കഴിഞ്ഞ വര്‍ഷത്തെ (2015) ഭാരത റിപ്പബ്ലിക് ദിനാഘോഷം ലോക വാര്‍ത്തയായി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനം എന്നതു മാത്രമായിരുന്നില്ല കാരണം. ദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ എത്തിയതാണ് വന്‍ വാര്‍ത്തയായത്. ചരിത്രത്തിലാദ്യമായാണ് അമേരിക്കന്‍ രാഷ്ട്രത്തലവന് ജനുവരി 26ന് ഭാരത തലസ്ഥാനത്ത് എത്തി റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ വിശിഷ്ടാതിഥയായത്.
ഒബാമ വരുമെന്ന കാര്യം നരേന്ദ്ര മോദി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതുതന്നെ വലിയ വാര്‍ത്തയായിരുന്നു. ഭാരത-അമേരിക്കന്‍ നയതന്ത്രബന്ധത്തിന്റേയും മോദി-ഒബാമ സൗഹൃദബന്ധത്തിന്റെയും ഫലമായിരുന്നു ഒബാമയുടെ വരവ്.
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡും ചരിത്രമാവും. ഭാരതത്തിന്റെ പരേഡില്‍ ചരിത്രത്തിലാദ്യമായി ഒരു വിദേശ സൈന്യം മാര്‍ച്ചു ചെയ്യും എന്നതാണ് കാരണം. ഫ്രഞ്ച് സായുധ ബ്രിഗേഡിലെ 35-ാം റെജിമെന്റിലെ 56 സൈനികരാണ് രാജ്പഥില്‍ മാര്‍ച്ച് ചെയ്യുക. നാന്നൂറിലേറെ വര്ഷംമുന്പ് രൂപീകരിച്ച ഫ്രാന്‍സ് കാലാള്‍പടയാണ് 35-ാം റെജിമെന്റ്. പന്ത്രണ്ടിലേറെ യുദ്ധങ്ങളില്‍ പങ്കെടുത്ത ചരിത്രമുണ്ട്.
ഭാരത സൈനികര്‍ക്കൊപ്പം ഫ്രഞ്ച് സൈനികര്‍ ഭീകരവിരുദ്ധ പോരാട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നുമുണ്ട്. ഭാരതത്തിന്റെ ശക്തമായ വിദേശനയത്തിന്റെ ഫലമാണ് റിപ്പബ്ലിക് ദിനത്തിലെ ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യം. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന്റെ സാന്നിധ്യത്തിലാകും അവരുടെ സൈന്യം ഇന്ദ്രപ്രസ്ഥത്തില്‍ ഭാരത സൈനികര്‍ക്കൊപ്പം മാര്‍ച്ച് ചെയ്യുക.
ഇത്തവണത്തെ, 2016-ലെ, റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ഫ്രാന്‍സ്വ ഒലാദാണ്. ഇതും മറ്റൊരു ചരിത്രമാണ്. ഭാരത റിപ്പബ്ലിക്ക് ദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിശിഷ്ടാതിഥിയായി മാറുകയാണ് ഫ്രാന്‍സ്; അഞ്ചാംതവണ.
1976ല്‍ ഫ്രാന്‍സ് പ്രധാനമന്ത്രി ജാക്വസ് ചരാഗായായിരുന്നു അതിഥി. 1980ല്‍ ഫ്രഞ്ച് പ്രസിഡന്റ് വാര്‍ലി ഗിഡ്കാര്ഡ് എസ്റ്റാങ് എത്തി. 1998ലും ജാക്വസ് ചരാഗ് തന്നെയായിരുന്നു അതിഥി. ആദ്യം ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയെന്ന നിലയിലും രണ്ടാം തവണ പ്രസിഡന്റ് എന്ന നിലയിലും. 2008ലെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയായിരുന്നു. നെല്‍സണ്‍ മണ്ഡേല, എലിസബത്ത് രാജ്ഞി, ജിഗ്മേ സിംഗേ വാജ്ചാക്, ജോസഫ് ജോസ് ടിറ്റോ എന്നിവരും ഭാരത റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ചരിത്രത്തിന്റെ ഭാഗമായവരാണ്.
ഏറ്റവും കൂടുതല്‍ തവണ അതിഥിയായി എത്തിയത് ഭൂട്ടാന് രാജാവ് ജിഗ്മേ സിംഗേ വാജ്പിക്. അരനൂറ്റാണ്ടിലേറെ രാജപദം അലങ്കരിച്ച ജിഗ്മേ 1954ലും 84ലും 2005ലും പരേഡ് കാണാനെത്തി. 2013ല്‍ അദ്ദേഹത്തിന്റെ പുത്രനും ഇപ്പോഴത്തെ ഭൂട്ടാന് രാജാവുമായ ജിഗ്മേ ഖേസര്‍ നാംഗോല് വാജ്പിക് ആണ് അതിഥിയായിയെത്തിയത്. ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ അതിഥിയായി വന്നത് ഭൂട്ടാന് നേതാക്കളാണ്.
റഷ്യയുടേയും മൗറീഷ്യസിന്റെയും തലവന്മാര് രണ്ടു തവണവീതം റിപ്പബ്ലിക്ദിനം വീക്ഷിച്ചു.
ഇന്തോനേഷ്യയില്‍ പ്രസിഡന്റ് സൂഖര്ണോ ആയിരുന്നു 1950-ല്‍ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിലെ വിശിഷ്ടാതിഥി. അമേരിക്ക-റഷ്യ ശീതസമരകാലത്ത് ചേരിചേരാ നയം രൂപീകരിക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്രുവിനൊപ്പം നിന്ന നേതാവായിരുന്നു സുഖര്ണോ.
1961ലെ പരേഡ് കാണാനാണ് എലിസബത്ത് രാജ്ഞി എത്തിയത്. ഒരുകാലത്ത് ഭാരതത്തെ അടക്കിവാണിരുന്ന രാജകുടുംബത്തിലെ ഒരംഗം രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം കാണാനെത്തി എന്നത് ശ്രദ്ധേയമായി. രാജ്ഞിക്കു ശേഷംബ്രിട്ടന്റെ സാന്നിധ്യം ഉണ്ടായത് 1993ലാണ്. പ്രധാനമന്ത്രി ജോണ്‍ മേജറായിരുന്നു വിശിഷ്ടാതിഥി.
1995ലെ താരം നെല്‍സണ്‍ മണ്ഡേലയായിരുന്നു. 1990ല്‍ ഭാരതരത്നം നല്കി ആദരിച്ച മണ്ഡേല ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എന്ന നിലയിലാണ് പരേഡിനെത്തിയത്.
51 വര്‍ഷം സൗദ്യ അറേബ്യയുടെ രാജാവായി വാണ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ ഉസയിദ് 2006ലും 40 വര്‍ഷം സ്പെയിനിന്റെ രാജാവായിരുന്ന യുവാന്‍ കാര്‍ലോസ് 1982ലും റിപ്പബിക് ദിനത്തില്‍ ഭാരത ക്ഷണ പ്രകാരം ദല്‍ഹിയിലെത്തി.
1960ല്‍ സോവ്യറ്റ് യൂണിയന് ചെയര്മാന് കില്മെന്റ് വോറോഷ്യലോവായിരുന്നു അതിഥി. 1968ലും യുഎസ്എസ്ആര്‍ ചെയര്മാന് അതിഥിയായെത്തി. അലക്സി കൊസ്ജിനാണ് വന്നത്.
രണ്ടു രാഷ്ട്രത്തലവന്മാര് അതിഥിയായെത്തി റിപ്പബ്ലിക് ദിന പരേഡ് എന്ന പ്രതേ്യകതയും 1968 നുണ്ടായി. അലക്സികൊസിജിക്കൊപ്പം യുഗോസ്ലാവ്യ പ്രസിഡന്റ് ജോസഫ് ടിട്ടോയും ഉണ്ടായിരുന്നു. ഇങ്ങനെ രണ്ട് അതിഥികള്‍ രണ്ടു തവണയുണ്ടായി. എന്നാല്‍, ആ രണ്ടു തവണയും ജോസഫ് ടിട്ടോ ഉണ്ടായിരുന്നു എന്നത് കൗതുകകരമായ യാദൃശ്ചികതയാണ്.
1974ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാര നായകയ്ക്കൊപ്പമായിരുന്ന ടിട്ടോ ഉണ്ടായിരുന്നത്. രാഷ്ട്രത്തലവന്മാരായല്ലെങ്കിലും രണ്ടുതവണ പാക്കിസ്ഥാന് പ്രതിനിധികള്‍ ഭാരത റിപ്പബ്ലിക്കിന്റെ മുഖ്യാതിഥിയായി. 1955ല്‍ ഗവര്‍ണര്‍ ജനറല്‍ മാലിക് ഗുലാം മുഹമ്മദും 1965ല്‍ ഭക്ഷ്യമന്ത്രി റാണാ അബ്ദുള്‍ ഹമീദും. ചൈനീസ് സൈനികതലവന്‍ മാര്‍ഷല്‍ യേ ജിയാങ് ആയിരുന്നു 1958ലെ അതിഥി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ആയിരുന്നു 2007ലെ അതിഥി. ഫ്രാന്‍സിനു പുറമെ ഭൂട്ടാന് (നാല്), മൗറീഷ്യസ്, റഷ്യ (മൂന്ന്), ഇന്തോനേഷ്യ, ബ്രസീല്‍, നൈജീരിയ, നേപ്പാള്‍, ബ്രിട്ടന്, ശ്രീലങ്ക, യൂഗോസ്ലാവിയ, (രണ്ടു വീതം) എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് ഒന്നിലധികം തവണ റിപ്പബ്ലിക് ദിനാഘോഷം കാണാന്‍ എത്തിയത്.
ദക്ഷിണാഫ്രിക്ക, കമ്പോഡിയ, ബള്‍ഗേറിയ, ടാന്‍സാനിയ, സൈറ, സംബിയ, പോളണ്ട്, അയര്‍ലന്‍ഡ്, ആസ്ട്രേലിയ, മെക്സിക്കോ, സ്പെയിന്, അര്‍ജന്റീന, ഗ്രീസ്, പെറു, വിയറ്റ്നാം, മാലിദ്വീപ്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, ട്രിനിഡാസ്, അള്‍ജീരിയ, ഇറാന്, സൗദിഅറേബ്യ, കസാക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, തായിലന്‍ഡ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരോ, പ്രസിഡന്റുമാരോ രാജാക്കന്മാരോ ഇന്ദ്രപ്രസ്ഥത്തില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥികളായി എത്തിയിരുന്നു.
66-ാം റിപ്പബ്ലിക ്ദിനാഘോഷമാണ് ഈ വര്‍ഷം നടക്കുന്നത്. ഇതില്‍ 10 പ്രാവശ്യം വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഇല്ലാതെയായിരുന്നു ആഘോഷവും പരേഡും. 1970 നുശേഷം മുടങ്ങാതെ വിദേശ പ്രതിനിധികളെ സാക്ഷിനിര്‍ത്തിയാണ് പരേഡ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: