‘Asura: Tale of the Vanquished’ എന്ന ഇംഗ്ലീഷ് നോവല്‍ പ്രസിദ്ധീകരിക്കുന്നത് 2012ലാണ്. അന്നുതന്നെ അത് ബെസ്റ്റ് സെല്ലറായി. രാമായണത്തിലെ വില്ലനായി വിശേഷിപ്പിക്കപ്പെടുന്ന രാവണനെ കേന്ദ്രകഥാപാത്രമാക്കി ആനന്ദ് നീലകണ്ഠന് രചിച്ച നോവല്‍ പുതിയകാലത്ത് രാമായണമെന്ന മഹത്തായ കൃതിയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്നുശ്രീരാമനുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ട് ആസന്നമരണാവസ്ഥയില്‍ കിടക്കുന്ന രാവണന്റെ ചിന്തകള്‍ സ്വാംശീകരിച്ച് ഒരു രാജ്യത്തിന്റെ മാത്രമല്ല, മഹത്തായ ഒരു കുലത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രവും ശക്തിയും ആവിഷ്കരിക്കുകയാണ് മലയാളിയായ ആനന്ദ നീലകണ്ഠന്. ‘Asura: Tale of the Vanquished’ എന്ന ഇംഗ്ലീഷ് നോവല്‍ എന്‍.ശ്രീകുമാറിന്റെ സുന്ദരമായ വിവര്‍ത്തനത്തിലൂടെയാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. വായനയ്ക്ക് അത്രയൊന്നും വലിയ സംഭാവനകള്‍ നല്കിയെന്നു പറയാന്‍ കഴിയാത്ത 2015നെ സമ്പന്നമാക്കിയ വിലപ്പെട്ട കൃതിയും ‘രാവണന്: പരാജിതരുടെ ഗാഥ’യെന്ന നോവലാണ്.
പെരുമ്പടവം ശ്രീധരന് ശ്രീനാരായണ ഗുരുവിന്റെ ജിവിതത്തെ ആസ്പദമാക്കി രചിച്ച ‘നാരായണം’ എന്ന നോവല്‍ ഏതാണ്ടിതേ ആഖ്യാനശൈലിയാണ് പിന്തുടരുന്നത്. ഗുരുവിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള കുറച്ചു മണിക്കൂറുകളില്‍ അദ്ദേഹത്തിന്റെ ചിന്തയിലേക്കു വരുന്ന കാര്യങ്ങള്‍. കസാന്ദ് സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന കൃതിയില്‍ കുരിശുമരണത്തിന്റെ തൊട്ടുമുമ്പുള്ള മൂന്ന് മണിക്കൂറുകളില്‍ അദ്ദേഹത്തിന്റെ മനസ്സുനടത്തുന്ന സഞ്ചാരമാണ് വിവരിക്കുന്നത്. ഈ രണ്ടു പ്രശസ്തമായ കൃതികളോടും സമാനമായ ആഖ്യാന ശൈലിയാണ് ആനന്ദും പിന്തുടരുന്നത്.
മയ്യഴിയുടെ കഥാകാരന് എം.മുകുന്ദന്റെ നോവലായ ‘കുട നന്നാക്കുന്ന ചോയി’ യും കടന്നുപോകുന്ന വര്‍ഷത്തെ മികച്ച വായനാനുഭവമായിരുന്നു. മയ്യഴിയുടെ പശ്ചാത്തലത്തെ തന്റെ രചനാ പശ്ചാത്തലമാക്കിയിട്ടുള്ള മുകുന്ദന്റെ മയ്യഴിജീവിതത്തിന്റെ മറ്റൊരു ഏടാണീ കൃതി. ചോയി എന്നയാള്‍ താന്‍ മരിച്ചാലെ ഇതു തുറക്കാവൂ എന്ന് പറഞ്ഞ് ഒരു വലിയ കെട്ട് മാധവനെന്ന ആളെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്ക് പോകുന്നു. മയ്യഴിയില്‍ അത് വാര്‍ത്തയായി പരക്കുന്നു. കെട്ടിനുള്ളില്‍ എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് മയ്യഴിക്കാര്‍. വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചോയിയുടെ കെട്ടു തുറക്കുന്നതിലൂടെ മുകുന്ദന്.
പ്രശസ്ത ചലച്ചിത്ര നടന് ജനാര്ദ്ദനന് തന്റെ ജീവിതം എഴുതുകയാണ് ‘ഇന്നലെയുടെ ഇന്ന്’ എന്ന ആത്മകഥയിലൂടെ. എഴുത്തുകാരനോ വലിയ വായനക്കാരനോ അല്ലാത്ത ജനാര്ദ്ദനന് ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകളുടെ ഊഷ്മളതയാല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം പോയവര്‍ഷത്തെ മികച്ച വായനാനുഭവമാണ്. കഴിഞ്ഞ 45 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്ക്കുന്ന മുഖമാണ് ജനാര്‍ദ്ദനന്റേത്. ചലച്ചിത്രലോകത്തെയും പുറത്തെയും സൗഹൃദങ്ങളെ കുറിച്ചും കുടുംബജീവിതത്തിന്റെ വിവിധഘട്ടങ്ങളും ജനാര്‍ദ്ദനന്റെ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.
‘എന്നു നിന്റെ മൊയ്തീന്’ എന്ന ചലച്ചിത്രം ഹിറ്റായതിനു ശേഷമാണ് മുക്കത്തെ കാഞ്ചനമാലയുടെയും മൊയ്തീന്റെയും കഥ ഏറെപ്പേര്‍ അറിയാനിടയായത്. സിനിമയിറങ്ങിയശേഷം മൊയ്തീന്റെ ചരിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ‘ഇവന് ഞങ്ങളുടെ പ്രിയ മൊയ്തീന്’ എന്ന പുസ്തകം വായനക്കാര്‍ക്കു പ്രിയപ്പെട്ടതായത്. മൊയ്തീനെക്കുറിച്ചും കാഞ്ചനമാല-മൊയ്തീന് പ്രണയത്തെക്കുറിച്ചും സിനിമയിലില്ലാത്ത ചരിത്ര വസ്തുതകളിലേക്കാണ് ഹമീദ് ചേന്ദമംഗലൂരിന്റെ പുസ്തകം വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത്.
എന്നും നല്ല കഥകള്‍ സമ്മാനിച്ചിട്ടുള്ള ഗ്രേസിയും ബി.മുരളിയും മികച്ച കഥകളുടെ സമാഹാരവുമായി 2015നെ മികച്ച കഥാനുഭവ വര്‍ഷമാക്കി. ഗ്രേസിയുടെ ‘ഉടല് വഴികളും’ ബി.മുരളിയുടെ ‘രാഗ നിബദ്ധമല്ല മാംസം’ എന്ന കൃതിയും 2015ന്റെ സമ്മാനങ്ങളാണ്. ഉടലിന്റെയും ഉയിരിന്റെയും സംഭ്രമിപ്പിക്കുന്ന ജീവിത മുഹൂര്‍ത്തങ്ങളെ കഥയിലേക്കാവിഷ്കരിക്കുകയാണ് ഗ്രേസി. ഉടല് വഴികളില്‍ ഗ്രേസി സമകാലികതയുടെ പ്രശ്നങ്ങളാണ് ആവിഷ്കരിക്കുന്നത്. സ്ത്രീപുരുഷ ബന്ധങ്ങളിലെ അടുപ്പങ്ങളും അസൂയകളും താല്‍ക്കാലിക ശമനങ്ങളുമെല്ലാമാണ് ബി.മുരളിയുടെ കഥകള്‍ക്ക് വിഷയമായിട്ടുള്ളത്. അത്തരത്തിലുള്ള വിഷയങ്ങള്‍ തന്നെ പുതിയ തിരിച്ചറിവുകളുടെ പശ്ചാത്തലത്തില്‍ മുരളി അവതരിപ്പിക്കുകയാണിവിടെ.
2015ലെ കവിതാ വായന അത്രയ്ക്ക് സമ്പന്നമായിരുന്നില്ല. എസ്. രമേശന് നായരുടെ ഗുരുപൂര്‍ണ്ണിമയും സച്ചിദാനന്ദന്റെ നില്ക്കുന്ന മനുഷ്യനും ഒ.ന്.വിയുടെ സൂര്യന്റെ മരണവുമാണ് പുസ്തകക്കടകളിലെ വില്‍പ്പനയില്‍ മുന്നില്‍. പുതിയ കാലത്തെ കവിതകള്‍ക്ക് വേണ്ടത്ര വായനക്കാരില്ലെന്ന ദുരന്തം കവിതാ സാഹിത്യം നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: