മുണ്ടക്കയം: ഒരു കിലോയിലധികം കഞ്ചാവുമായി കൊച്ചി സ്വദേശി ഇരുപത്തിമൂന്നുകാരന് മുണ്ടക്കയത്ത് പിടിയില്‍. എറണാകുളം പള്ളുരുത്തി, പെരുമ്പടപ്പ്, വേലുള്ളി വീട്ടില്‍ നിവിന്‍ ആല്‍ബര്‍ട്ടിനെയാണ് മുണ്ടക്കയം എക്സൈസ് ഇന്‍പെക്ടര്‍ ടി.ആര് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനിയാണ് നിവിന്‍. 1.200 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവുമായി നിവിന്‍ തിങ്കളാഴ്ച്ച വൈകിട്ട് മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷം എറണാകുളത്തേക്കുള്ള ബസ് കാത്ത് നില്‍ക്കുന്നതിനിടയിലാണ് പിടിയിലാവുന്നത്.
തമിഴ്നാടിന്റെ വിവിധ മേഖലയില്‍ നിന്നും ശേഖരിക്കുന്ന കഞ്ചാവ് കുമളി സ്വദേശിയാണ് നിവിന്‍ എത്തിച്ച് കൊടുക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന കഞ്ചാവ് എറണാകുളത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഡാന്‍സ് പാര്‍ലറിലെ യുവാക്കളടക്കമുളള ഫ്രീക്കന്‍സ് സംഘത്തിനാണ് എത്തിച്ച് കൊടുക്കുന്നതെന്ന് എക്സൈസ് അറിയിച്ചു. സംഘത്തിലെ പ്രധാനികളെ പിടികൂടുവാന്‍ അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് സംഘം പറഞ്ഞു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍ വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എന്‍ സുരേഷ്, റെജി കൃഷ്ണന്, ടി.എ സമീര്‍, ഹരികൃഷ്ണന്, ദീപു ബാലകൃഷ്ണന്, സന്തോഷ്, സി.എസ്.നസീബ്, കെ.എ.നവാസ്, എം.എസ്.ഹാംലറ്റ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ആറുമാസത്തിനിടയില്‍ മുണ്ടക്കയത്ത് കഞ്ചാവുകേസില്‍ പതിമൂന്നുപേരില്‍ നിന്നായി പതിനഞ്ചു കിലോയോളം കഞ്ചാവ് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: