സംഘപ്രവര്‍ത്തകരുടെ ഇടയില്‍ മോഹന്‍ജി എന്നറിയപ്പെട്ടിരുന്ന മോഹന്‍ കുക്കിലിയ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. 45-ലേറെ വര്‍ഷക്കാലം അദ്ദേഹം രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പ്രചാരകനായിരുന്നു; കേരളത്തിലെ സംഘത്തിന്റെ കാവല്ക്കാരനായിരുന്നു. വെറും കാവല്‍ക്കാരനല്ല, സംഘപ്രസ്ഥാനത്തെ ഭരിച്ചിരുന്നയാളെന്നു പറയാം. 1940-ന്റെ ആദ്യം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘത്തിന് 1975 ല്‍ ഒരു സംസ്ഥാന കാര്യാലയം കൊച്ചിയില്‍ പണിതീര്‍ത്തപ്പോള്‍, അതിന്റെ കാര്യാലയപ്രമുഖായത് അദ്ദേഹമാണ്.
എറണാകുളത്ത് എളമക്കരയില്‍ പ്രാന്തകാര്യാലയത്തിന് കുറെ സ്ഥലം വാങ്ങണമെന്ന് നിശ്ചയിച്ചപ്പോള്‍ അതിനുവേണ്ടി രൂപംകൊടുത്ത ട്രസ്റ്റിന്റെ സെക്രട്ടറിയും അദ്ദേഹമായിരുന്നു. തുടര്‍ന്ന് സംഘത്തിന്റെ പേരില്‍ സമാഹരിക്കേണ്ടിവന്ന പണത്തിന്റെയും സ്വത്തിന്റെയുമെല്ലാം സൂക്ഷിപ്പുകാരന് മോഹന്ജിയായിരുന്നു. തലശേരിയില്‍ കോര്പ്പറേഷന് ബാങ്കില്‍ ജോലിചെയ്തിരുന്നയാള്‍ 1969 ല്‍തന്നെ രാജിവെച്ച് പ്രചാരകനായത് അന്നത്തെ പ്രാന്തപ്രചാരകന് അദ്ദേഹത്തില്‍ അര്‍പ്പിച്ച പ്രതീക്ഷയുടെ ഫലമാണ്. സംഘവളര്‍ച്ചയുടെ മുന്നേറ്റത്തില്‍ വളരെയേറെ, അഖിലഭാരതീയ അധികാരികളെയും കേരളത്തിലുടനീളമുള്ള പ്രചാരകന്മാരെയും അടുത്തറിയാനും അവരുടെ ആവശ്യങ്ങള്‍ യഥായോഗ്യം നിര്‍വഹിക്കാനും സംഘത്തിന്റെ കാര്യാലയപ്രമുഖും വ്യവസ്ഥാപ്രമുഖും ആയിരിക്കെ അദ്ദേഹത്തിന് കഴിഞ്ഞു.
ഇക്കാലമത്രയും വളരെയേറെപ്പേര്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തകരായി ഉയര്‍ന്നുവരുകയും പലപല സംഭവവികാസങ്ങള്‍ രൂപംകൊള്ളുകയും ചെയ്തപ്പോഴെല്ലാം മോഹന്‍ജി വളരെ ലളിതമായി പ്രാന്തകാര്യാലയത്തില്‍ അദ്ദേഹത്തിനുവേണ്ടി നിയോഗിക്കപ്പെട്ട മുറിയിലിരുന്നുകൊണ്ട്, എല്ലാ കാര്യവും നിയന്ത്രിക്കുകയും എല്ലാവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാഷ്ട്രധര്മ്മപരിഷത്ത് എന്ന ട്രസ്റ്റിന്റെ സ്വത്തുക്കള്‍ കൂടുകയും സ്ഥാപനങ്ങളുണ്ടാവുകയും ചെയ്തപ്പോഴെല്ലാം, ആരെയും ഭാരമേല്പ്പിക്കാതെ എല്ലാം ചെയ്തുകൊണ്ടിരുന്നു. എത്രധനം എന്തിനുവേണ്ടി വിനിയോഗിക്കുമ്പോഴും നയാപൈസാ കണക്കുകള്‍ ഉടനടി എഴുതിസൂക്ഷിക്കാന്‍ മറന്നില്ല. കണക്കില്ലാതെ ഒരു പൈസപോലും പാഴായിപ്പോകാന്‍ അദ്ദേഹം അനുവദിച്ചില്ല.
കാര്യാലയത്തില്‍ ഭക്ഷണവ്യവസ്ഥ വന്നപ്പോള്‍ അതിന്റെയും മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. കാര്യാലയത്തില്‍ ഭക്ഷണസമയത്ത് ആരുവന്നാലും അവര്‍ക്ക് ഭക്ഷണം കൊടുക്കണമെന്ന് അദ്ദേഹത്തിന് ശാഠ്യമുണ്ടായിരുന്നു. അധികമാളുകള്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ വൈഷമ്യം കാണുമ്പോള്‍ പുതിയവര്‍ക്ക് ഇദ്ദേഹം ഒരു ലുബ്ധനാണെന്നു തോന്നാം. എന്നാല്‍ ഒരാള്‍പോലും ഭക്ഷണം കഴിക്കാതെ പോകരുതെന്നുള്ള നിര്‍ബന്ധമായിരുന്നു അത്. അതുകൊണ്ട് കാര്യാലയത്തില്‍ ഏറ്റവുമൊടുവില്‍ ഭക്ഷണം കഴിക്കുന്നതദ്ദേഹമായിരിക്കും. വന്നവരെല്ലാം ഭക്ഷണം കഴിച്ചുവെന്നുറപ്പിച്ചശേഷമേ അദ്ദേഹം ഭക്ഷണം കഴിക്കൂ.
പ്രചാരകന്മാര് സംഘത്തിന്റെ വളര്‍ച്ചയുടെ അവകാശികളാണല്ലോ. അതുകൊണ്ട് സംഘത്തിന്റേതായ എല്ലാ കാര്യത്തിലും അധികാരികളാണെന്ന ഒരു ഭാവവും ചിലര്‍ക്കുണ്ടാകാറുണ്ട്. എന്നാല്‍ പ്രാന്തകാര്യാലയത്തില്വന്ന് ഒരു കാര്യവും വ്യവസ്ഥക്ക് വിരുദ്ധമായി ചെയ്യാന്‍ പ്രചാരകന്മാര്ക്കധികാരമില്ലെന്ന് അവര്‍ മനസിലാക്കുന്നത് മോഹന്ജിയില്നിന്നാണ്. താന്‍ ചെയ്യേണ്ട കാര്യം താന്‍തന്നെ ചെയ്യും. പ്രായമാവുകയും ആരോഗ്യം നശിക്കുകയും ചെയ്തിട്ടും ഇക്കാര്യം മറന്നിരുന്നില്ല. അത് മറ്റാരും ചെയ്യുന്നത് ഇഷ്ടവുമായിരുന്നില്ല. എല്ലാം കൃത്യമായി നടന്നുവെന്നുറപ്പുവരുത്താനായിരുന്നു അത്. വിവിധ ദിക്കുകളില്‍നിന്നുവന്ന് കാര്യാലയത്തില്‍ താമസിക്കുന്നവര്‍ക്കുവേണ്ടി പല കത്തുകളും സന്ദേശങ്ങളും വരാറുണ്ടായിരുന്നു. അതെല്ലാം താന്‍തന്നെ, കിട്ടേണ്ടവര്‍ക്ക് എത്തിച്ചുകൊടുത്തുവെന്ന് ഉറപ്പുവരുത്താന്‍ മറക്കില്ല.
ഏറ്റവും ഒടുവില്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ തുടങ്ങുകയും അത് വലുതാവുകയും ചെയ്തപ്പോള്‍ അതിന്റെയും മാനേജര്‍ എന്ന നിലയില്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. സ്കൂളിലെ ഓരോ കുട്ടിക്കും മോഹന്‍ജിയെ അറിയാം. അവരുടെ കാര്യങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി. സ്കൂളിലേക്കുവരുന്ന കത്തുകളുമായി, പ്രായമായിട്ടും വിദ്യാലയംവരെ നട്ടുച്ചക്ക് നടന്നുപോകുന്നതു കാണാം. വിദ്യാലയത്തില്‍ ഓരോ കാര്യം ചെയ്യാനും
ഉദ്യോഗസ്ഥന്മാരുണ്ടെങ്കിലും, ഇത്തരം കാര്യങ്ങളെല്ലാം അദ്ദേഹംതന്നെ ചെയ്തുകൊണ്ടിരുന്നു. പ്രായമായി നടക്കാന്‍ വയ്യാതായപ്പോഴും കാര്യാലയത്തിന്റെ പ്രധാന വാതിലില്‍ ഒരു കസേരയിട്ട് അതിലിരിപ്പുറപ്പിക്കും. ഓരോരുത്തരും പോകുന്നതും വരുന്നതും മനസ്സിലാക്കാന്‍, വിദ്യാലയത്തിലേക്കു പോകുന്ന ഓരോ കുട്ടികളെയും നിരീക്ഷിക്കാനായിരുന്നു ആ ഇരിപ്പ്.
പല കാര്യത്തിനും പലരേയും ശകാരിക്കുന്നതു കണ്ടിട്ടുണ്ട്. എന്നാല്‍ ഒരാളോടുപോലും വിരോധം മനസ്സില്വച്ചുകൊണ്ടിരിക്കുകയില്ല. അദ്ദേഹത്തിന് സ്വന്തമായി ഒരു ആവശ്യവുമുണ്ടായിരുന്നില്ല. ഒരാളോടും വിരോധമുണ്ടായിരുന്നില്ല എന്നുപറയുമ്പോള്‍ എല്ലാവരേയും സ്നേഹിച്ചിരുന്നുവെന്നുവേണം പറയാന്‍. അങ്ങനെ ആരോടും പ്രതേ്യക സ്നേഹവുമുണ്ടായിരുന്നില്ല.
എസ്എസ്എല്‍സി പാസായി ബാങ്കില്‍ ജോലിനോക്കിയിരുന്ന മോഹന്‍ കുക്കിലിയ, ഏറ്റവും ശക്തമായ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ വളരെ ഉത്തരവാദിത്വമുള്ള ചുമതല വഹിച്ചപ്പോഴും, എല്ലാം ഒരു സമര്പ്പിതഭാവത്തോടെ ചെയ്തു. ഇങ്ങനെയൊരാളെവേണം നിഷ്കാമകര്‍മ്മി എന്ന് വിളിക്കാന്‍. എത്ര വലിയ ത്യാഗിയാണെങ്കിലും ചിലപ്പോഴെല്ലാം മനസ്സു വ്യതിചലിക്കാറുണ്ട്. ക്ഷോഭിക്കാറുണ്ട്. ഇതൊന്നും മോഹന്‍ജിയില്‍ കണ്ടിട്ടില്ല.
കേരളീയ ജീവിതത്തിലെ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള തുളുബ്രാഹ്മണസമുദായത്തില് ജനിച്ച മോഹന്‍ കുക്കിലിയയുടെ അച്ഛന് ഉഡുപ്പിയില്‍നിന്നും എറണാകുളത്തെത്തി കസ്റ്റംസില്‍ പെറ്റി ഓഫീസറായി ജോലിചെയ്ത് കുടുംബസ്ഥനായിരിക്കെ ഇവിടുത്തെ തുളു ബ്രാഹ്മണ സമൂഹത്തിന്റെ ഒട്ടനവധി സ്ഥാപനങ്ങളില്‍ തന്റെ ബന്ധുക്കള്‍ക്ക് പങ്കുണ്ടായിരുന്നെങ്കിലും മോഹന്‍ജി അവിടേക്കൊന്നും തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം വെറും പ്രചാരകന് മാത്രമായിരുന്നു. സംഘമായിരുന്നു ജീവിതം. അദ്ദേഹത്തെപ്പോലെ അധികമാളുകളെ ചൂണ്ടിക്കാണിക്കാന്‍ വിഷമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: