അമ്മ മനസ്സില്‍ കുടിയിരിക്കുന്ന നന്മയുടെ പാരാവാരത്തിന് എത്ര ആഴമുണ്ടാവും. സ്നേഹനിര്‍ഭരവും കരുണാര്‍ദ്രവുമായ വികാരം ഒളിച്ചുവെച്ച കരളില്‍ എത്രയെത്ര പ്രതീക്ഷകള്‍ താരും തളിരുമിട്ട് കിടപ്പുണ്ടാവും? അറിയില്ല. അമ്മയുടെ മനസ്സിന്റെ ആഴം അളക്കാന്‍ ഈ ഭൂലോകത്തെ ഒറ്റ ഉപകരണത്തിനും സാധ്യമല്ല. അതുകൊണ്ടാണ് ആംഗലേയത്തിലെ ഈ വരി ഇപ്പോഴും തുടിച്ചുതുള്ളിനില്ക്കുന്നത്: A mother is the one, who can take the place of all others, but whose place noone else can take… അതെ, ഒരമ്മയ്ക്ക് ഏതു സ്ഥാനവും ഏറ്റെടുക്കാനുള്ള ശേഷിയും ശേമുഷിയുമുണ്ട്. എന്നാല്‍ അമ്മയുടെ സ്ഥാനം ഏറ്റെടുക്കുന്നത് പോയിട്ട് അവിടേക്കൊന്ന് എത്തിനോക്കാന്‍ പോലും ആര്‍ക്കുമാവില്ല. അതാണ് അമ്മ, ഉണ്മ.
ഊണിലും ഉറക്കിലും തന്റെ മക്കള്‍ക്കായി സര്‍വസ്വവും മാറ്റിവെക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ഒരവസ്ഥാവിശേഷം മനുഷ്യരൂപം പൂണ്ടതാണ് അമ്മ. പേടിക്കേണ്ട, അമ്മയെപ്പറ്റിയുള്ള ഉപന്യാസ രചനയൊന്നുമല്ല. കഴിഞ്ഞ ഞായറാഴ്ച മാതൃദിനമായിരുന്നല്ലോ. മിക്ക പത്രങ്ങളും ചടങ്ങാക്കി ശ്ലോകത്തില്‍ കഴിച്ചപ്പോള്‍ മലയാള മനോരമ (മെയ് 14) അതൊരു വസന്തോത്സവമാക്കി.
മനോരമയുടെ ഞായറാഴ്ചയും കാഴ്ചപ്പാട് പേജും അമ്മമാര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു. പ്രശസ്ത നടി രേഖയുടെ അമ്മയെ അവതരിപ്പിച്ചുകൊണ്ട് മാതൃരേഖ എന്ന പേരില്‍ എന്‍. ജയചന്ദ്രന്റെ ഫീച്ചര്‍. തനിക്കു നഷ്ടപ്പെട്ടതെല്ലാം തന്റെ മകളിലൂടെ സ്വന്തമാക്കിയ പഴയകാല നടി പുഷ്പവല്ലിയെക്കുറിച്ചുള്ള കുറിപ്പില്‍ ലോകത്തെ സകല അമ്മമാരുടെയും സ്നേഹനിര്‍ഭര വികാരം തുടിച്ചുനില്‍ക്കുകയാണ്.
ഒരമ്മ, ഭര്‍ത്താവിന്റെയോ മറ്റാരുടെയെങ്കിലുമോ സഹായമില്ലാതെ മകളെ എങ്ങനെ വളര്ത്തിവലുതാക്കിയെന്നതിന്റെ ചെറിയരൂപം ഫീച്ചറിലുണ്ട്. പ്രതാപിയും പ്രസിദ്ധനുമായ അച്ഛനെ കാണാനോ, ആ അച്ഛന്റെ മകളെന്ന് നാട്ടുകാരുടെ മുഖത്തുനോക്കി പറയാനോ കഴിയാത്ത ആ പെണ്‍കുട്ടി വളര്‍ന്ന് വളര്‍ന്ന് ബോളിവുഡില്‍ ജ്വലിച്ചുനില്‍ക്കുമ്പോള്‍ അറിയാതെയെങ്കിലും ജെമിനി ഗണേശന് ആലോചിച്ചുപോയിട്ടുണ്ടാവും ആ മകളുടെ അച്ഛനെന്ന് ലോകത്തോട് വെട്ടിത്തുറന്ന് പറഞ്ഞാലോ എന്ന്. എന്നാല്‍ അതിന് ദൈവം തന്നെ അതിസുന്ദരമായ ഒരവസരം ഒരുക്കിക്കൊടുത്തു. 1994ല്‍ ഫിലിംഫെയറിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ജെമിനിഗണേശന് നല്കാന് സംഘാടകര്‍ ക്ഷണിച്ചത് രേഖയെയാണ്.
വേദിയിലെത്തിയ രേഖ പിതാവിന്റെ കാല്‍തൊട്ട് വന്ദിച്ചു. എന്റെ പ്രിയപ്പെട്ട മകളുടെ കയ്യില്‍ നിന്ന് ഇത്തരമൊരു ബഹുമതി വാങ്ങുന്നതില്‍ അഭിമാനമുണ്ട് എന്നായിരുന്നു ജെമിനിഗണേശന് പ്രസംഗത്തില്‍ വ്യക്തമാക്കിയത്. പക്ഷേ, അതുകേള്‍ക്കാന്‍ രേഖയുടെ അമ്മ പുഷ്പവല്ലി ഈ ലോകത്തില്ലായിരുന്നു. ഏതമ്മയുടെയും ഹൃദയവികാരം ഒന്നുപോലെയാവുന്നതിനെക്കുറിച്ച് ഗവേഷഷണം നടക്കുന്നുണ്ടോ എന്നറിയില്ല. ഇനി നടന്നാലും ഇല്ലെങ്കിലും അമ്മ ചമയാന്‍ ആര്‍ക്കുമാവില്ല. അമ്മയ്ക്ക് അമ്മമാത്രമേ ആവാനാകൂ. അസ്വസ്ഥതകളും ആകുലതകളുമായി പാഞ്ഞുപോകുന്ന നിമിഷത്തില്‍ സാന്ത്വനത്തിന്റെ ഒരു നനുത്ത കൈത്തലമായി അമ്മയെത്തുമ്പോള്‍ മനസ്സും ശരീരവും കുളിര്ത്തുപോകുന്നതും അതുകൊണ്ടാണ്.
”ഉണ്ണീമറക്കായ്ക പക്ഷേ, യൊരമ്മതന്‍ നെഞ്ഞില്‍ നിന്നുണ്ട മധുരമൊരിക്കലും”എന്ന് കവി വെറുതെ പറഞ്ഞതല്ലെന്ന് ഓരോരുത്തരും സ്വയമൊന്ന് ചിന്തിച്ചാല്‍ മനസ്സിലാവും. കൈപിടിച്ച് നടത്തിയ നന്മയെന്ന് മോഹന്‍ലാല്‍. കിളികളോടും മീനുകളോടും മിണ്ടിമിണ്ടിയെന്ന് സത്യന് അന്തിക്കാട്. മൊട്ടുകമ്മല് എന്ന് സലിംകുമാര്‍. ടി. പത്മനാഭന് ഭസ്മക്കുറിച്ചന്തം. അമ്മ ‘മ’യും ‘മ’ കുഞ്ഞുമായി അനൂപ് രാമകൃഷ്ണന്. കാണാത്ത ഉമ്മ, പേരറിയാത്ത ഇളയുമ്മ എന്ന് യു.എ. ഖാദര്‍. പുഞ്ചിരിയുടെ മറുപേര് ആയി മഞ്ജു വാരിയര്‍. ജോണ്‍പോളിന് മഹാസാഗരം. നിറകണ്പാട്ടോര്മയില് എം. ജയചന്ദ്രന്. എം.ടി.യുടെ അമ്മമാര്‍ എന്ന് ശ്രീജിത് പെരുന്തച്ചന്.
ഇതിനെല്ലാത്തിനും തിലകക്കുറിയായി പത്രാധിപക്കുറിപ്പ്: അമ്മയ്ക്ക്….. വസന്തത്തിന്റെ വര്‍ണപ്പൊലിമയാര്‍ന്ന മുഖമാണ് ഇതിലൊക്കെ നിറഞ്ഞുനില്ക്കുന്നത്. ഊഷരമായ ഈ ഭൂമിയില്‍ സ്നേഹത്തിന്റെ വറ്റാത്ത ഉറവയായി അമ്മ എന്ന വികാരം നമ്മെ കെട്ടിപ്പിടിച്ച് കൊതി തീരെ പുണരുകയാണ്. അതില്‍ നാം ആമഗ്നരാവുകയാണ്. മനോരമയുടെ പത്രാധിപക്കുറിപ്പിലെ നാലു വരിയോടെ അവസാനിപ്പിക്കാം.
അമ്മ: ഒരു ഭാഷമുഴുവനുമൊരു വാക്കിലൊതുങ്ങുമെങ്കില്, ഒരായുസ്സ് മുഴുവനുമൊരു നിമിഷമായി ചുരുങ്ങുമെങ്കില്‍, ഒരു പ്രപഞ്ചം മുഴുവനുമൊരു ഹൃദയത്തില്‍ അടങ്ങുമെങ്കില്‍, ഒരു കാലം മുഴുവന്‍ ഒരു കണികയിലൊതുങ്ങുമെങ്കില് അതിനോടെല്ലാം ചേര്‍ത്തുവയ്ക്കാവുന്ന അമൂല്യതയുടെയും അതുല്യതയുടെയും പര്യായം. ഇതില്പരം അമ്മേ എന്തു വേണം എന്നു പറയാന്‍ തോന്നുന്നില്ലേ? സ്വയമെരിഞ്ഞ് മക്കള്‍ക്ക് വെളിച്ചമാകുന്ന ആ അമ്മമാരെ എവിടെയൊക്കെയോ നടതള്ളുന്ന മക്കള്‍ ഒരാവര്‍ത്തിയെങ്കിലും ഇതൊക്കെയൊന്ന് വായിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുന്നു.
************
അമ്മമാരുടെ നിലവിളി സമൂഹത്തിന്റെ ഉറക്കംകെടുത്തും; പൊള്ളിപ്പിടയും. അത് കണ്ണൂരിലെ അമ്മമാരുടേതെങ്കില് പിന്നെ പറയുകയും വേണ്ട. ആര് വെട്ടേറ്റ് വീണാലും അതൊരമ്മയുടെ മകനല്ലേയെന്ന് മലയാളത്തിന്റെ അമ്മ മനസ്സായ സുഗതകുമാരി നെഞ്ചുപൊട്ടിച്ചോതിച്ചത് വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അതേ വികാരം തന്നെ അന്ന് എന്‍.വി. കൃഷ്ണവാര്യരും കവിതയിലൂടെ പങ്കുവെച്ചു. അമ്മയും കവിതയും തോളോടുതോള്‍ ചേര്‍ന്ന് വിരുന്നുപോകുന്ന പ്രതിഭാസമാണ്. കണ്ണീരിന്റെ ഇടമായി മാറിയ കണ്ണൂരില്‍ അടുത്തിടെ മറ്റൊരു നവയൗവനം കൂടി വെട്ടേറ്റുവീണു.
ഒരു സമാധാന ചര്‍ച്ചയും അവിടെ സമാധാനം കൊണ്ടുവരില്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതരത്തിലാണ് അരുംകൊലകള്‍. രാമന്തളിയിലെ ചൂരക്കാട്ട് ബിജുവിന്റെ തലവെട്ടിയെടുത്ത കിരാത പ്രവൃത്തിയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കില്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പിട്ടു. അമ്മമാര്‍ക്കു മാത്രമേ ഈ അരുംകൊലകളെ ഇല്ലാതാക്കാന്‍ കഴിയൂ എന്നായിരുന്നു അത്. ഓരോ കൊലപാതകവും ഓരോ അമ്മമാരുടെ കരളാണ് കീറിമുറിക്കുന്നത്.
ആ മുറിവിലൂടെ ഒഴുകിപ്പരക്കുന്ന ചോരയ്ക്ക് ജീവിച്ചു കൊതിതീരാത്ത യൗവനങ്ങളുടെ ചൂരുണ്ട്. ഇനിയും ചോര വീഴ്ത്താന്‍ അനുവദിക്കരുത്. കൊന്നുതള്ളിയവര്‍ നാനാവിധ ന്യായീകരണങ്ങളുമായി രംഗത്തുണ്ട്. കേസിലെ പ്രതിയാണെന്നാണ് ഒരു ന്യായം. ഭരണകൂടവും പോലീസും ശ്രമിച്ചാല്‍ ആരെയാണ് ഇക്കാലത്ത് പ്രതിയാക്കാന്‍ കഴിയാത്തത്. അമ്മമാരുടെ നിലവിളികളാണ് ഒരു പാര്‍ട്ടിയെ ശക്തമാക്കുന്നതെന്ന് ധരിച്ചുവശായവരോട് അറിയാതെ ചോദിച്ചു പോവുകയാണ്: അമ്മമാരില്ലാതെയാണോ ഭവാന്മാരേ നിങ്ങളൊക്കെ ഭൂമിയില്‍ ഭൂജാതരായത്? സ്വന്തം മകന്റെ ഘാതകരെ പരിരക്ഷിക്കുന്ന വ്യവസ്ഥിതിക്കെതിരെ പൊരിവെയിലത്ത് നടുറോഡില്‍ പിടഞ്ഞ് പ്രതിഷേധിക്കുന്നത് കണ്ടു രസിച്ചവരോട് എന്തുപറയാന്‍, അല്ലേ? ഏതു ശാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയുണ്ട്. പക്ഷേ, മാതൃശാപത്തില്‍ നിന്ന് തല്‍പ്പര കക്ഷികളേ നിങ്ങള്‍ക്കൊരിക്കലും രക്ഷപ്പെടാനാവില്ല എന്നത്രേ ഇത്തവണത്തെ മാതൃദിനം ഉദ്ഘോഷിക്കുന്നത്. സര്‍വംസഹയായ ഓരോ അമ്മമാരുടെയും കാല്ക്കല് കാലികവട്ടത്തിന്റെ പ്രണാമം.
************
അമ്മമനസ്സിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. എങ്ങനെയിരിക്കും അതെന്ന് അറിയണോ? ഇതാ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി വാര്‍ത്തകളില്‍ നിറയുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നൊരു കനിവൂറുന്ന സംഭവം. അങ്കമാലിയില്‍ നിന്നും ചങ്ങനാശ്ശേരിക്കു പോകുന്ന ബസ്സില്‍ പാതിരാത്രിയില്‍ മൂവാറ്റുപുഴയില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി ദമ്പതികള്‍ കയറി. അപസ്മാരബാധയേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനിറങ്ങിയതാണ് അവര്‍. ടാക്സിക്കൂലി ഇല്ലാത്തതിനാല്‍ ബസ്സില്‍ കയറിയതാണ്.
കുറച്ചു യാത്രക്കാരേ അതിലുള്ളൂ. കുട്ടിക്ക് ഇതിനിടെ അസുഖം മൂര്‍ച്ഛിക്കുന്നു. ഡ്രൈവറും കണ്ടക്ടറും പ്രാഥമിക ചികിത്സകളൊക്കെ ചെയ്തുകൊടുത്തു; ഫലമില്ല. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഇനിയും കിടക്കുന്നു ഏറെ ദൂരം. പിന്നീട് ബസ് മോനിപ്പള്ളി ആശുപത്രിയിലേക്ക്. അത്യാഹിതവിഭാഗത്തില്‍ ഒരു മണിക്കൂര്‍ ചെലവഴിച്ചു. അവിടുന്ന് ദമ്പതികളെയും കൂട്ടി ബസ് പുറപ്പെട്ടു. ഏറ്റുമാനൂരിലെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. പോര, ഓട്ടോക്കൂലിയും നല്കി. തങ്ങളുടെ പേരുവിവരങ്ങളൊന്നും അവര്‍ പറയാതിരുന്നതിനാല്‍ തുടക്കത്തില്‍ ആ അമ്മമനസ്സുകള്‍ അജ്ഞാതരായി തുടര്‍ന്നു.
അപകടത്തിന്റെ സെല്‍ഫിയെടുത്ത് ആഘോഷമാക്കി മുഖപുസ്തകത്തില്‍ വീശുന്നവര്ക്കിടയിലെ വേറിട്ട വ്യക്തിത്വങ്ങള്‍ ഒടുവില്‍ വെളിപ്പെട്ടു. ആ നന്മയുടെ പേരുകളാണ് വിനോദും ബിനു അപ്പുക്കുട്ടനും. ചങ്ങനാശ്ശേരി ഡിപ്പോയിലെ ജീവനക്കാര്‍. തുച്ഛമായ ശമ്പളം, അതും നേരത്തിന് കിട്ടാത്ത അവസ്ഥ. ആനുകൂല്യങ്ങള്‍ പരിമിതം. പലതും വെട്ടിക്കുറച്ചിരിക്കുന്നു. ബുദ്ധിമുട്ടും കഷ്ടപ്പാടും നിറഞ്ഞ സര്‍വീസ് ജീവിതം. ഇത്രയും പ്രശ്നങ്ങളൊന്നും നന്മചെയ്യാന് തുനിഞ്ഞിറങ്ങുമ്പോള്‍ അവരെ പിന്തിരിപ്പിച്ചില്ല. അതിനാല്‍ തന്നെ കെഎസ്ആര്‍ടിസിക്ക് അഭിമാനതാരങ്ങളായി ഇരുവരും. ആ നന്മയുടെ വെളിച്ചത്തില്‍ വകുപ്പ് മന്ത്രി ഇരുവര്‍ക്കും ചെറിയൊരു സമ്മാനവും നല്കി. തന്റെ ശമ്പളത്തില്‍ നിന്ന് ഇരുവര്‍ക്കും കാല്‍ലക്ഷം രൂപ.
മാതൃദിനത്തിന്റെ പുലര്‍ച്ചെയാണിതു നടന്നതെന്നറിയുമ്പോള്‍ ഇരട്ട സല്യൂട്ട് കൊടുക്കണ്ടേ ഇരുവര്‍ക്കും? മാതൃദിനം ആഘോഷമാക്കിയ മനോരമ തന്നെയാണ് ഈ വാര്‍ത്തയും രണ്ടു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ചത്. തലക്കെട്ടുകള്‍ ഇങ്ങനെ: ഒരു പിഞ്ചുകുഞ്ഞിനോട് കെഎസ്ആര്‍ടിസി ചെയ്തത് (മെയ് 16), ആ നന്മയെ വിളിക്കാം വിനോദ്, ബിനു (മെയ് 17). കെഎസ്ആര്‍ടിസി മൂവാറ്റുപുഴ ഡിപ്പോയിലെ ദിലീപ്കുമാറിന്റെ ആത്മാര്‍ത്ഥതയ്ക്ക് സ്ഥലം മാറ്റം ശിക്ഷയായി നല്കിയ കെഎസ്ആര്‍ടിസി വിനോദ്, ബിനുമാരിലൂടെ പ്രായശ്ചിത്തം ചെയ്തതാവാം!
മാതൃദിന കാഴ്ച
മനുഷ്യന് മാത്രമല്ല മാതൃസ്നേഹമെന്നതിന്റെ നേര്‍ക്കാഴ്ചയായി ഇതാ ഒരു ചിത്രം. മെട്രോമനോരമ (കോഴിക്കോട്) മെയ് 15ന് പ്രസിദ്ധീകരിച്ചതാണിത്. നീലക്കോഴി കുട്ടിക്കു ഭക്ഷണം നല്‍കുന്നത് എത്ര ഹൃദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: