ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ ആകെ 57 കരിവീരന്മാരുണ്ടെങ്കിലും ഇതില്‍ പകുതി എണ്ണത്തിനുപോലും പുറംലോകം കാണാനോ ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനോ അവസരമില്ല. ഭാഗ്യമില്ലെന്നായിരിക്കും ചിലരുടെ വിശദീകരണം. നേരത്തെ ഇവിടെ എഴുപതോളം ആനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ അറാനകളാണ് ക്രൂര മര്‍ദ്ദനത്തിരയായി ചരിഞ്ഞത്.
ഒരാനക്ക് മൂന്നു പാപ്പാന്മാര് എന്നതാണ് അനുപാതം. എന്നാല്‍ ഒരാനക്ക് ഒരാള്‍ പോലും നിലവിലില്ല. അതായത് 192 പേരേ ആവശ്യമുണ്ടങ്കിലും 150 ല്‍ താഴെ മാത്രമേ ഇവിടെയുള്ളു. ഇക്കാരണത്താല്‍ എല്ലാ ആനകള്‍ക്കും കണ്ണന്റെ തിരുനടയില്‍ ചടങ്ങുകള്‍ക്ക് എത്തിക്കാന്‍ ദേവസ്വം അധികൃതര്‍ പെടാപ്പാടുപെടുകയാണ്. ഇതിന് നിരത്തുന്ന കാരണങ്ങള്‍ ഏറെയാണ്.
മദപ്പാടുകളോ അസുഖങ്ങളോ ഇല്ലാത്ത നിരവധി ആനകള്‍ കോട്ടമതിലുകള്ക്കകത്ത് കെട്ടിയിടത്തുനിന്നഴിക്കാതെ നില്ക്കുന്ന അവസ്ഥയിലാണ്. ഈ കരിവീരന്മാരെ കുറ്റിയില്‍ നിന്നഴിക്കുവാനോ അവയുടെ സ്വഭാവം മനസ്സിലാക്കാനോ കഴിയുന്ന ഒരു പാപ്പാന് പോലും ഇവിടെയില്ലത്രെ. ഈ തസ്തികയില്‍ കയറിപ്പറ്റുന്നതോ യോഗ്യതയില്ലാത്തവരും,
അധികയോഗ്യതയുള്ളവരുമാണ്. രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുപയോഗിച്ചാണ് ഇവര്‍ കയറിക്കൂടുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍വരെ രാഷ്ട്രീയ സ്വാധിനത്താല്‍ പാപ്പാന് വേഷം കെട്ടി ഇവിടെയുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ആനപാപ്പാന്മാര്ക്ക് പരിശീലനം നല്കുന്നതാകട്ടെ പ്രഹസനവും. ഇതിനായി ട്രെയിനിങ് സ്കൂള്‍ ആരംഭിക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ അത് കടലാസ്സില്‍ മാത്രം. സിലബസ്സ്, കരിക്കുലം എന്നീ മുടന്തന്‍ ന്യായങ്ങളുടെ പേരില്‍ ഇതും തടങ്കലിലായി. ക്ഷേത്രത്തിലെ അടിയന്തരങ്ങള്‍ക്കായി ദിവസേന ആറ് ആന വേണം. ഇവയെ മുറതെറ്റാതെ തിരുനടയിലെത്തിക്കാന് തന്നെ അധികൃതര്‍ ഭഗീരഥ പ്രയത്നം നടത്തുകയാണ്.
കോട്ടക്കകത്തുള്ള ആനകളുടെ ദുരിത ജീവിതം അറിഞ്ഞാല്‍ ആര്‍ക്കും കരളലിയും. ശരിയായ പരിശീലനമില്ലാത്ത പാപ്പാന്മാര് അടുത്തെത്തിയാല്‍ ആനകള്‍ അതൃപ്തി പ്രകടിപ്പിക്കും. ഇതിന് പാപ്പാന്മാര് അവയെ മര്‍ദ്ദിക്കും. പഴയ പാപ്പാന്മാരെ മാറ്റി പുതിയവരെ നിയമിക്കുക പതിവാണ്, അവരാകട്ടെ ആനയെ പാട്ടിലാക്കാന്‍ കഠിനമര്ദ്ദനവും നടത്തുന്നു. ഇതിനായി കൊട്ടേഷന്‍ സംഘങ്ങള്‍ വരെ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിനകത്ത് ആര്‍ക്കും എന്തുമാവാമെന്ന സ്ഥിതിയാണ്. ഇടയ്ക്കിടെ പാപ്പാന്മാരെ മാറ്റുന്നതിന് ആനക്കോട്ടയിലും കടുത്ത രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നു കേട്ടാല്‍ ആര്‍ക്കും അമ്പരപ്പുണ്ടാകും. എഴുന്നള്ളിപ്പുകള്‍ കൂടുതലുള്ള ആനകളുടെ പാപ്പാന്മാരാകാനാണത്രെ ഈ കളികള്‍.
ഇത്തരത്തില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അര്ജുനന് എന്ന ആനയുടെ പാപ്പാന് മണികണ്ഠന് അടുത്ത കാലത്താണ് മറ്റൊരു ആനയിലേക്കു മാറിയത്. പുതിയ പാപ്പാന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ അര്‍ജ്ജുനന്റെ കാലിലെ എല്ലുപൊട്ടി. വ്രണം വന്നു. ഒടുവില്‍ ചരിഞ്ഞു. അര്‍ജുനന്റെ ഇന്‍ഷുറന്‍സ് തുകയും ഇതുവരെ ലഭ്യമായിട്ടില്ല.ആനക്കോട്ടയിലെ ആനപ്പീഡനം റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ ചരിത്രവും ഗുരുവായൂര്‍ ദേവസ്വത്തിനുണ്ട്. ദേവസ്വത്തിലെ നവനീതകൃഷ്ണന്‍ എന്ന ആനയെ പാപ്പാന്മാര് ക്രൂരമായി പീഡിപ്പിച്ച വിവരം മാനേജിങ് കമ്മറ്റിക്കു റിപ്പോര്‍ട്ട് ചെയ്ത ദേവസ്വം സൂപ്രണ്ടിനെ ആനക്കോട്ടയില്‍നിന്ന് ഗോകുലത്തിലേക്കു മാറ്റി.
സുപ്രണ്ട് സി. വി. വിജയന്റെ പരാതിയില്‍ പറയുന്നതു ശരിയാണെങ്കില്‍
മൃഗപീഡനത്തിനെതിരേയുള്ള നിയമങ്ങള്‍ പ്രകാരം ശിക്ഷിക്കപ്പെടാന്‍ പാപ്പാന് മുതല്‍ ദേവസ്വം ഭരണത്തലിപ്പത്തിരിക്കുന്നവര് വരെ യോഗ്യരാണ്. ചങ്ങലക്കണ്ണികള്‍ പൂണ്ടു കിടന്നിരുന്ന കാലിലെ മുറിവ് 2011 സെപ്തംബര്‍ 17 ന് ഡോ.കെ.എന്‍ മുരളീധരന് പരിശോധിച്ച് 20 ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ആനയുടെ മുന്‍ പാപ്പാനും ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും ആനക്കോട്ടയിലെത്തി ചങ്ങല പുറത്തെടുക്കാന്‍ മൂര്‍ച്ചയേറിയ വെട്ടുകത്തികൊണ്ട് മുറിവ് കൂടുതല്‍ വലുതാക്കി.
വേദന സഹിക്കാനാകാതെ നവനീതകൃഷ്ണന്‍ മരണ വേദനയോടെ അലറിവിളിച്ചപ്പോഴും ഇവര്‍ അവരുടെ ‘ഓപ്പറേഷന്’ തുടരുകയായിരുന്നു. ഈ രംഗം ഒരിക്കലും മറക്കാനാവില്ല. ഡോക്ടറെത്തി അനസ്തേഷ്യ നല്കി ശസ്ത്രക്രിയ നടത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഡോക്ടറെയോ, ദേവസ്വത്തെയോ അറിയിക്കാതെയായിരുന്നു ഈ ക്രൂര വിനോദം.” ഹര്‍ജിക്കാരനായ സൂപ്രണ്ടിനെ ശിക്ഷിച്ചു, ആനയോട് ക്രൂരത കാട്ടിയവരോട് വിശദീകരണം പോലും ആവശ്യപ്പെട്ടില്ല.
ആനക്കോട്ടയിലെ ആനകളുടെ പീഡനത്തിന് യഥാര്‍ത്ഥ കാരണക്കാരായ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ക്കും അഡ്മിന്സ്ട്രേറ്റര്മാര്ക്കുമെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ദേവസ്വം, വനംവകുപ്പ് മന്ത്രി, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി പോയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ആനക്കോട്ടയുടെ വികസനത്തിനായി നാലരക്കോടി രൂപ അനുവദിച്ചെങ്കിലും ചെലവാക്കിയതിന്റെ കണക്കോ, എന്തു ചെയ്തെന്നോ എന്നും ആര്‍ക്കും അറിയില്ല. കോട്ട മനോഹരമാക്കുന്നതിനായി ഭംഗിയുള്ള തെരുവുവിളക്കുകള്‍ സ്ഥാപിച്ചെങ്കിലും അവ ദിവസങ്ങള്‍ക്കകം കോഴിക്കേട്ടോക്ക് കൊണ്ടുപോയി. നടപ്പാത കല്ലിട്ടതും ചില തൂണുകളും മാത്രമാണ് ശേഷിക്കുന്നത്. അന്ന് ടൂറിസം വകുപ്പു കൈകാര്യം ചെയ്തിരുന്ന കോടിയേരി ബാലകൃഷ്ണന് ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കോട്ടയുടെ പലപ്രദേശങ്ങളും കാടുപിടിച്ചു കിടക്കുന്നു. സ്ഥലം കൈയേറ്റക്കാരപഹരിച്ചിട്ടുമുണ്ട്. ഇവിടെനിന്ന് രണ്ടു ലക്ഷം കിലോ പനം പട്ട കാണാതായതിന്റെ അന്വേഷണവും എവിടെയും എത്തിയില്ല.
കരാറുകാര്‍ക്ക് പണം നല്‍കിയിട്ടുമില്ല. മുന്‍കാലങ്ങളില്‍ പുറത്തേക്ക് ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുമ്പോള്‍ അവയ്ക്ക് നല്‍കാനുള്ളതായിരുന്നു പനമ്പട്ട. എന്നാല്‍ യാത്ര വാഹനത്തിലായതോടെ ഇതിന് മാറ്റം വന്നു. പട്ട പാപ്പാന്മാര് ആനയ്ക്ക് നല്കിയിട്ടുണ്ടാവാം. പക്ഷേ രേഖയിലില്ല. ആനകള്‍ക്ക് പട്ട നല്കേണ്ടതു സംബന്ധിച്ച് വ്യക്തമായ രൂപരേഖയുണ്ട്. അതു പ്രകാരം ഇവിടെ നല്കാറുല്ലെന്നതാണ് വാസ്തവം.
ചുരുക്കി പറഞ്ഞാല്‍ ഗുരുവായൂരപ്പന്റെ ഗോക്കള്‍ക്കും കരിവീരന്മാര്ക്കും ഒരുപോലെ ദുരിതം തന്നെ. ഇതില്‍നിന്ന് ഒട്ടും മെച്ചപ്പെട്ടതല്ല, ഭക്തര്‍ക്ക് സന്നിധാനത്തും ക്ഷേത്രപരിസരത്തും ലഭിക്കുന്ന പരിഗണന.
നാളെ: ക്യൂ കോംപ്ലക്സ്:
മുഹൂര്‍ത്തം തെറ്റിച്ച്,
മുറയെല്ലാം ലംഘിച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: