ന്യൂദല്‍ഹി: പശ്ചിംമബംഗാളിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രത്തിന്റെ മുന്നില്‍ യാചിക്കാനില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാടിനെതിരെ ബിജെപി. ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രളയക്കെടുതികളില്പ്പെട്ടു കിടക്കുമ്പോള്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥനാഥ് സിങ് പറഞ്ഞു.
പണത്തിനായി കേന്ദ്രത്തിന് മുന്നില്‍ യാചിക്കില്ലെന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കേണ്ട സമയമല്ലിത്. സ്വബോധമില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. സംസ്ഥാന ദുരിതാശ്വാസ നിവാരണ ഫണ്ടിനത്തില്‍ 2015-16 വര്‍ഷം 516 കോടിരൂപയാണ് പശ്ചിമബംഗാളിന് അനുവദിച്ചത്. ഇതില്‍ 75 ശതമാനം തുകയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണ്. കേവലം 25 ശതമാനം മാത്രമാണ് സംസ്ഥാന വിഹിതം.
തുകയുടെ ആദ്യഗഡുവായ 193.50കോടിരൂപ ഇതിനകം തന്നെ കേന്ദ്രം പശ്ചിമബംഗാളിന് നല്കിക്കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഗഡു ഉടന്‍ തന്നെ നല്‍കും. നാശനഷ്ടങ്ങള്‍ കൂടുതലായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് സംസ്ഥാന ദുരിതാശ്വാസ നിവാരണ ഫണ്ടിലേക്ക് കൂടുതല്‍ തുക നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിദ്ധാര്ത്ഥനാഥ സിങ് പറഞ്ഞു.
പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം ബിജെപി ബംഗാള്‍ ഘടകം സേവന രംഗത്ത് സജീവമായുണ്ട്. ലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്നും ബിജെപി ദേശീയ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: