഉല്കൃഷ്ടജീവിതത്തില്നിന്ന് സമാര്‍ജ്ജിക്കുന്ന ശക്തിയാണിത്.
കായികശക്തിയേക്കാള്, മാനസികശക്തിയെക്കാള് ബുദ്ധിയുടെ പ്രഗത്ഭതയേക്കാള് നിഗൂഡസിദ്ധികളേക്കാള് വളരെ ശ്രേഷ്ഠമാണ് ആദ്ധ്യാത്മികശക്തി. എന്തെന്നാല്‍ ആത്മാവ് മനുഷ്യന്റെ പരിണാമത്തെ നിയന്ത്രിക്കുന്ന സര്വ്വശക്തിയാണ്.
ഭക്തിപൂര്വവും ശിശുസഹജമായ സരളതയോട് കൂടിയതുമായ സമീപനം വഴിയോ ഗാഢമായ ധ്യാനംവഴിയോ ആദിശക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ആ ശക്തി നിങ്ങളില്‍ സ്വയം പ്രകാശിതമാകും. നിങ്ങളുടെ ശരണാഗതിയുടെയും മനഃശുദ്ധിയുടേയും ധ്യാനശക്തിയുടെയും പരിണാമത്തിനനുസരണമായി നിങ്ങളില്‍ പ്രകടമാവുന്ന ശക്തിയുടെ അളവും പ്രവൃദ്ധമായിക്കൊണ്ടിരിക്കും.
മനുഷ്യരില്‍ പ്രകടമാവുന്ന ഈശ്വരഭക്തിയുടെ പ്രഥമസൂചനയാണ്, ആന്തരികമായ പ്രബുദ്ധതയും നിര്‍ലീനമായ ആദ്ധ്യാത്മികചൈതന്യത്തിന്റെ സ്ഫുരണവും. ഈ ശക്തിയാണ് ആദ്ധ്യാത്മിക പ്രബുദ്ധതയുടെ മഹത്വത്തിലേക്കും ആത്മീയ സ്വാതന്ത്ര്യത്തിലേക്കും നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന അമ്മയുടെ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: