തിരുവനന്തപുരം: സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ശശിതരൂര്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. ശശിതരൂര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും സിപിഐയും രംഗത്തെത്തി.
തരൂരിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ യുവജന സംഘടനകളും തയ്യാറെടുക്കുകയാണ്. തരൂരിനെതിരായ ആക്ഷേപം കോണ്‍ഗ്രസ്സിനെതിരെ കേരളത്തില്‍ പ്രതിപക്ഷത്തിന് പുതിയ ആയുധമായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും കരുതലോടെയാണ് ഈ വിഷയത്തില്‍ പ്രതികരിച്ചതും.
തരൂര്‍ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും കോണ്‍ഗ്രസ് മാപ്പുപറയണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടപ്പോള്‍ പ്രകടനം നടത്തിയാണ് ഡിവൈഎഫ്ഐ തരൂരിന്റെ രാജിക്ക് സമ്മര്‍ദ്ദം ചെലുത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
സുനന്ദപുഷ്ക്കറിന്റെ മരണം ആത്മഹത്യയാണെന്ന വാദമുയര്‍ത്തിയാണ് തരൂര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതും എംപിയായതും. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിസഭ പോയതോടെ തരൂര്‍ അപ്രസക്തനായി. കേരളത്തിലും തരൂരിനോട് പാര്‍ട്ടി നേതൃത്വത്തിന് വലിയ താല്പര്യമില്ല. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ തരൂരിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണം കോണ്‍ഗ്രസ് ദേശീയ നേതൃത്വം നേരിടേണ്ടിവരും.
എയിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ തെളിവുകളുള്ളതിനാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാനുമാവില്ല. സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ 15 ഓളം പാടുകള്‍ തരൂരിലേക്കാണ് സംശയത്തിന്റെ നിഴല്‍ വീഴിക്കുന്നത്. ഇതുകാരണം രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്ന ദിവസങ്ങളാണ് തരൂരിനെ കാത്തിരിക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തരൂര്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് പൊതുവില്‍ കരുതിയത്. എന്നാല്‍ ആരോപണ വിധേയനായ തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കി ജനവികാരത്തെ വെല്ലുവിളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം വോട്ട് കോണ്‍ഗ്രസ്സില്‍ നിന്നും ചോര്‍ന്നു. ഇടതുപക്ഷത്തിന്റെയും ജാതിമതസംഘടനകളുടെയും വോട്ട് വിലയ്ക്കുവാങ്ങി കഷ്ടിച്ച് ജയിക്കുകയായിരുന്നു തരൂര്‍.
പ്രതിപ്പട്ടികയില്‍ ഔപചാരികമായി ചേര്ക്കപ്പെട്ടിട്ടില്ലെങ്കിലും കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ശശിതരൂരിന് രക്ഷപ്പെടാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ എത്രയുംവേഗം രാജിവയ്പ്പിക്കാനുള്ള സമ്മര്‍ദ്ദം കോണ്‍ഗ്രസ്സിനെ വിഷമവൃത്തത്തിലാക്കുമെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: