ലോകത്ത് രക്തരൂക്ഷിതവും ദുരന്തങ്ങളുടെ കണ്ണീരുണങ്ങാത്തതുമായ ഒരു വര്‍ഷമാണ് കടന്നു പോകുന്നത്. പുതുവര്‍ഷം പിറന്ന് ദിവസങ്ങള്‍ക്കകംതന്നെ പാരീസിലെ ആക്ഷേപഹാസ്യവാരികയായ ഷാര്‍ലി എബ്ദോ ഭീകരരുടെ ആക്രമണത്തിനിരയായി. 12 പേരാണ് ഏഴാം തീയതി നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആദ്യ ആഴ്ചയില്‍ തന്നെ നൈജീരിയയില്‍ ബോക്കോഹറാം ഭീകരര്‍ 2000 പേരെ കൊന്നൊടുക്കി. 2015 ന്റെ തുടക്കം തന്നെ ലോകത്തെ നടുക്കിയ രക്തരൂക്ഷിത ആക്രമണത്തോടെ ആയിരുന്നുവെന്നത് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസില്‍ അലക്സി സിപ്രാസ് പ്രധാനമന്ത്രിയായും ശ്രീലങ്കയില്‍ മൈത്രീപാല സിരിസേന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.
ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ നിഷ്ഠുര പ്രവൃത്തികളുടെ വീഡിയോകള്‍ പുറത്തിറങ്ങിയ മാസമായിരുന്നു െഫബ്രുവരി. ഈജിപ്ഷ്യന്‍ പൗരന്മാരായ 21 ക്രിസ്തുമത വിശ്വാസികളെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോയാണ് അവര്‍ പുറത്തുവിട്ടത്. പൈതൃകസ്മാരകങ്ങളുടെ നശീകരണത്തിനും ഐഎസ് ചുക്കാന്‍ പിടിച്ചു. ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വതനിരകളില്‍ ഈജിപ്ഷ്യന്‍ യാത്രാവിമാനം തകര്‍ന്ന് 150 പേര് കൊല്ലപ്പെട്ടതും കലാപകലുഷിതമായ യെമനിലേക്ക് സൗദിഅറേബ്യയുടെ നേതൃത്വത്തില്‍ അറബ്സഖ്യസേന കടന്നതും മാര്‍ച്ച് മാസത്തിലെ പ്രധാന സംഭവങ്ങളാണ്.
കെനിയയിലെ ഗാരിസ യൂണിവേഴ്സിറ്റിയില്‍ ഭീകരര്‍ നടത്തിയ ആക്രമണം ലോകമനഃസാക്ഷിയെ പിടിച്ചുലച്ചു. ഏപ്രില്‍ രണ്ടിനാണ് കോളജില്‍ ഭീകരര്‍ ഇരച്ചുകയറിയത്. ലിബിയയില്‍നിന്നും യൂറോപ്പിലേക്ക് കുടിയേറ്റക്കാരെ കടത്തിയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 700 പേര് മരിച്ചു. നേപ്പാളില്‍ വിനാശത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട ഭൂകമ്പം ഏപ്രില്‍ 25 നായിരുന്നു. നാല് രാജ്യങ്ങളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. 8857 പേരുടെ ജീവനപഹരിച്ചു. ഇന്ത്യയില്‍ 130 പേരും ചൈനയില്‍ 27 പേരും ബംഗ്ലാദേശില്‍ 4 പേരും ഭൂചലനത്തില്‍ മരിച്ചു. ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കകം ഭാരതം നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയായിരുന്നു.
മെയ് മാസത്തില്‍ ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡേവിഡ്കാമറൂണ്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായി. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫിഫയുടെ തലപ്പത്തുനിന്നും സെപ്ബ്ലാസ്റ്റര് രാജി സന്നദ്ധത പ്രഖ്യാപിച്ച മാസമായിരുന്നു ജൂണ്‍. ചൈനയിലെ യാങ്സി നദിയില്‍ ഉണ്ടായ കപ്പല്‍ ദുരന്തത്തില്‍ 400 ല്‍ അധികം ആളുകള്‍ മരിച്ചതും ജൂണില്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമാണ്. അഫ്ഗാന് പാര്‍ലമെന്റില്‍ ഭീകരാക്രമണം ഉണ്ടായതും ജൂണിലാണ്. ഒന്‍പത്പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ആണവക്കരാറില്‍ ഇറാനും അമേരിക്കയടക്കമുള്ള രാജ്യങ്ങളും ധാരണയിലെത്തിയതും അമേരിക്ക-ക്യൂബ നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടതും ജൂലൈയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. നാസയുടെ ഉപഗ്രഹം പ്ലൂട്ടോയുടെ സമീപമെത്തിയതും ചരിത്രനേട്ടമായി വിലയിരുത്തപ്പെടുന്നു. 2014 ല്‍ കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഗസ്റ്റ് മാസത്തില്‍ കണ്ടെത്തി. 239 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ റഷ്യ വ്യോമാക്രമണം ആരംഭിച്ചതും ബ്രിട്ടീഷ് സിംഹാസനത്തില്‍ ഏറ്റവും അധികകാലം തുടര്‍ന്നതിന്റെ റെക്കാര്‍ഡ് എലിസബത്ത് രാജ്ഞിയുടെ പേരിലായതും സെപ്തംബറിലെ പ്രധാന സംഭവങ്ങളായി വിലയിരുത്തപ്പെടുന്നു. അങ്കാറയില്‍ റാലിയില്‍ പങ്കെടുത്ത നൂറോളംപേരെ ചാവേര്‍ ആക്രമണത്തില്‍ കൊന്നൊടുക്കിയതാണ് ഒക്ടോബറിലെ പ്രധാന സംഭവം. എന്നാല്‍ ഹിന്ദുക്കുഷ് മേഖലയില്‍ ഉണ്ടായ ഭൂകമ്പമായിരുന്നു തെക്കനേഷ്യയെ ഞെട്ടിച്ചത്. ഇതില്‍ 398 പേര് കൊല്ലപ്പെട്ടു. ഈജിപ്തില്‍ നിന്നും റഷ്യയിലേക്ക് പോയ റഷ്യന്‍ എയര്‍ ലൈന്‍ വിമാനം സിനായിയിലെ അല്ഹസാനയില് തകര്‍ന്ന് 224 പേര് മരിച്ചു. ഇത് ഭീകരാക്രമണമാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും തെളിയിക്കപ്പെട്ടില്ല. നേപ്പാളില്‍ ആദ്യ വനിതാ പ്രസിഡന്റായി ബിദ്യദേവി ഭണ്ഡാരി തെരഞ്ഞെടുത്തതും ചൈന ഒറ്റക്കുട്ടിനയം പിന്‍വലിക്കാന്‍ തീരുമാനിച്ചതും ചരിത്രത്തില്‍ ഇടം നേടി.
ലോകത്തെ ഞെട്ടിച്ച പാരീസ് ഭീകരാക്രമണ പരമ്പര അരങ്ങേറിയത് നവംബറിലാണ്. ആക്രമണപരമ്പരയില്‍ 127 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക സ്റ്റേറ്റായിരുന്നു അക്രമണത്തിന് പിന്നില്‍. ഡിസംബറില്‍ പാരീസിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഒരു കരാര്‍ രൂപപ്പെട്ടു. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാന്‍ ഉച്ചകോടിയില്‍ രാജ്യങ്ങള്‍ ധാരണയിലെത്തി. 2011 ല്‍ പശ്ചിമേഷ്യയില്‍ നിന്നും ആരംഭിച്ച അഭയാര്‍ത്ഥി പ്രവാഹം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ വര്‍ഷമായിരുന്നു 2015. യൂറോപ്പ് മുതല്‍ കാനഡവരെ അഭയാര്‍ത്ഥികളെത്തി. നവംബര്‍ മാസത്തില്‍ മ്യാന്മറില് നടന്ന തെരഞ്ഞെടുപ്പും ചരിത്രത്തിലിടം നേടി. ഭാരതം നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച വര്‍ഷം കൂടിയായിരുന്നു 2015.
പ്രതികരിക്കാൻ ഇവിടെ എഴുതുക: