പുതുക്കാട്: ടോള്‍ കൊടുക്കാതെ സമാന്തര പാതയിലൂടെ യാത്ര ചെയ്തിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി ചാലക്കുടി ഡിവൈഎസ്പി കെ.കെ.രവീന്ദ്രന് ശാസിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇന്‍ഫോ പാര്‍ക്കില്‍ ജീവനക്കാരനായ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിറാം ഭാര്യയും കൈക്കുഞ്ഞുമായി മണലി സമാന്തര പാതയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു ഡിവൈഎസ്പി തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയത്. ”ഇത്രയും നേരം നല്ലവഴി ഉപയോഗിച്ചിട്ട് ഇപ്പോള്‍ ടോള്‍ കൊടുക്കാതെ പോകുന്നോടാ” എന്ന് ഡിവൈഎസ്പി ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമായും കാണാനാവുന്നുണ്ട്. തുടര്‍ന്ന് വണ്ടിയുടെ ആര്‍സി ബുക്കും വാങ്ങി ഡിവൈഎസ്പി പോവുകയും ചെയ്യുന്നു.
ടോള്‍ കമ്പനിയും പോലീസും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ട് എന്ന ആരോപണം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോഴാണ് ഡിവൈഎസ്പിയുടെ പരസ്യമായ ടോള്‍ സേവയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. സംഭവത്തില്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി കെ.കാര്‍ത്തിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജിപി സെന്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ റേഞ്ചിന്റെ ചുമതലയുള്ള കണ്ണൂര്‍ ഐ.ജി. ദിനേന്ദ്രകശ്യപിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രന് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായിട്ടാണ് സൂചന. രഹസ്യക്യാമറയില്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പോലീസിന്റെ ഒത്തുകളിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ദൃശ്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുവാവിന് സിഐയുടെ ഭീഷണി
പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും വാഹന പാസ്സ് ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി കാണിച്ച് പരാതി നല്കിയ യുവാവിന് സിഐയുടെ ഭീഷണി.
പുതുക്കാട് സിഐ എന്‍.മുരളീധരന് ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായി ചെങ്ങാലൂര്‍ നീലങ്ങാട്ട് ഗോപകുമാര്‍ ഐജിക്ക് പരാതി നല്കി. കഴിഞ്ഞ ആറിന് പരാതിക്കാരനേയും ടോള്‍ കമ്പനി മാനേജരേയും സിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓഫീസിലെത്തിയ പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പറയുന്നത്.
ടോള്‍ പ്ലാസയില്‍ നിന്നും പാസ് അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നതിനെക്കുറിച്ച് സിഐക്ക് ഗോപകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ ആവശ്യത്തിന് അന്വേഷണം ഉണ്ടായോ എന്ന് ചോദിച്ചതോടെയാണ് സിഐ ക്ഷുഭിതനായത്. ഇതന്വേഷിക്കേണ്ട ചുമതല പോലീസിനില്ലെന്നും പരാതിയുമായി മുന്നോട്ടുപോയാല്‍ ടോള്‍ പ്ലാസയില്‍ പോയി പ്രശ്നമുണ്ടാക്കിയെന്നും സ്ത്രീ ജീവനക്കാരെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചുവെന്ന പേരില്‍ കേസെടുത്ത് റിമാന്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സിഐക്കെതിരെ ഐജിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണച്ചുമതല ചാലക്കുടി ഡിവൈഎസ്പിക്കാണ്.
ഡിവൈഎസ്പിയും ടോള്‍ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെ സാധാരണക്കാരന് നീതി ലഭിക്കുമെന്നാണ് ഗോപകുമാറിന്റെ ആശങ്ക. സേവനാവകാശ നിയമപ്രകാരം ഗോപകുമാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കാലതാമസമില്ലാതെ ടോള്‍പ്ലാസയില്‍ തന്നെ സൗജന്യ പാസ് നല്‍കാമെന്ന് വിവരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: