തന്റെ തപോബലവും മായാസിദ്ധികളും മൂലം ശ്രീരാമനെ രാവണന് ചെറുത്തുനിന്നു. ഈ ചെറുത്തുനില്‍പ്പ് ശ്രീരാമനെപ്പോലും അത്ഭുതപ്പെടുത്തുന്നു. അവസാനം ബ്രഹ്മാസ്ത്രമെയ്ത് രാവണന്റെ പാപമയ ജീവന് ശ്രീരാമചന്ദ്രന് അറുതിവരുത്തുന്നു.
രാവണന് മരിച്ച ശേഷം ശരീരത്തിന്റെ ദേഹസംസ്കാരം ആദരവോടെ ചെയ്യാനാണ് ശ്രീരാമ ആവശ്യപ്പെടുന്നത്. മടിച്ചുനിന്ന വിഭീഷണനോട് യുദ്ധത്തില്‍ വീരമൃത്യു മരിക്കുന്നവരുടെ പാപങ്ങള്‍ തീര്‍ന്ന് അവര്‍ സ്വര്‍ഗത്തില്‍ പോകുമെന്നും വൈരം മരണശേഷം പാടില്ലയെന്നും പറയുന്നു. ഈ വിചാരങ്ങളും മര്യാദകളുമെല്ലാം ഇന്നുവരെ പാലിക്കപ്പെടുന്നു. ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവനും ഇന്നുവരെ യുദ്ധത്തില്‍ പാലിക്കപ്പെടുന്ന മര്യാദകളിവയാണെന്നും കൂടി തിരിച്ചറിയുമ്പോള്‍ നമുക്ക് മനസ്സിലാവേണ്ടത് ഏതുദ്ദേശ്യത്തിലാണോ രാമായണം മഹാകവി എഴുതിയത് ഇന്നും അതെല്ലാം നടപ്പിലാവുന്നു എന്നാണ്.
വിഭീഷണാഭിഷേകം കഴിഞ്ഞശേഷം സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നു പറയുന്നത് അവ സ്വന്തമാക്കി എന്നര്‍ത്ഥത്തിലല്ല. അവ സമര്‍പ്പിക്കാനുള്ള വിഭീഷണന്റെ സന്മനസ്സിനെ സ്വീകരിച്ചു എന്നര്‍ത്ഥത്തിലാണ്. ഭഗവാന് ഭാവത്തെ ഗ്രഹിക്കുന്നു-ഭാവഗ്രാഹി ജനാര്‍ദ്ദനഃ- എന്നതു പ്രസിദ്ധമാണല്ലോ? ഇനിയാണ് ശ്രീരാമന്റെ അഗ്നിപരീക്ഷ. എല്ലാവിധത്തിലും തന്നില്‍ സമര്‍പ്പിതയായ, പരിശുദ്ധയാണെന്നു തനിക്ക് നൂറുശതമാനവും ബോധ്യമുള്ള സീതാദേവിയെ, ആര്‍ക്കുവേണ്ടിയാണോ താന്‍ ആയിരം നാഴിക തേടി നടന്നത്, ആരെ ഓര്‍ത്താണോ താന്‍ നിത്യേന നിലവിളിച്ചിരുന്നത്, ഒരു വര്‍ഷത്തെ വിരഹത്തിനുശേഷം ആരെയാണൊ താന്‍ മഹായുദ്ധം ചെയ്ത് വീണ്ടെടുത്തത്, ആര്‍ക്കുവേണ്ടിയാണൊ സമുദ്രം അണകെട്ടി കടന്നത്, ആ സീതയെ മാലോകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിഷ്കരുണം തള്ളിപ്പറയുകയും അഗ്നിപരീക്ഷ നടത്തി ശുദ്ധി തെളിയിക്കുവാന്‍ പറയുകയും വേണം. താരതമ്യപ്പെടുത്തുമ്പോള്‍ ഇതുവരെ ചെയ്തതെല്ലാം വളരെ ലഘുകാര്യങ്ങളായാണ് രാമന് അനുഭവപ്പെട്ടിട്ടുണ്ടാവുക. സീതയുടെ അഗ്നിപരീക്ഷയിലൂടെ താന്‍ സാമാജിക മര്യാദകള്ക്കതീതനല്ല എന്നു തെളിയിക്കുകയാണ് രാമന് ചെയ്തത്.
ദേവന്മാരുടെ പ്രശംസകള്ക്കിടയിലും ശ്രീരാമചന്ദ്രന് ഓര്മ തന്റെ ആത്മാര്‍ത്ഥ മിത്രങ്ങളും സേവകരുമായ വാനരസേനയെയാണ്. മരിച്ചവരെയെല്ലാം ജീവിപ്പിക്കാനാണ് അദ്ദേഹം ദേവേന്ദ്രനോട് ആവശ്യപ്പെടുന്നത്. ദശരഥദര്ശനം സൂചിപ്പിക്കുന്നത് തന്റെ കര്‍മങ്ങള്‍കൊണ്ട് ശ്രീരാമചന്ദ്രന് തന്റെ കുലത്തിന്റെയും നാടിന്റെയും കീര്‍ത്തി എത്ര ഇരട്ടി വര്‍ധിപ്പിച്ചു എന്നാണ്. സ്വജീവിതം കുലത്തിന്റെയും നാടിന്റെയും കീര്‍ത്തി വര്ധിപ്പിക്കാനാണെന്നു ബോധ്യമുള്ളവര്‍ തെറ്റുകളില്‍നിന്നു പിന്തിരിയുകയും സത്കര്‍മങ്ങളാല്‍ പ്രേരിതരാവുകയും ചെയ്യുന്നു.
സീതയ്ക്കു വിമാനത്തിലൂടെ പോവുമ്പോള്‍ നല്കുന്ന മാര്‍ഗവര്‍ണന ഒരുവിധത്തില്‍ ‘കഥ ചുരുക്കിപ്പറയല്‍’ ആണ്. തുടക്കത്തിലും ഇതേ രീതി എഴുത്തച്ഛന് അവലംബിക്കുന്നുണ്ടല്ലൊ? ഇവിടെ ക്രമം അവസാനം മുതല്‍ ആദ്യത്തേതിലേക്കാണെന്നു മാത്രം.
വിമാനം ഇറങ്ങുന്നത് വിമാനശാസ്ത്രാചാര്യനായിരുന്ന ഭരദ്വാജ ഋഷിയുടെ അടുത്താണ്. തീര്‍ച്ചയായും വൈമാനിക ആചാര്യന്റെയടുത്ത് വിമാന സംചാലത്തിനാവശ്യമായ സ്ഥലങ്ങളുണ്ടായിരുന്നിരിക്കുമല്ലൊ? ഗണപത് തലപട്ടെ എന്ന ബോംബെ (മുംബൈ)യിലെ ഒരു സാങ്കേതിക വിദഗ്ദ്ധന് ഭരദ്വാജന്റെ വിമാനശാസ്ത്രം പഠിച്ച് ഒരു പറക്കും യന്ത്രം 1885 ല്‍ ഉണ്ടാക്കി. 1893 ല്‍ അത് ഗേയ്ക് വാദ് രാജാവിന്റെയും മറ്റും സാന്നിദ്ധ്യത്തില്‍ 500 മീറ്റര്‍ ഉയരത്തില്‍ നാലുമൈലോളം പറപ്പിച്ചു കാണിച്ചു. 1905 ലാണ് റൈറ്റ്സ് സഹോദരന്മാരുടെ ചെറുവിമാനം 100 അടി ഉയരത്തില്‍ 200 മീറ്ററോളം പറന്നത്. ‘ഹവായി ജാദാ’ എന്ന ഒരു ഹിന്ദി സിനിമ തലപട്ടേയെപ്പറ്റി ഉണ്ടാക്കിയിട്ടുണ്ട്. സംശയാലുക്കള്ക്കുവേണ്ടി ഇത്രയും പറഞ്ഞുവെന്നുമാത്രം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: