യാത്രകള്‍ അനുഭവങ്ങളാണ്. അറിഞ്ഞത് അറിയിക്കു, കണ്ടത് കാണിച്ചുകൊടുക്കുക എന്നത് മനുഷ്യസഹജമായ വികാരവും. അനുഭവിച്ചത് അനുഭവിപ്പിക്കുന്ന ആ വിദ്യക്കുള്ള മാധ്യമങ്ങള്‍ ഇന്ന് വളരെയാണ്. എഴുത്തുവഴങ്ങുന്നവര്ക്ക് മറ്റൊരു മാര്‍ഗവും അതുപോലെ പ്രിയതരമാവുകയില്ല. യാത്രകളുടെ യാത്ര എങ്ങോട്ടാണ്. ഭാരതത്തില്‍ അത് കൈലാസയാത്രയാണെന്ന് സംശയിക്കാതെ പറയാം. യാത്രയുടെ ആ കൈലാസം കയറിയവരില്‍ മുഴുവന്‍ പേര്‍ക്കും അതിന്റെ അനുഭവം അറിയിക്കണമെന്ന് തോന്നിയിട്ടുണ്ടുമാവും. അവരില്‍ അക്ഷരം വഴങ്ങുന്നവര്‍ എഴുതി പ്രചരിപ്പിച്ചിട്ടുമുണ്ട്. നൂറോളം കൈലാസ-ഹിമാലയയാത്രാ വിവരണങ്ങള്‍ മലയാളത്തില്ത്തന്നെയുണ്ടായിട്ടുണ്ട്.
കൈലാസം, ഹിമാലയം, എവറസ്റ്റ്-മൂന്നും ഉത്തുംഗമായ പര്വതത്തിനെക്കുറിക്കുന്നു. പേരിലെ ഈ ഭേദം അനുഭവിപ്പിക്കുന്നതും വെവ്വേറെ ഭാവമാണ്. എവറസ്റ്റ് അതിസാഹസികതയേയും ഹിമാലയം തീര്ത്ഥയാത്രയേയും കൈലാസം ഭക്തിയാത്രയുടെ പാരമ്യത്തേയും ഉള്ളില്‍ ഉയിര്‍പ്പിക്കുന്നു. നൂറോളം യാത്രാ വിവരണങ്ങളില്‍ ജി.എസ്.രാധാകൃഷ്ണന് നായരുടെ ‘ശിവശൈലദര്‍ശനം’ അതുകൊണ്ടുതന്നെ മറ്റുള്ളവയില്‍നിന്നു വേറിട്ടുനില്ക്കുന്നു.
ഹിമവാന്റെ മുകള്‍ത്തട്ടില്‍ എഴുതിയ രാജന് കാക്കനാടന് താന്‍ കണ്ട കാഴ്ചകളെ വാങ്മയ ചിത്രമായി വായനക്കാര്‍ക്കു വേണ്ടി വരയ്ക്കുകയായിരുന്നു. ഒരു സര് റിയലിസ്റ്റിക് ചിത്രംപോലെ അവ മനസ്സില്‍ തങ്ങി നില്ക്കുന്നു. മുപ്പതാണ്ടുമുമ്പ് വായിച്ചതെങ്കിലും. എം.കെ.രാമചന്ദ്രന്റെ ഉത്തര്‍ഖണ്ഡിലൂടെ കൈലാസം-മാനസസരോവര്‍ യാത്രയാണ് അനുഭവിപ്പിച്ച യാത്രാ പുസ്തകം. അതിന് 10 വര്‍ഷത്തിനുശേഷം ശിവശൈല ദര്‍ശനം. ഈ പുസ്തകം വായനക്കാരനെ കൈലാസത്തിലേക്ക് മോഹിപ്പിക്കുക മാത്രമല്ല, വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ചുവടും തെറ്റാതെ, ഒരു കാഴ്ചയും നഷ്ടമാകാതെ സഫലമായ യാത്രക്ക് ഇതൊരു കൈപ്പുസ്തകമാണ്. സാഹസികയാത്രികനും ഉദ്വേഗിക്കും ഭക്തനും ഒരേപോലെ ആശ്രയിക്കാവുന്നത്. ജി.എസ്.രാധാകൃഷ്ണന് ഈ യാത്രക്ക് അനുഭവിച്ചതും യാത്രയില്‍ അനുഭവിച്ചതും സമ്പുഷ്ടം സവിസ്തരം വിവരിച്ചിരിക്കുന്നു. എന്നാല്‍ തെല്ലും മുഷിപ്പിക്കാതെ. വായനാസുഖം ഒട്ടും നഷ്ടപ്പെടുത്താതെ, പാണ്ഡിത്യം മാത്രം പ്രകടിപ്പിക്കാതെ. ചരിത്രവും ഭൂമിശാസ്ത്രവും സാഹിത്യവും പുരാണവും പുണ്യവും ചേര്‍ത്തു ചമച്ച ഈ അക്ഷരക്കൂട്ട് കൈലാസയാത്രികന്‍ ഒരു കൂട്ടുതന്നെയാകും. വായനക്കാരന് യാത്ര അനുഭവിച്ച ആനന്ദവും നല്‍കും. ”മഹാപ്രസ്ഥാനത്തിന്റെ പാത ചവിട്ടാന്‍ ഇനി മണിക്കൂറുകളേ ഉള്ളൂ…. ഒന്നു വിശ്രമിച്ചപ്പോള്‍ മനോമുകുരത്തില്‍ തെളിഞ്ഞത് മഹാപ്രസ്ഥാനത്തിനായി രാജ്യവും അധികാരവുപേക്ഷിച്ച് യാത്രക്കു തയ്യാറായി നില്ക്കുന്ന പഞ്ചപാണ്ഡവരും ദ്രൗപദിയുമാണ്…..” പിന്നെ ആ മഹാപ്രസ്ഥാനത്തിന്റെ ചുരുക്കക്കഥ. അതെ, യാത്രയിലെ മനസ്സ് അതാണ് അന്തരീക്ഷം സൃഷ്ടിക്കുന്നത്, ഓരോരുത്തര്‍ക്കും ഒരേ യാത്ര വ്യത്യസ്തമാക്കുന്നത്, ഓരോ തവണയും ഒരേ യാത്ര ഒരാള്ക്കുതന്നെയും വേറിട്ടതാക്കുന്നത്.
ഔദ്യോഗികമായിരുന്ന യാത്ര. ഭാരതസര്‍ക്കാരിന്റെ, പരമ്പരാഗത വഴിയിലൂടെയുള്ള കൈലാസ-മാനസസരോവര്‍ യാത്ര. ആ സംഘത്തില്‍ അംഗമാകാന്‍ ഒട്ടേറെ കടമ്പകളുണ്ട്. അത് പറഞ്ഞുതരുന്നു ഈ പുസ്തകം. കടമ്പകടന്നാലോ, അതിനപ്പുറത്തെ ഓരോ അനുഭവവും വിശദമായി വിവരിക്കുന്നു. ആനുകാലികവും പൗരാണികവുമായി ഓരോ കാഴ്ചയും അവയുടെ പ്രത്യേകതയും വിശദീകരിക്കുന്നു.
”യമധര്‍മ രാജാവിന്റെ അധികാരപരിധിയില്‍ പെടുന്ന സ്ഥലമാണിത്. ഈ വഴികടന്നുപോകുന്നവരുടെ പാപപുണ്യങ്ങളുടെ കണക്കുനോക്കി കടത്തിവിടുന്നത് അദ്ദേഹമാണെന്ന വിശ്വാസം നിലനില്ക്കുന്നു….” ”വിജനമായ പരിക്രമണ പാതയില്‍ ഒറ്റക്കു നടക്കുമ്പോള്‍ അപകങ്ങളൊന്നുമില്ലെന്നു തോന്നുമെങ്കിലും ഇടിമിന്നലോടുകൂടിയ മഴ, മഞ്ഞുവീഴ്ച, പ്രാണവായുവിന്റെ കുറവ് ദുര്‍ഗമവും ദൈര്‍ഘ്യമേറിയതുമായ പാത എന്നിവ യാത്രികനെ ദുരിതത്തിലേക്കു നയിക്കാം….” നോക്കൂ, വിശ്വാസവും ശാസ്ത്രവും ചേരുന്ന ഈ കലയുടെ എഴുത്തു പ്രത്യേകത ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.
ശിവശൈല ദര്‍ശനം-
ജിഎസ്.രാധാകൃഷ്ണന് നായര്‍, സാധന.
ഡിസി ബുക്സ്: വില 230/-
പ്രതികരിക്കാൻ ഇവിടെ എഴുതുക: