കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടിയെങ്കിലും ഇവിടെ പഠിച്ചിരുന്ന രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സംവിധാനം ഒരുക്കിയില്ലെന്ന് ആക്ഷേപം. ഓഫ് കാമ്പസ് സെന്റര്‍ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലാണ് ആക്ഷേപം ഉന്നയിച്ചത്. 2015 ജൂണ്‍ മൂന്നിന് പുറത്തിറക്കിയ എം.ജി സര്‍വകലാശാല ഉത്തരവില്‍ പൂട്ടിയ ഓഫ് കാമ്പസ് സെന്റിലെ രണ്ടും മൂന്നും വര്ഷവിദ്യാര്ഥികള്ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെഭാഗമായി ജൂണ്‍ 22ന് ഫീസ് സ്വീകരിക്കുമെന്നും ജൂണ്‍30നുമുമ്പ് പഠനോപകരണങ്ങള്‍ പോസ്റ്റല്‍ വഴി അയച്ചുകൊടുക്കുമെന്നും ജൂലൈ ആദ്യയാഴ്ച അഡ്മിഷന് ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയായി ഈ കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.
തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിലെ പലസര്വകലാശാലയുടെ ഒമ്പതോളം വിദൂരപഠനകേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.എം.ജിയില്‍ ഓഫ് കാമ്പസ് സെന്ററുകള്‍ ആരംഭിച്ചത് മുതല്‍ സ്വാശ്രയ കോളജ് മാനേജ്മെന്റുകളും ഇതരസംസ്ഥാനലോബികളും അധ്യാപകസംഘടനകളെ കൂട്ടുപിടിച്ച് സെന്ററുകള്‍ അടപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന സെന്ററുകളിലെ വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യുക, പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക, ഉദ്യോഗസ്ഥരെ വെച്ച് പരീക്ഷനടത്തി റിസല്‍ട്ട് പ്രഖ്യാപിക്കുക എന്നിവയെല്ലാം സര്‍വകലാശാല നേരിട്ടാണ് നടത്തുന്നത്. രണ്ടുവര്‍ഷത്തിനുശേഷം എങ്ങനെ സെന്ററുകള്‍ നിയമവിരുദ്ധമായെന്ന് അധികൃതര്‍ വ്യക്തമാക്കണം.
അടച്ചുപൂട്ടിയ ഓഫ് കാമ്പസ് സെന്ററുകള്‍ക്ക് പകരമായി എം.ജി സര്‍വകലാശാല ഏര്‍പെടുത്തിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് യു.ജി.സിയുടെ അംഗീകാരമില്ലെന്നുംഅസോസിയേഷന് പ്രസിഡന്റ് ഡോ. ജ്യോതികുമാര്‍, സെക്രട്ടറി പ്രഫ. ജോര്‍ജ് ജോസഫ്, ഇ.എം.അബ്ദുല്ലകുട്ടി, അഡ്വ. ബാബു, ഡോ.ആര്.വി.ജോസ് എന്നിവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: