തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍ മെഡല്‍ കൊയ്യാന്‍ ഒരുങ്ങുന്നവരില്‍ ഏറെയും പരിശീലന രംഗത്ത് വിസ്മയകരമായ നേട്ടങ്ങള്‍ കൊയ്ത മലയാളി പ്രദീപ് കുമാറിന്റെ ശിഷ്യര്‍. തിരുവനന്തപുരം നന്ദിയോട് പുലിയൂര് തടത്തരികത്തുവീട്ടില്‍ പ്രദീപിന്റെ 24 ശിഷ്യരാണ് 35-ാമത് ദേശീയ ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്.
ഒരുകാലത്ത് തൊഴില്‍ തേടി അലഞ്ഞ യുവാവ് ഇന്ന് ഇന്ത്യന്‍ നീന്തല്‍ പരിശീലന രംഗത്തെ അഭിവാജ്യഘടകമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മുന്‍നിര താരങ്ങളേറെയും 10 വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ പ്രദീപിന്റെ ശിഷ്യര്‍ തന്നെ.
കേരളത്തിന്റെ സുവര്ണ്ണക്കുതിപ്പിനു തുടക്കമിട്ട, കഴിഞ്ഞ സീനിയര്‍ മീറ്റില്‍ എട്ട് മെഡലുകള്‍ നേടിയ സാജന് പ്രകാശും, നാല് വര്‍ഷമായി ദേശീയ ചാമ്പ്യനായ ആരോണ്‍ ഡിസൂസയും എട്ടുവര്‍ഷമായി ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ദേശീയതലത്തില്‍ സ്വര്‍ണ്ണം വാരുന്ന കേരള പ്രതിനിധി പൂജ ആല്‍വയും യൂത്ത് ഒളിമ്പിക്സില്‍ ആദ്യമായി ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയ കര്‍ണാടകയുടെ ദാമിനി ഗൗഡയുമെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നു.
കര്‍ണാടകയുടെ ലിഖിത് എസ്.പി.,മാളവിക, അരവിന്ദ് എം., കേരളത്തിന്റെ ആനന്ദ്, മധ്യപ്രദേശിന്റെ മന്ദാര് ദിവാസ്, ശ്രദ്ധ സുധീര്‍ മഹാരാഷ്ട്രയുടെ പൂര്‍വ്വ ഷെട്ടെ, തമിഴ്നാടിന്റെ കെ.ആര്. മീനാക്ഷി എന്നിവര്‍ ഈ ഗെയിംസില്‍ പ്രദീപ് കുമാറിന്റെ മെഡല്‍ പ്രതീക്ഷകളാണ്.
ബംഗളൂരുവിലെ ബസവന ഗുഡി അക്വാട്ടിക് സെന്ററില്‍ 27 വര്‍ഷമായി നീന്തല്‍ പരിശീലനം നല്കുന്ന പ്രദീപ് കുമാറിന്റെ ശിഷ്യസമ്പത്ത് കേട്ടറിഞ്ഞതിലും വിപുലം. അര്‍ജുന അവാര്‍ഡ് ജേതാക്കളായ അഭിജിത് ജെ., റെഹല്‍ പോഞ്ച്, നിഷ മിലറ്റ്, പ്രശാന്ത് കര്‍മ്മാര്‍ക്കര്‍ എന്നിവര്‍ കായിക ലോകത്തിനുള്ള പ്രദീപിന്റെ സംഭാവനകളായിരുന്നു.
റെഹന്‍ പോഞ്ചയും, നിഷമില്ലറ്റും ഗഹന്‍ എറ്റിയും ഒളിമ്പിക്സിന് യോഗ്യത നേടിയ താരങ്ങളാണ്. ഇതില്‍ പോഞ്ച കഴിഞ്ഞ മൂന്നു ദേശീയ ഗെയിംസിലെയും മികച്ച അത്ലറ്റായിരുന്നു. ദേശീയ ഗെയിംസില്‍ 15 സ്വര്‍ണ്ണ മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ചിട്ടുള്ള വനിതയാണ് നിഷ. രണ്ട് ഗെയിംസുകളില്‍ മികച്ച അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ട സജിനി ഷെട്ടിയും പ്രദീപ് കുമാറിന്റെ കീഴില്‍ പരിശീലിച്ച താരങ്ങളില്‍ ഇടംപിടിക്കുന്നു.
121 നാഷണല്‍ താരങ്ങളെയാണ് പ്രദീപ് കുമാര്‍ പരിശീലിപ്പിച്ചത്. രാജ്യത്തിനുവേണ്ടി 300 അന്താരാഷ്ട്ര മെഡലുകള്‍ 3500 ഓളം ദേശീയ മെഡലുകളും അദ്ദേഹത്തിന്റെ കുട്ടികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണത്തെ ഒളിമ്പിക് യോഗ്യത നേടിയ നാലുപേരില്‍ മൂന്നാളും പ്രദീപിന്റെ ശിഷ്യരായിരുന്നു, ആരോണ്‍ ഡിസൂസയും സാജന് പ്രകാശും ഗൗരവ് സംഗേദ്കറും.
വീടിനു മുന്നിലെ കാട്ടാല്‍ ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പഠിച്ച പ്രദീപ് ഫൈറ്റേഴ്സ് എന്ന പ്രാദേശിക സ്പോര്‍ട്സ് ക്ലബ്ബിലൂടെയാണ് താരമായത്. പാലാ സെന്റ് തോമസ് കോളേജില്‍ ഡിഗ്രിക്കുശേഷം 86 ല്‍ സ്വിമ്മിംഗ് ഡിപ്ലോമ കോഴ്സ് സ്വന്തമാക്കാന്‍ പട്യാലയില്‍ ചെന്നു. അതിനുശേഷം കാര്യവട്ടം സ്പോര്‍ട്സ് സെന്ററില്‍ നിന്ന് ബിരുദം നേടി.
പിന്നെ ജോലിക്കായി ഏറെ ശ്രമിച്ചു. ജീവിതം വഴിമുട്ടിയ സമയത്ത് ബംഗളൂരുവില്‍ കിട്ടിയ ഒരു ചെറിയ ജോലിയാണ് പ്രദീപ് കുമാറിന്റെ കരിയര്‍ മാറ്റിമറിച്ചത്. ബസവനഗുഡി അക്വാട്ടിക് സെന്റര്‍ എന്ന പരിശീലന കേന്ദ്രത്തിലൂടെ പ്രദീപ് കുമാര്‍ ഇന്ത്യന്‍ നീന്തല്‍ കോച്ചിംഗ് രംഗത്തെ അതികായനായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: