കോട്ടയം: ആനിക്കാട് എന്‍എസ്എസ് ഹൈസ്കൂള്‍ അധ്യാപകനായിരുന്നു കെ.എസ്. ശ്രീധരന് നായര്‍. 1976 നവംബര്‍ മാസത്തിലെ ഒരു ദിവസം എട്ടാം ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമ്പാടി എസ്ഐ ഗോപാലകൃഷ്ണന് നായര്‍ വന്നുവിളിച്ചു. ചില കാര്യങ്ങളറിയാനുണ്ട് പാമ്പാടിവരെ പോകണമെന്ന് പറഞ്ഞു. സ്കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി. സരളയോട് അനുവാദം വാങ്ങി പോലീസ് വാനിലേക്ക്. അപ്പോള്‍ സര്‍വ്വോദയസംഘം പ്രവര്‍ത്തകര്‍ പി.കെ. രവീന്ദ്രനും, ജനസംഘം നേതാവ് കോത്തല കെ.പി. ശ്രീധരന്‍നായരും വാനിലുണ്ടായിരുന്നു.
തങ്ങളുമായി നേരെ കോട്ടയത്തെത്തിയ പോലീസ്സംഘം അവിടെനിന്ന് നാരായണഭട്ടിനേയും വണ്ടിയില്‍ കയറ്റി. കളക്ട്രേറ്റില്‍ ചെന്നപ്പോള്‍ എല്ലാവര്ക്കും മിസ വാറന്റ് കയ്യില്‍ കൊടുത്തു. അവിടുന്ന് നേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്. ഈ സമയത്തൊന്നും തങ്ങള്‍ ചെയ്ത കുറ്റമെന്ത് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
താന്‍ പ്രസിഡന്റായ ആനിക്കാട് റീജയണല്‍ ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ താക്കോല്‍ തന്റെ കയ്യിലാണെന്നും അതുകൊടുക്കാന്‍ സാവകാശം വേണമെന്നും പറഞ്ഞിട്ടും അനുവദിച്ചില്ല. കാര്യമറിയാതെ 20 മാസത്തോളം ജയില്‍വാസമനുഷ്ടിച്ചു. ജനസംഘം സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒ.ജി. തങ്കപ്പനും ഒപ്പമുണ്ടായിരുന്നു. ജയില്‍മോചിതനായതിനുശേഷം ജനതാപാര്‍ട്ടിയിലും പിന്നീട് ബിജെപിയിലും സജീവമായി കെഎസ്ആര്. ആനിക്കാട് ശ്രേയസില്‍ ഭാര്യ സതിദേവിയുമൊന്നിച്ചാണ് താമസം. മൂത്തമകന് അഡ്വ മനു (എബിവിപി മുന്‍ സംസ്ഥാന പ്രസിഡന്റ്) എറണാകുളത്തും മകള്‍ ധന്യ തിരുവനന്തപുരത്തുമാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: