പോലീസിന്റെ ക്രൂരമര്‍ദ്ദനം ശരീരത്തെ തകര്‍ത്തെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടം തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് ആലപ്പുഴ വ്യാസപുരം അരുണോദയത്തില്‍ സഹദേവന്. 19-ാമത്തെ വയസില്‍ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ജയില്‍വാസം അനുഭവിച്ച സഹദേവന് ഇന്നും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആര്‍എസ്എസ് ആലപ്പുഴ താലൂക്ക് സംഘചാലകായി പ്രവര്‍ത്തിക്കുന്നു.
1975 നവംബര്‍ 20ന് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നില്‍ സത്യഗ്രഹസമരം നടത്തുമ്പോഴാണ് സഹദേവന് ഉള്‍പ്പെടെ പതിനൊന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ‘അസത്യം, അന്യായം, മര്‍ദ്ദനം ഇവയുടെ മുന്നില്‍ തലകുനിക്കുന്നത് ഭീരുത്വമാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ സത്യഗ്രഹികള്‍ പിടിച്ചിരുന്നു. കൂടാതെ ഗാന്ധിജിയുടെ ചിത്രമുള്ള ഒരു ബാഡ്ജും കുത്തിയിരുന്നു.
മണി, പ്രേംകുമാര്‍, രാമന് നമ്പൂതിരി, മോഹന്‍ദാസ്, രാധാകൃഷ്ണന്, സരസന്, ചന്ദ്രശേഖരന്, അപ്പുക്കുട്ടന്, മധുസൂതനന്, ശിവദാസ് എന്നിവരാണ് തനിക്കൊപ്പം അറസ്റ്റിലായതെന്ന് സഹദേവന് ഓര്‍ക്കുന്നു. എസ്ഐ: ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു തുടക്കത്തില്‍ മര്‍ദ്ദനം. ‘ഇപ്പോള്‍ കാറും ബസുമൊക്കെ മര്യാദയ്ക്ക് ഓടുന്നുണ്ട്. നീയൊക്കെ സമരം ചെയ്ത് അതില്ലാതാക്കും’ എന്ന് ആക്രോശിച്ചായിരുന്നു ശ്രീനിവാസന് നെഞ്ചത്തും പുറത്തും മര്‍ദ്ദിച്ചത്. വേദന കൊണ്ട് ഇവര്‍ പിടഞ്ഞപ്പോള്‍ പോലീസുകാര്‍ ചുറ്റും കൂടി നിന്ന് പരിഹസിച്ച് ചിരിച്ചു. എസ്ഐ കുഴഞ്ഞപ്പോള്‍ പോലീസുകാരുടെ ഊഴമായി. നിലവിളിച്ചാല്‍ മര്‍ദ്ദനത്തിന്റെ തോത് കൂടും.
‘കുരുക്ഷേത്രം എന്ന പത്രത്തില്‍ കാണുന്ന സത്യദാസ് എവിടെ, ആരാടാ, ഈ സുകുമാര്പിള്ള’ എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച് ആശ്ലീലങ്ങള്‍ പറഞ്ഞായിരുന്നു തുടര്‍ മര്‍ദ്ദനങ്ങള്‍, മുടിക്ക് കുത്തിപ്പിടിച്ച് കരണത്തടിക്കുക, മുട്ടുകൈ കൊണ്ട് കുനിച്ചു നിര്‍ത്തി മുതുകില്‍ ഇടിക്കുക തുടങ്ങിയവയായിരുന്നു മര്‍ദ്ദനമുറകള്‍.
മര്‍ദ്ദനമേറ്റ് അവശരായി ഒരിറ്റു വെള്ളം ചോദിക്കുമ്പോള്‍ മൂത്രം ഒഴിച്ചു കുടിക്കാനായിരുന്നു ആജ്ഞ. ‘ചിക്കന്‍പോക്സ് വന്നിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ’ എന്ന തന്റെ അപേക്ഷ പോലും ചെവിക്കൊള്ളാതായിരുന്നു മര്‍ദ്ദനമെന്ന് സഹദേവന് ഓര്‍ക്കുന്നു. പിന്നീട് സ്റ്റേഷനിലെത്തിയ സിഐ: ബാബു സിറിയക്കിനെ പ്രീതിപ്പെടുത്താന്‍ പോലീസുകാര്‍ മത്സരിച്ച് മര്‍ദ്ദനമഴിച്ചുവിട്ടു. മൂത്രനാറ്റം അസഹ്യമായതോടെ പലരും ബോധരഹിതരാകുന്ന അവസ്ഥയിലായി.
പിറ്റേന്ന് പുലര്‍ച്ചെ മറ്റാരും കാണാതെ ഒരു പോലീസുകാരന് എല്ലാവര്ക്കും ചായ തന്നു. പോലീസുകാര്‍ക്കിടയിലും നന്മയുള്ളവര് ഉണ്ടെന്ന ആശ്വാസം പകരുന്നതായിരുന്നു ഈ സംഭവം. പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. ജയിലില്‍ എത്തിയ ശേഷമാണ് അല്പം ഭക്ഷണം ലഭിച്ചത്. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത രീതിയില്‍ അതിക്രൂരമായ മര്‍ദ്ദന മുറകളാണ് സത്യഗ്രഹികള്‍ക്ക് മേല്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: