പൂക്കള്‍ വിടര്‍ത്തി നില്ക്കുന്ന വസന്തകാലം പോലെയാണ് കാര്‍കൂന്തലില്‍ നക്ഷത്രങ്ങള്‍ ചൂടി നില്ക്കുന്ന ഡിസംബര്‍ രാത്രികള്‍. അലങ്കാരദീപങ്ങളുടെ പാല്‍പ്പുഞ്ചിരിയില്‍ മയങ്ങി നില്ക്കുന്ന ഡിസംബര്‍ മാസം. ക്രിസ്മസ് മരങ്ങളില്‍ ഇറ്റുനില്‍ക്കുന്ന മഞ്ഞുതുള്ളികള്‍. കാലിത്തൊഴുത്തില്‍ പിറക്കാനിരിക്കുന്ന കാരുണ്യത്തിന് കാലം ചാര്‍ത്തിയ അലങ്കാരങ്ങള്‍. വസന്തത്തിന്റെ വരവറിയിക്കുന്ന പുലികളി പോലെ ലോകം മുഴുവന്‍ സ്നേഹവസന്തം വിരിയിക്കാനിരിക്കുന്നവന്റെ പിറവി അറിയിച്ചു നീങ്ങുന്ന കരോള്‍ സംഘങ്ങള്‍. അതേ, ഡിസംബര്‍ തിരക്കിലാണ്. അടിമുടി ഒരുങ്ങുകയാണ് ഡിസംബര്‍ മാസം.
അധികം വിദൂരമല്ലാത്ത ഭാവിയില്‍ ജീവിക്കാനിരിക്കുന്ന ഒരു തലമുറക്ക് ഇന്നത്തെപ്പോലെ വൈദ്യുത ദീപങ്ങളുടെ ധാരാളിത്തത്തില്‍ ക്രിസ്മസ് ആഘോഷിക്കാനാവുമോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. അലങ്കാര ദീപങ്ങള്‍ തെളിയിക്കുന്നതു പോയിട്ട് കുട്ടികള്‍ക്ക് പഠിക്കുവാനുള്ള കുഞ്ഞു ബള്‍ബ് കത്തിക്കുവാനുള്ള വൈദ്യുതി പോലും മിച്ചമുണ്ടാകുമോ എന്ന് ഉറപ്പില്ല. വൈദ്യുതി ഏറ്റവും മിതമായി ഉപയോഗിച്ച് ലളിതമായി ക്രിസ്മസ് ആഘോഷിക്കുവാന്‍ നമ്മള് എന്നാണ് ശീലിക്കുക?
തന്റെ സെമിനാരി പഠന കാലങ്ങളിലൊന്നിലെ ക്രിസ്മസ് ദിനങ്ങളെ ഫാദര്‍ ബോബി ജോസ് ഓര്‍മിച്ചെടുക്കുന്നുണ്ട്. ഡിസംബറിന്റെ ആരംഭത്തില്‍ സെമിനാരിക്കു മുന്നില്‍ ഉയരുന്ന ഒരു ക്രിസ്മസ് മരം. അതില്‍ അലങ്കാരങ്ങളൊന്നും തൂക്കിയിട്ടുണ്ടാവില്ല. പകരം അലങ്കാരങ്ങള്‍ മരത്തിനരികില്‍ വച്ചിട്ടുണ്ടാവും. നിങ്ങള്‍ ഒരു ദിവസം ഒരു നന്മ ചെയ്താല്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് ഒരു അലങ്കാരം എടുത്ത് ക്രിസ്മസ് മരത്തില്‍ തൂക്കാം. അങ്ങിനെ ക്രിസ്മസിനു തലേന്നാവുമ്പോളേക്കും ക്രിസ്മസ് മരം അലങ്കാരങ്ങള്‍ കൊണ്ടു നിറയുമായിരുന്നെന്ന് അച്ചന്. നന്മയുടെ ഒരു ക്രിസ്മസ് മരം. ഈ ക്രിസ്മസിന് ഞാന്‍ രുചിച്ച ഏറ്റവും മധുരമേറിയ ക്രിസ്മസ് കേക്ക് ബോബി അച്ചന്റെ ഈ ഓര്മച്ചിന്താണ്.
ഗോര്‍ക്കിയുടെ ‘അമ്മ’യിലെ അമ്മ ജീവിതത്തിലെ ഏറ്റവും പ്രത്യാശാപൂര്‍ണ്ണമായ പത്തുമാസക്കാലം നല്‍കിയതിന് ദൈവത്തോട് നന്ദി പറയുന്നുണ്ട്. നമുക്കും നന്ദി പറയാം, ഏറ്റവും പ്രകാശപൂര്‍ണ്ണമായ, പ്രത്യാശാനിര്‍ഭരമായ ഒരു മാസക്കാലം തന്നതിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: