കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അധ്യാപകന് ഗവേഷണം നടത്താന്‍ വിദേശസഹായം തേടിയത് നിയമ ലംഘനത്തിലൂടെയെന്ന് സൂചന. ദളിത് ക്രൈസ്തവരുടെ പ്രാര്‍ത്ഥനാ ജീവിതത്തെപ്പറ്റി ഗവേഷണം നടത്തുന്ന ജോര്‍ജ്ജ് എന്ന സനല്‍ മോഹനാണ് നിയമ ലംഘനത്തിലൂടെ 50 ലക്ഷം(71,500 യുഎസ് ഡോളര്‍) രൂപ കൈപ്പറ്റാന്‍ ശ്രമിച്ചത്. വിദേശ പണം കൈപ്പറ്റണമെങ്കില്‍ കേന്ദ്ര മാനവവികസന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കണമെന്ന നിയമം പാലിക്കാതെയാണ് ഇയാള്‍ പണം കൈപ്പറ്റിയതെന്നാണ് വിവരം.
സര്‍വ്വകലാശാല പ്ലാനിംഗ് ഡവലപ്മെന്റ് വിഭാഗം വഴി വേണം പണം വരേണ്ടതും കൈമാറേണ്ടതും എന്നാല്‍ ഇതും പാലിക്കപ്പെട്ടിട്ടില്ല. ഡോ. രാജന് ഗുരുക്കള്‍ വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോഴാണ് ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പണം നല്‍കിയതെന്നാണ് അറിയുന്നത്. അടുത്തിടെ പ്ലാനിംഗ് ഡവലപ്മെന്റ് സൊസൈറ്റി ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് സനലിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാല തന്നെ പീഡീപ്പിക്കുന്നതായി കാട്ടി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഇയാള്‍ പരാതി നല്‍കുകയായിരുന്നു.
വിദേശ ഫണ്ട് കൈപ്പറ്റുന്നത് സംബന്ധിച്ച് പ്ലാനിംഗ് ഡവലപ്മെന്റ് വിഭാഗം ആവശ്യപ്പെട്ട യാതൊരു രേഖകളും സനല്‍ ഹാജരാക്കിയിട്ടില്ല. ഇതിനെത്തുടര്‍ന്ന് ബാക്കി തുക രേഖകള്‍ ഹാജരാക്കിയ ശേഷം നല്കിയാല് മതിയെന്ന് ഡവലപ്പ്മെന്റ് സെക്ഷന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര മാനവ വികസന വകുപ്പ് സെക്രട്ടറിക്ക് അയച്ചതായി പറയപ്പെടുന്ന കത്തിന്റെ കോപ്പി മാത്രമാണ് ഇയാള്‍ ഹാജരാക്കിയത്. എന്നാല്‍ ഇതോടൊപ്പം വയ്ക്കേണ്ട രജിസ്റ്റേഡ് രസീതോ അക്നോളഡ്ജ്മെന്റ് കാര്‍ഡോ ഹാജരാക്കിയിരുന്നില്ല. ഇതിലൂടെ സെക്രട്ടറിക്ക് കത്തയച്ചതായി പറയുന്നതും വ്യാജമാണെന്നാണ് വിലയിരുത്തുന്നത്. ഈ വിവരങ്ങളെല്ലാം മറച്ചുവച്ചാണ് ഗവര്‍ണര്‍ക്ക് പീഡന പരാതി അയച്ചത്.
അഞ്ച് ഗഡുക്കളായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ കൈപ്പറ്റിയിട്ടുള്ളത്. എന്നാല്‍ ചിലവിനെക്കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ ഹാജരാക്കിയിട്ടില്ല. ടെലഫോണ്‍ ബില്ലുപോലും ഹാജരാക്കാതെ സ്വയം ഒപ്പിട്ട വൗച്ചറാണ് നല്‍കിയത്്. ചിലവുകള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുകയോ ഓഡിറ്റിംഗ് നടത്തുകയോ ചെയ്തിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഡവലപ്മെന്റ് സെക്ഷന്‍ മാനവ വികസന മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ്.
ഇയാള്‍ ഇടക്കിടെ ഝാര്‍ഖണ്ഡും ബീഹാറും സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ സന്ദര്‍ശനോദ്ദേശ്യം എന്തെന്നോ, ആരെയാണോ കാണുന്നതെന്നോ വ്യക്തമല്ല. ന്യൂയോര്‍ക്കിലെ സ്ഥാപനമാണ് കേരളത്തിലെ ദളിത് ക്രൈസ്തവരുടെ പ്രത്യക്ഷരക്ഷാ ദൈവസഭയുടേയും പ്രാര്‍ത്ഥനകളേയും കുറിച്ചുള്ള പഠനത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിയമ ലംഘനം കണ്ടുപിടിക്കപ്പെട്ടതോടെ സംഭവം വര്‍ഗ്ഗീയവത്ക്കരിക്കാനുള്ള ഈ അധ്യാപകന്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: