ജയ്പൂര്‍: സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗക്കാര്‍ നടത്തുന്ന സമരം തുടരുന്നു. അതേസമയം, പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങിയിട്ടുമുണ്ട്. ഗുജ്ജര്‍ നേതാക്കളുമായി ഇന്നലെ രാവിലെ നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മൂന്നംഗ മന്ത്രിസഭാ ഉപസമിതി സമ്മതിച്ചതായാണ് സൂചന. ഇക്കാര്യങ്ങള്‍ എഴുതി നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയടക്കമുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ചര്‍ച്ച ഫലപ്രദമെന്ന് സംസ്ഥാന സാമൂഹ്യക്ഷേമ മന്ത്രി അരുണ്‍ ചതുര്‍വേദിയും പറഞ്ഞു. സര്‍ക്കാര്‍ സമീപനം വിശ്വാസയോഗ്യമെന്ന് ഗുജ്ജര്‍ ആരക്ഷണ്‍ സംഘര്‍ഷ് സമിതി വക്താവ് ഹിമ്മത് സിങ്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സമുദായ നേതാക്കളുമായി ആലോചിച്ച് സമരം പിന്‍വലിക്കുന്ന കാര്യം പ്രഖ്യാപിക്കുമെന്നും ഹിമ്മത് സിങ്.
അതേസമയം, സമരം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും രാജസ്ഥാന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: