കോഴിക്കോട്: മുക്കം മുത്തേരി മഹാദേവക്ഷേത്രത്തിനടുത്ത് ഓടിട്ട ഒറ്റനില വീട്ടിലെ ചെറിയ മുറിയില്‍ ചാരുകസേരയിലിരിക്കുന്ന എണ്പത്തിരണ്ടുകാരന് നാലുപതിറ്റാണ്ടിന്റെ പിന്നിലെ കറുത്ത ദിനങ്ങളെ ഓര്‍ത്തെടുക്കുകയാണ്. കോണ്‍ഗ്രസ് ഫാസിസത്തിന്റെ ഇരുമ്പു മറകള്ക്കെതിരെ തീക്കാറ്റു സൃഷ്ടിച്ച സമരനിരയെ ഒരുക്കിയ പടനായകന്. വാര്‍ദ്ധക്യത്തിന്റെ അസ്കിതകളെ മറികടക്കുന്ന ആത്മവീര്യം ചാലിച്ച വാക്കുകള്‍. ഇടക്ക് കനത്തും പിന്നീട് നേര്‍ത്തും പെയ്യുന്ന കാലവര്‍ഷത്തിലേക്ക് കണ്ണുപായിച്ച് വാസുദേവന്‍ പറഞ്ഞുവെക്കുന്നത് ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പിന്നിലെ സമര ചരിത്രമാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്ത് ആര്‍എസ്എസിന്റെ കോഴിക്കോട് ജില്ലാ പ്രചാരകായിരുന്നു പി. വാസുദേവന്‍. വാസുദേവന്റെ ചെറുപ്പം കമ്യൂണിസത്തിലായിരുന്നു. പേരാമ്പ്രയിലെ കമ്യൂണിസ്റ്റ് നേതൃത്വം ആര്‍എസ്എസിനെക്കുറിച്ച് പഠിക്കാനാണ് തങ്ങളുടെ യുവജന നേതാവിനെ ആര്‍എസ്എസിലേക്ക് പറഞ്ഞയക്കുന്നത്. കോഴിക്കോട് ബൈരാഗി മഠത്തില്‍ സിപിഎമ്മിനു വേണ്ടി ശാഖയില്‍ ചേര്‍ന്ന വാസുദേവന്‍ പിന്നീട് ആര്‍എസ്എസ് ആയ കഥ മറ്റൊരു ചരിത്രമാണ്.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ വാസുദേവന്‍ ആര്‍എസ്എസിന്റെ പ്രാന്തീയ ബൈഠക്കില്‍ പങ്കെടുക്കാന്‍ എറണാകുളം പ്രാന്ത കാര്യാലയമായ മാധവ നിവാസിലായിരുന്നു. ആര്‍എസ്എസ് സര്‍കാര്യവാഹായിരുന്ന യാദവറാവുജി അടിയന്തരാവസ്ഥയില്‍ എന്തു ചെയ്യണമെന്നആദ്യ നിര്‍ദ്ദേശം നല്കി. ”പോലീസിന് പിടികൊടുക്കരുത്. മറ്റൊരു നിര്‍ദ്ദേശം വരുന്നത് വരെ അതത് ചുമതലാ കേന്ദ്രങ്ങളില്‍ തന്നെ ഉണ്ടാകണം.”
കോഴിക്കോട് എരഞ്ഞിപ്പാലത്തെ കാര്യാലയത്തിനടുത്ത് എത്തിയപ്പോള്‍ കാര്യാലയം പോലീസ് റെയ്ഡ് ചെയ്ത് അവിടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. അടുത്ത വീട്ടിലെ സ്ത്രീ നല്കിയ മുന്നറിയിപ്പാണ് പോലീസിന്റെ കൈയിലകപ്പെടാതെ രക്ഷിച്ചത്.
പിന്നീട് കടപ്പുറത്തെ അനന്തഗൗഡയ്യരുടെ ലോഡ്ജായിരുന്നു പ്രവര്‍ത്തന കേന്ദ്രം. ഒളിവില്‍ കുരുക്ഷേത്ര എന്ന സമാന്തര പ്രസിദ്ധീകരണത്തിന്റെ വിതരണ ചുമതല, സത്യഗ്രഹസമരത്തിന് ആളുകളെ തയാറാക്കുക എന്നിവയായിരുന്നു പ്രധാന പ്രവര്‍ത്തനം.കോഴിക്കോട്ട് 1975 നവംബര്‍ 14 നായിരുന്നു ആദ്യ സത്യഗ്രഹസംഘങ്ങള് അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചത്. ലോകസംഘര്‍ഷ സമിതിയുടെ പേരിലാണ് സത്യഗ്രഹമെങ്കിലും ആര്‍എസ്എസ് ജനസംഘം എബിവിപി, ബിഎംഎസ് പ്രവര്‍ത്തകരായിരുന്നു ഭൂരിഭാഗവും അക്കാലത്ത് അറസ്റ്റ് വരിച്ചത്. വടകരയില്‍ പുറമേരിയിലെ അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ 4 പേര്, കുന്ദമംഗലത്ത് സി.കെ. ഗീതാകൃഷ്ണന്റെ നേതൃത്വത്തില്‍ 10 പേര്, കൊയിലാണ്ടിയില്‍ എ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ 12 പേര്, ഫറോക്കില്‍ ഒളവണ്ണയിലെ എം.എം പ്രേമന്റെ നേതൃത്വത്തില്‍ 11 പേര്, കോഴിക്കോട് പാളയത്ത് മാനാരി കെ. സദാനന്ദന്റെ നേതൃത്വത്തില്‍ 11 പേര്, നടുവട്ടത്തെ എ. പ്രഭാകരന്റെ നേതൃത്വത്തില്‍ 12 പേര്, എന്നിവരാണ് ആദ്യ ദിവസം അറസ്റ്റ് വരിച്ചത്.
തുടര്‍ന്ന് കൊയിലാണ്ടി, എകരൂല്‍, മാവൂര്‍, കോഴിക്കോട്, മുക്കം, പേരാമ്പ്ര, താമരശ്ശേരി, പയ്യോളി, കക്കോടി, കുന്ദമംഗലം, വടകര, രാമനാട്ടുകര, കല്ലായി, മെഡിക്കല്‍ കോളജ്, പൂക്കാട്, മേപ്പയ്യൂര്‍, കല്ലാച്ചി എന്നിവിടങ്ങളിലായിരുന്നു സമര കേന്ദ്രങ്ങളായി തീരുമാനിച്ചിരുന്നത്. 1976 ജനുവരി 14 വരെ സത്യഗ്രഹസമരം തുടര്‍ന്നു. ഇത്രയും നീണ്ടു നിന്ന അറസ്റ്റ് വരിക്കല്‍ കേരളചരിത്രത്തില്‍ ആദ്യമായിരുന്നു.
പ്രതിജ്ഞ എടുത്തതിനു ശേഷമാണ് ഗാന്ധിജിയുടെ ബാഡ്ജ് ധരിച്ച് സമരത്തിനായി പുറപ്പെടുക. മരണം നേരിട്ടാലും എല്ലാ പ്രതിസന്ധികളെയും മറികടന്ന് സമര രംഗത്തുറച്ചു നില്‍ക്കാനുള്ള പ്രേരണയാണ് പ്രതിജ്ഞ നല്‍കിയത്. കൊടിയ മര്‍ദ്ദനമായിരുന്നു സത്യഗ്രഹികള്‍ക്ക് നേരിടേണ്ടിവന്നത്. സമരസ്ഥലത്ത് നേരിട്ടെത്തി സത്യഗ്രഹം നിരീക്ഷിക്കുകയും അവിടത്തെ റിപ്പോര്‍ട്ട് തയ്യാറാക്കുക, കൈമാറുക, ജനങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കുക എന്നിവയെല്ലാം തന്റെ ചുമതലയിലായിരുന്നു. പോലീസിന്റെ കൈയിലകപ്പെട്ടുപോകാതിരിക്കാന് ഏറെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്. വാസുദേവന്‍ പറയുന്നു.
ഭയത്തേക്കാള്‍ ആവേശം മുന്നിട്ടു നിന്ന കാലമായിരുന്നു അത്. പോലീസിന്റെ കൈയി ല്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഏല്‍ക്കേണ്ടി വന്ന കൊടിയ മര്‍ദ്ദനം കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ പിടികൊടുക്കരുതെന്ന നിര്‍ദ്ദേശമാണ് മനസ്സില്‍ ഓടിയെത്തുക. ടി. സുകുമാരന്റെ മക്കള്‍, ചേറ്റൂര്‍ മാധവന്, പ്രേമന്, നായര്‍കുഴി ജനാര്ദ്ദനന് എന്നിവര്‍ക്കെ ല്ലാം കൊടിയ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്. വാസുദേവന്‍ ഓര്‍മ്മയില്‍ നിന്ന് ആ കാളരാത്രികളുടെ മറ നീക്കുന്നു.
മെഡിക്കല്‍ കോളജിലെ പോലീസ് സ്റ്റേഷനിലെ തോമസ്, മുക്കത്തെ നാരായണന്, ഫറോക്കിലെ ഷറഫുദ്ദീന് എന്നീ എസ് ഐ മാര്‍ മര്‍ദ്ദക വീരരെന്ന നിലയില്‍ കുപ്രസിദ്ധരായിരുന്നു. കുടിവെള്ളം പോലും നല്‍കാതെ മൂത്രം കുടിപ്പിക്കാന്‍ ശ്രമം നടന്നു. പോലീസിന്റെ അടികൊണ്ടാല്‍ ഓടുമെന്നു കരുതിയെങ്കിലും സമരഭടന്മാര് ഉറച്ചു നിന്നത് മുഷ്കരന്മാരായ പോലീസുകാരെ ചൊടിപ്പിച്ചിരുന്നു. പകരം വീണ്ടും മര്‍ദ്ദനം. ചോര പുരണ്ട പഴയ കാലത്തെ തീപ്പാറിയ സമര മുഖങ്ങളില്‍ ജ്വലിച്ചു നിന്ന രക്തനക്ഷത്രങ്ങളെ നേരില്‍ കണ്ട വാസുദേവന്റെ മുഖത്ത് ഇപ്പോഴും സമരാവേശം നിറയുന്നു.
വേണമെങ്കില്‍ ഇനിയൊരങ്കത്തിനും ബാല്യമുണ്ടെന്ന ആത്മവിശ്വാസമാണവിടെ പൂത്തുലയുന്നത്. അതിരില്ലാത്ത അധികാര ഗര്‍വ്വിനെ ജനകീയ ശക്തികൊണ്ട് തല്ലിക്കൊഴിച്ച സമര പേരാട്ടങ്ങളുടെ അറിയപ്പെടാത്ത, ആദരി ക്കപ്പെടാത്ത ഏടുകളില്‍ തീക്കനല്‍പോലെ ജ്വലിച്ചു നിന്ന ആയിരങ്ങളില്‍ ഒരാള്‍. വാര്‍ധക്യം ബാധിക്കാത്ത ഹൃദയത്തില്‍ നിന്നുതിരുന്ന സ്നേഹമസൃണമായ ചെറുചിരിയോടെ യാത്രയാക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ചിന്തയായിരുന്നു മനസ്സില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: