മോണ്ട്രിയല്: ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിന് വിജയം. ബ്രസീലിയന്‍ സൂപ്പര്‍താരം മാര്‍ത്ത റെക്കോര്‍ഡ് സ്വന്തമാക്കിയ മത്സരത്തില്‍ 2-0ന് ദക്ഷിണ കൊറിയയെയാണ് അവര്‍ മറികടന്നത്. ഇന്നലെ കളിയുടെ 53-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് മാര്‍ത്ത ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന വനിതയെന്ന ബഹുമതി സ്വന്തമാക്കിയത്.
വിവിധ ലോകകപ്പുകളിലായി 15 മത്സരങ്ങള്‍ കളിച്ച മാര്‍ത്ത 15 ഗോളുകളാണ് നേടിയിട്ടുള്ളത്. 24 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയ ജര്‍മ്മന്‍ വനിത ബിര്‍ഗിറ്റ് പ്രിന്‍സിന്റെ റെക്കോര്‍ഡാണ് മാര്‍ത്ത ഇന്നലെ മറികടന്നത്. 19 കളികളില്‍ നിന്ന് 13 ഗോളുകള്‍ നേടിയ അമേരിക്കയുടെ ലോക ഫുട്ബോളര് അബി വാംബാക്കാണ് മൂന്നാമത്.
ഗ്രൂപ്പ് ഇയില്‍ ദക്ഷിണ കൊറിയക്കെതിരായ കളിയുടെ 33-ാം മിനിറ്റില്‍ മകെയ്ല് മോട്ടയാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. കളിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ വനിതകള്‍ കൊറിയക്കെതിരെ ആധികാരികമായ വിജയമാണ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ സ്പെയിനും കോസ്റ്ററിക്കയും 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് എഫില്‍ നടന്ന കളിയില്‍ ഫ്രാന്‍സ് 1-0ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ കൊളംബിയ-മെക്സിക്കോ പോരാട്ടം 1-1ന് സമനിലയില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: