വൈക്കം: കേരള ലളിതകലാ അക്കാദമി വൈക്കത്ത് സ്ഥാപിക്കുന്ന സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന ശില്പകലാ ക്യാമ്പിലേക്ക് സന്ദര്‍ശകപ്രവാഹം. സര്ഗസൃഷ്ടികള് ഒരുക്കുന്നത് കാണാനും ആസ്വദിക്കാനുമായി നിരവധി ആളുകള്‍ ക്യാമ്പില്‍ സന്ദര്‍ശകരായി എത്തുന്നതിന്റെ ആവേശത്തിലാണ് കലാകാരന്മാര്. വൈക്കം സത്യഗ്രഹ സമരചരിത്രത്തെ സമകാലീന ശില്പകലാ ശൈലിയിലാണ് കലാകാരന്മാര് പുനരാവിഷ്ക്കരിക്കുന്നത്. വേമ്പനാട്ട് കായലിന്റെ തീരത്ത് കെടിഡിസി ഹോട്ടലിന് പിന്നിലെ നഗരസഭ ബീച്ച് റോഡിന് അരികിലാണ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ശില്പങ്ങള് നിര്‍മിക്കുന്നത്. ദളവാക്കുളത്തില്‍ മൂടപ്പെട്ട രക്തസാക്ഷികളുടെ ചരിത്രം മുതല്‍ നവോത്ഥാന മുന്നേറ്റങ്ങളുടെ പ്രതിസന്ധിവരെ ശില്പങ്ങള്ക്ക് വിഷയമാണ്. നിരോധിത വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനായുള്ള മുന്നേറ്റവും സവര്‍ണാധിപത്യത്തിന്റെ മേല്‍ വരിച്ച വിജയവും അടിമത്വ ചങ്ങലകള്‍ തകര്‍ത്ത ഗാന്ധിയന്‍ ചിന്തകളുമെല്ലാം ശില്പരൂപത്തില് പുനര്‍ജനിക്കുകയാണിവിടെ. ഒരു സമരചരിത്രം സമകാലീന ശില്പകലയിലേക്ക് സന്നിവേശിപ്പിച്ച ഇന്‍ഡ്യയിലെ ആദ്യത്തെ സംരംഭം എന്ന സവിശേഷതയും സത്യഗ്രഹ സ്മൃതി ശില്പ ഉദ്യാനത്തിനുണ്ടെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ ഷിബു പറഞ്ഞു. ക്യാമ്പ് 24ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: