പത്തനംതിട്ട: വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ എത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംവിധാനങ്ങളില്ലാത്തത് ആശങ്ക ഉണര്‍ത്തുന്നു. അടുത്തകാലത്തായി ഗവിയില്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഗവിയിലെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നതുപോലെയാണ് പലരും വരുന്നത്.
കാട്ടിലെ യാത്രലെക്കുറിച്ച് വനപാലകര്‍ മുന്നറിയിപ്പുകളൊക്കെ നല്‍കാറുണ്ടെങ്കിലും സഞ്ചാരികളില്‍ ഭൂരിപക്ഷവും ഇവയൊക്കെ അവഗണിക്കുകയാണ് പതിവ്. ഇത് പലപ്പോഴും ജീവാപായംവരെ സസംഭാവിക്കാവുന്ന അപകടങ്ങളിലാണ് അവസാനിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഗുജറാത്തി ദമ്പതികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊലചെയ്യപ്പെട്ടതാണ് ഏറ്റവുമൊടുവിലത്തേത്. കാട്ടാനക്കൂട്ടത്തിന് സമീപം നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് ആനകളുടെ അക്രമത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത്.
‘ഓര്‍ഡിനറി’ എന്ന മലയാള സിനിമ പുറത്തിറങ്ങിയതോടെ പത്തനംതിട്ട ജില്ലയിലെ ഗവി എന്ന വനമേഖലയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് ശ്രമിച്ചെങ്കിലും എതിര്‍പ്പുമൂലം സാധ്യമായില്ല. ഗവിയിലെ പ്രത്യേക ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാത്ത വിധം വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. എന്നാല്‍ താങ്ങാന്കഴിയുന്നതിലും കൂടുതല്‍ വാഹനങ്ങളും ആളുകളുമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്.
അവധി ദിവസങ്ങളില്‍ ഉല്ലസിക്കാന്‍ ഇവിടേക്കെത്തുന്നവരില്‍ ഭൂരിപക്ഷത്തിനും വനത്തെകുറിച്ച് അടിസ്ഥാനപരമായ യാതൊരു കാര്യങ്ങളും അറിയില്ലെന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. വാഹനങ്ങള്‍ക്ക് നേരെ കാട്ടാനകളുടെ ആക്രമണം ഗവിയില്‍ പുതിയകാര്യമല്ല. വേനല്‍ക്കാലമായതോടെ കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങുന്നതും പതിവാണ്. പകല്ചൂടില് നിന്നും രക്ഷപെടാനും വെള്ളം തേടിയുള്ള യാത്രയ്ക്കുമിടയില്‍ വന്യമൃഗങ്ങള്‍ സന്ദര്‍ശകരുടെ മുന്നില്പെടുന്നതും സാധാരണമാണ്.
വനംവികസന കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ് ഗവിയിലെ ഇക്കോടൂറിസം. പായ്ക്കേജ് ടൂറിസത്തില്‍ ഗവിയിലേക്കെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികളും നിരവധിയാണ്. എന്നാല്‍ പായ്ക്കേജ് ടൂറിസത്തിന്റെ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഗവിയിലെ കുടിയേറ്റക്കാരായ ശ്രീലങ്കന്‍ ജനതയ്ക്ക് ഏലകൃഷി നഷ്ടമായതോടെ വരുമാനമാര്‍ഗ്ഗം എന്ന നിലയിലാണ് കെഎഫ്ഡിസി ടൂറിസം പായ്ക്കേജ് തുടങ്ങിയത്. പലരേയും ഗൈഡുകളായും ഡ്രൈവര്‍മാരായും നിയമിച്ചിട്ടുമുണ്ട്.
വനമേഖലയെകുറിച്ച് ഇവര്‍ക്ക് പരിചയമുണ്ടെങ്കിലും സഞ്ചാരികളെ കൊണ്ടുപോകാനുള്ള പ്രത്യേക പരിശീലനമോ ആയുധങ്ങളോ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ഗുജറാത്തി ദമ്പതികളെ ആന ആക്രമീക്കുമ്പോള് ഒപ്പമുണ്ടായിരുന്ന ഗൈഡിന് ഓടി രക്ഷപെടാന്മാത്രമേ കഴിഞ്ഞുള്ളൂ. ആനകള്‍ക്ക് പുറമേ കടുവ, പുലി, കാട്ടുപോത്ത്, തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപഥമാണ് ഗവി. ഈ മേഖലയില്‍ മൊബൈല്‍ഫോണ്‍ കവറേജ് ലഭ്യമല്ലാത്തതും സഞ്ചാരികളെ വലയ്ക്കുന്നു.
കെഎഫ്ഡിസി ഏതാനും ദിവസമായി ടൂര്‍ പാക്കേജുകള്‍ നിര്ത്തിവെച്ചിരിയ്ക്കുകയാണെങ്കിലും വള്ളക്കടവ് ചെക്ക്പോസ്റ്റിലൂടെ വനംവകുപ്പ് ഇപ്പോഴും സഞ്ചാരികളെ കടത്തിവിടുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ പത്തും അവധി ദിവസങ്ങളില്‍ മുപ്പതും വാഹനങ്ങള്‍ക്കാണ് പ്രവേശന അനുമതി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: