മോണ്ട്രിയല്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിനെ അട്ടിമറിച്ച് രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെക്ക് റോജേഴ്സ് കപ്പ് ടെന്നീസ് കിരീടം. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മുറെ ഡോക്കോവിച്ചിനെ കീഴടക്കിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തില്‍ 6-4, 4-6, 6-3 എന്ന സ്കോറിനായിരുന്നു ഡോക്കോക്കെതിരെ മുറെയുടെ പടയോട്ടം.
2013ലെ വിംബിള്‍ഡണ്‍ ഫൈനലിനുശേഷം മുറെ ഡോക്കോവിച്ചിനെതിരെ നേടുന്ന ആദ്യ വിജയമാണിത്. തുടര്‍ച്ചയായ എട്ട് പരാജയങ്ങളുടെ പരമ്പരക്കാണ് മുറെ ഇന്നലെ തിരശ്ശീലയിട്ടത്. ഈ വര്‍ഷം മറെ സ്വന്തമാക്കുന്ന നാലാം കിരീടമാണിത്. കരിയറിലെ 35-ാം കിരീട നേട്ടവും. റോജേഴ്സ് കപ്പിന്റെ സെമിയിലെത്തിയപ്പോള്‍ തന്നെ മുറെ ലോക റാങ്കിങ്ങില്‍ ഫെഡററെ മറികടന്ന രണ്ടാമതെത്തിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് മുറെ രണ്ടാം റാങ്കിലെത്തുന്നത്.
വനിതാ വിഭാഗം സിംഗിള്‍സ് കിരീടം സ്വിസ് താരം ബെലിന്‍ഡ ബെന്‍സിക്ക് സ്വന്തമാക്കി. ഫൈനലില്‍ രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പെയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ബെലിന്‍ഡ കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിനിടെ പരിക്കേറ്റ ഹാലെപ്പ പിന്മാറിയതോടെയാണ് ബെലിന്‍ഡ കിരീടത്തിന് അവകാശിയായത്. 7-6 (7-5), 6-7 (4-7)ഇരു താരങ്ങളും ഓരോ സെറ്റ് നേടിയശേഷം മൂന്നാം സെറ്റില്‍ 3-0 എന്ന സ്കോറില്‍ നില്‍ക്കെയായിരുന്നു ഹാലപ്പെയുടെ പിന്മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: