സമരാഭാസങ്ങളുടെ നാടായ കേരളത്തില്‍, വിശ്വമാനവ സംഗമത്തിന്റെ പ്രസക്തിയെന്തെന്ന ചോദ്യം സ്വാഭാവികമാണ്. അഗാധമായി ചിന്തിച്ചാല്‍, കേരളത്തില്‍ത്തന്നെയാണ് വിശ്വമാനവിക സംഗമത്തിന്റെ പ്രസക്തി. കേരളം ശിഥിലീകരിക്കപ്പെട്ടപ്പോഴൊക്കെയും അതിനെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഇവിടെ ശങ്കരനും നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും പണ്ഡിറ്റ് കറുപ്പനും കേളപ്പനും അയ്യങ്കാളിയും ഉയിര്‍ത്തെഴുന്നേറ്റിരുന്നു. പക്ഷേ ഇന്ന് കേരളത്തെ ആഭാസങ്ങളുടെ കൂടാരത്തിന്റെ നെറുകയില്‍ തളക്കാന്‍ ഭരണം കയ്യാളുന്നവരും മതത്തിന്റെ ഹുങ്കില്‍ രാജ്യം ശിഥിലീകരിക്കുന്നവരും ശ്രമിക്കുന്നു. ഇതില്‍ നിന്നും കേരളത്തിന് രക്ഷയുണ്ടോയെന്ന് ഓരോ അമ്മമാരും വേവലാതിപ്പെടുന്ന ഈ വേളയിലാണ് വിശ്വമാനവ സംഗമത്തിന്റെ പ്രസക്തി.
രാഹുല്‍ പശുപാലന്മാരെ സൃഷ്ട്ടിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കിസ് ഓഫ് ലൗവിലൂടെ പരിശ്രമിക്കുമ്പോള്‍ ഇവിടെ തങ്ങളുടെ പിഞ്ചു മക്കളുടെ ഭാവി ആലോചിച്ച് ആശങ്കപ്പെടുന്ന അമ്മമാരുടെ ശബ്ദമായി, തടിയന്റവിടെ നസീറുമാരെ സൃഷ്ടിക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന ‘ഫക്ക് ഹിന്ദുത്വ’ പ്രത്യയ ശാസ്ത്രത്തിന്റെ ഭീകര ഹസ്തങ്ങള്‍ തങ്ങളെയും ആക്രമിക്കുമെന്ന ഭയത്തില്‍ അടിസ്ഥാന ജനത പരിഭ്രമിക്കുമ്പോള്‍ ഉയരുന്ന ശബ്ദമായി വിശ്വമാനവിക സംഗമം മാറുന്നു.
വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിനല്ല, മറിച്ച്, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ത്യാഗത്തിന്റെ പ്രത്യയ ശാസ്ത്രമാണ് നമ്മുടെ നാടിന് ഭൂഷണമെന്ന് നമ്മെ പഠിപ്പിച്ച വിവേകാനന്ദന്റെയും നാരായണ ഗുരുവിന്റെയും പാത പിന്തുടരുന്ന വിശ്വമാനവിക സംഗമം കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ഉയര്‍ത്തുന്ന ചോദ്യമുണ്ട്. വസുദൈവ കുടുംബമായ ഭാരതീയ സങ്കല്പ്പമാണോ അല്ലെങ്കില്‍ അവസാനിക്കാത്ത സംഘര്‍ഷത്തിന്റെ പ്രത്യയ ശാസ്ത്രമാണോ ഈ നാടിന് ഭൂഷണമെന്ന്. തങ്ങള്‍ മാത്രമാണു ശരിയെന്ന മതഫാസിസമാണോ അതോ എല്ലാവരിലും നാരായണീയന്‍ ഉണ്ടെന്ന മഹത്തായ ഭാരതീയ സംസ്കാരമാണോ ഈ നാടിന് ഭൂഷണമെന്ന് വിശ്വമാനവിക സംഗമത്തിന്റെ വക്താക്കള്‍ ഇന്നാട്ടിലെ ജനങ്ങളോട് ചോദിക്കുന്നു, അവര്‍ തിരഞ്ഞെടുക്കട്ടെ ശരിയായ പാത.. ആ ശരിയിലേക്കുള്ള കാല് വെയ്പ്പാണു വിശ്വമാനവിക സംഗമം.
പാഗന്‍ ദൈവങ്ങളെന്നാക്ഷേപിച്ചു ലോകത്തില്‍ തകര്‍ക്കപ്പെട്ട ആരാധനാമൂര്‍ത്തികളുടെ ലിസ്റ്റില്‍ ദൈവത്താറും നാഗത്താന്മാരും ചാത്താനും മറുതയും ഉണ്ടാവില്ലെന്ന് ശഠിക്കുന്നവരുടെ കൂട്ടായ്മ കൂടിയാണ് വിശ്വമാനവിക സംഗമം. നാഗ ദൈവങ്ങളെ നശിപ്പിക്കുന്നവരും കാവുകള്‍ നശിപ്പിക്കുന്നവരും നശിപ്പിക്കുന്നത് ഇവിടത്തെ അടിസ്ഥാന ജനതയുടെ വിശ്വാസ പ്രമാണത്തെ മാത്രമല്ല ഒരു സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ കൂടിയാണ്. മലയാള ഭാഷാ പിതാവിന് ഇവിടെ മണ്ണിന്നടിയിലാണ് സ്ഥാനമെന്ന് ഇവിടത്തെ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത വിശ്വമാനവിക സംഗമത്തിനുണ്ട്. ഫാഷിസം എന്നു പറഞ്ഞു അടിസ്ഥാന ജനതയെ വഴി തെറ്റിക്കുന്നവര്‍ നടത്തുന്ന സാംസ്കാരിക ഉന്മൂലന ഫാസിസത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട ചുമതല വിശ്വമാനവിക സംഗമത്തിന്റെ വക്താക്കള്‍ക്കുണ്ട്. പാലായനം ചെയ്യാന്‍ ഇനി ഒരു ഭൂമിയില്ലെന്ന സത്യം അടിച്ചമര്‍ത്തപ്പെട്ടവനെ ഓര്‍മിപ്പിക്കേണ്ട ചുമതല വിശ്വമാനവിക സംഗമത്തിന്റെ വക്താക്കള്‍ക്കുണ്ട്.
മറ്റൊരു വിഭജനമെന്ന ദുരന്തത്തിലേക്ക് ജനതയെ വലിച്ചിഴക്കാതിരിക്കാന്‍ ചരിത്രവും ഗാഥകളും സ്വപ്നങ്ങളും പ്രലോഭനങ്ങളും മരിച്ചു കിടക്കുന്ന ശ്മശാനത്തില്‍ നിന്നും എഴുന്നേറ്റു വരുന്ന പരാചിതരുടെ ഭൂതങ്ങളെ പോലെ ഇവിടത്തെ അടിസ്ഥാന ജനത അലയാതിരിക്കാന്‍ നമുക്ക് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്. പരസ്പര സ്നേഹത്തിന്റെ അലയൊലികള്‍ ആണ് നമുക്ക് വേണ്ടതെന്നും അല്ലാതെ സംഘര്‍ഷത്തില്‍ നിന്നും ഒന്നും നേടാനാവില്ലെന്നും ഇവിടത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഹൈന്ദവ സാംസ്കാരിക ചിഹ്നങ്ങളെ ഫാഷിസമെന്ന് വിളിച്ചധിക്ഷേപിക്കുന്നവരെ ജനത തിരിച്ചറിയേണ്ടതുണ്ട്.
ഇവിടത്തെ അടിസ്ഥാന ജനത എല്ലാ വിധത്തിലും അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അവരുടെ വിശ്വാസ പ്രമാണങ്ങളും സംഹിതകളും ഫാസിസമെന്ന് മുദ്ര കുത്തി വൈകൃതവല്ക്കരിക്കപ്പെടുമ്പോള് അതിനെതിരെ പ്രതികരിക്കേണ്ടത് ഈ സംസ്കാരം ഇവിടെ നിലനില്ക്കാന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും ചുമതലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: