സംസ്ഥാനത്തെ ആഭ്യന്തരവകുപ്പും ഏറെ പ്രധാനപ്പെട്ടതാണ്. അതു കൈയാളുന്ന മന്ത്രിക്ക് ഭാരിച്ച ഉത്തരവാദിത്തവുമുണ്ട്. സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കെ, രാഷ്ട്രീയ പിരിമുറുക്കം ഏറെ ശക്തമായിക്കൊണ്ടിരിക്കെ ആ വകുപ്പു മന്ത്രിക്ക രാപകല്‍ അദ്ധ്വാനം വേണ്ടിവരും. കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതിരിക്കേണ്ടിവരും. അങ്ങനെതന്നെ ധരിച്ചുപോകും ഏതു സാധാരണക്കാരും. കാരണം, വിജിലന്‍സ് കോടതികളില്‍നിന്ന് സര്‍ക്കാരിനെതിരേ ദിവസവും, അല്ല, മണിക്കൂറുകള്‍വെച്ച് വിമര്‍ശനങ്ങള്‍ വരുന്നു. പോലീസിലെ തലപ്പത്തുള്ളവര്‍ സര്‍ക്കാരിനെയും വകുപ്പു മന്ത്രിമാരെയും മന്ത്രിസഭയെ ആകെയും വിമര്‍ശിക്കുന്നു. പിടിച്ചുപറിയുള്‍പ്പെടെ ആഭ്യന്തരക്കുഴപ്പങ്ങള്‍ ദിവസവും പെരുകുന്നു. പോലീസുകാരില്‍ ചിലര്‍ പോക്കറ്റടിമുതല് പെണ്വാണിഭംവരെയുള്ള കേസുകളില്‍ പിടിക്കപ്പെടുന്നു… അപ്പോള്‍ ഈ ആഭ്യന്തരമന്ത്രിക്ക് ഉറങ്ങാനാവുമോ, സ്വസ്ഥതയുണ്ടാകുമോ? അതും മുഖ്യമന്ത്രിക്കസേരയില്‍ ഇരിയ്ക്കാന്‍ മോഹവുമായി നടക്കുന്നയാളിന്?
ഇങ്ങനെയൊക്കെ ആരെങ്കിലും ധരിക്കുന്നെങ്കിലതു പരമാബദ്ധം. കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തയ്ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അദ്ദേഹം കഥ എഴുതുകയാണ്; കള്ളക്കഥകള്‍ ലേഖന രൂപത്തിലെഴുതി കപടമതേതരത്വം തെളിയിക്കാന്‍ പാടുപെടുകയാണ്.
ഇന്നലെ ഒരു മലയാള പത്രത്തില്‍ ആഭ്യന്തരമന്ത്രി കുറിച്ച ലേഖനം രാജ്യത്തിന് അപമാനമാണ്, അടിത്തറയില്ലാത്ത വാദങ്ങളുന്നയിക്കുന്നതാണ്, സ്വന്തം പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തേയും അവര്‍ നയിച്ച സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതുമാണ്.
ലേഖനം പ്രസിദ്ധീകരിച്ചതിന്റെ ദിവസം തെറ്റിപ്പോയോ എന്നും സംശയിക്കണം. അത് ഭാരത റിപ്പബ്ലിക് ദിനത്തില്‍ത്തന്നെ വരേണ്ടിയിരുന്നു; അതിനു പറ്റിയതാണ് തലക്കെട്ട് നമ്മുടെ നാട് ഒരു ഇരുണ്ട ഭൂഖണ്ഡം!! രാജ്യം റിപ്പബ്ലിക് ദിനമാഘോഷിച്ച് രണ്ടുനാള്‍ കഴിഞ്ഞു വന്ന ഈ ലേഖനത്തില്‍ നിരത്തുന്നവാദം, ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ നടന്ന രോഹിത് വെമുല എന്ന വിദ്യാര്ത്ഥിയുടെആത്മഹത്യയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെയും സംഘപരിവാറിന്റെയുമാണെന്നതാണ്. അതവിടെ നില്ക്കട്ടെ; പലരും പറഞ്ഞ്, മറുപടി പറഞ്ഞതോടെ അപ്രസക്തമായ വിഷയം. അതിപ്പോള്‍ ഉന്നയിക്കുന്ന ചെന്നിത്തലയുടെ പ്രശ്നങ്ങള്‍ നോക്കാം.
1. ലേഖനത്തില്‍ പറയുന്നു, ‘സ്മൃതി ഇറാനിഎന്ന മാനവ വിഭവശേഷി വകുപ്പു മന്ത്രിയും ബന്ദാരു ദത്താത്രേയ എന്ന സംഘപരിവാര്‍ മന്ത്രിയും’ എന്ന്. കേന്ദ്രത്തില്‍ ഏറെ നാള് ഭരണം കൈയാളിയ എഐസിസിയുടെ കേന്ദ്ര ഭാരവാഹിയായിരുന്ന, സംസ്ഥാന ആഭ്യന്തരമന്ത്രിക്കറിയില്ലേ, സംഘപരിവാര്‍ എന്നൊരു വകുപ്പില്ലെന്ന്. അപ്പോള്‍, സ്വബോധമില്ലാത്തപ്പോള് എഴുതിവെച്ചത്, അല്ലെങ്കില്‍ ആരോടോ ഉള്ള അമര്‍ഷം മൂലം ബോധമേ നശിച്ചുപോയത്. ബോധം പാടേ ഇല്ലാതായതാണെന്നു വേണം തുടര്‍ഭാഗം വായിക്കുമ്പോള്‍ സംശയിക്കാന്‍.
2. ‘....നാളത്തെ ഇന്ത്യയുടെ പതാകവാഹകനാകേണ്ടിയിരുന്ന ഒരു ചെറുപ്പക്കാരനെ മരണത്തിന്റെ മരവിച്ച കരങ്ങളിലേല്പ്പിച്ചുകൊടുത്തപ്പോള് ഗാന്ധിജിയും നെഹ്രുവും അംബേദ്കറുമെല്ലാം പകര്‍ന്നു നല്കിയവെളിച്ചം കെട്ടുപോവുകയും നമ്മുടെ നാട് ഇരുണ്ട ഭൂഖണ്ഡത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു….. ‘ രമേശ് ചെന്നിത്തലയുടെ പാര്‍ട്ടി സംസ്ഥാനത്ത് ആഭ്യന്തര വകുപ്പു ഭരിക്കുമ്പോഴാണ് രാജന് എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന യുവാവിനെ ജെയിലില്‍ ഉരുട്ടിക്കൊന്നത്. വളര്ത്തച്ഛനെന്നു പോലും രമേശ് പരാമര്‍ശിച്ചിരുന്ന കെ. കരുണാകരന് എന്ന കോണ്‍ഗ്രസ് നേതാവ്, മൃതദേഹം പോലും ആ അച്ഛനു കൊടുക്കാതെ നശിപ്പിച്ചുകളഞ്ഞ ആ യുവാവും നാളത്തെ ഇന്ത്യന്‍ പതാക ഏന്താന് യോഗ്യനായിരുന്നു. പക്ഷേ, ചെന്നിത്തലയ്ക്ക് അതോര്മ്മയില്ലാത്തത്, ഒരുപക്ഷേ രാജനും അദ്ദേഹത്തിന്റെ അച്ഛന് ഈച്ചരവാര്യരും പിന്നാക്കദളിത് വിഭാഗമല്ലാതിരുന്നതുകൊണ്ടുമാത്രമാവില്ലല്ലോ. കൊല്ലപ്പെടേണ്ടവനായിരുന്നു ആ യുവാവെന്ന് ചെന്നിത്തലയെന്ന ആഭ്യന്തരമന്ത്രി സുബോധത്തില്‍ പറയാതെപോലും പറയാനും ഇടയില്ലല്ലോ.
3. ‘.... ഉന്നത ലക്ഷ്യം മുന്‍നിര്‍ത്തി നമ്മള് ആരംഭിച്ച സര്‍വകലാശാലകളെ ആര്‍എസ്എസ് കാവിവല്‍ക്കരിച്ചു, എതിര്‍ത്തവരെ നിഷ്കരുണം ഞെരിച്ചമര്ത്തുകയോ നിശ്ശബ്ദരാക്കുകയോ ചെയ്തു….’ ലേഖനം തുടരുന്നു. എഴുതുന്നത് സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയാണ്. കവല പ്രസംഗമല്ല, എഴുതി, അച്ചടിച്ച് വിട്ടിരിക്കുന്നതാണ്. അതിലാണ് ‘നമ്മള്നിങ്ങള്’ പ്രയോഗം. ജനങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാകുന്നതു തടയേണ്ടയാളാണ് മന്ത്രി, അതും ആഭ്യന്തരമന്ത്രി. അദ്ദേഹം ‘ഞെരിച്ചമര്‍ത്തി’യെന്നും മറ്റും പ്രയോഗിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥവ്യാപ്തി അറിയാതെയാണെങ്കില്‍ ഉറപ്പ്, ബോധത്തിനെന്തോ പറ്റിയെന്ന മേല്പറഞ്ഞ സംശയത്തില്‍ തര്‍ക്കമില്ല.
4. ‘… കഴിഞ്ഞു കുറേ വര്‍ഷങ്ങളില്‍ ഹൈദരാബാദുള്പ്പെടെയുള്ള കേന്ദ്രസര്‍വകലാശാലകളില്‍ ഈ വിഭാഗത്തില്‍ പെട്ട ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ സ്വയം ജീവിതം അവസാനിപ്പിച്ചു….’ ചെന്നിത്തലയുടെ ഈ ലേഖനത്തിന്റെ, പ്രതികരണത്തിന്റെ മുഴുവന്‍ യുക്തിയും ഇല്ലാതാക്കിക്കൊണ്ടുള്ളതാണ് ഈ വിവരണം മാത്രമല്ല, ഇതിലൂടെ 2009ല്‍ മാത്രം നിലവില്‍ വന്ന കേന്ദ്ര സര്‍വകലാശാലകളിലെ മുന്ദുരന്തങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും കോണ്‍ഗ്രസ് മുന്‍കാല ഭരണക്കാരുടെ തലയില്‍ കെട്ടിവെക്കുകയാണ്. അതിനു നേതൃത്വവും നിയന്ത്രണവും കൊടുത്ത പാര്‍ട്ടി അദ്ധ്യക്ഷ സോണിയയെ കുറ്റപ്പെടുത്തുകയാണ്. ശരിയാണ്, ലേഖകന്‍ സുബോധം എവിടെയോ നഷ്ടപ്പെട്ടുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
5. ‘…. ഇന്നാടിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും നേരവകാശികള്‍ ദളിത് ആദിവാസികളാണെന്ന….. ‘ എന്ന് ചെന്നിത്തല. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിങ് പറഞ്ഞത്, രാജ്യത്തെ എല്ലാ സ്വത്തിന്റെയും ആദ്യവകാശികള് ന്യൂനപക്ഷം, പ്രത്യേകിച്ച് മുസ്ലിങ്ങളാണെന്നായിരുന്നു. രമേശ് ചെന്നിത്തല മന്മോഹന് സിങിനെ തിരുത്തുന്നോ അതോ സുബോധം നഷ്ടമായെന്നകാര്യം ഉറപ്പിച്ചു പറയുന്നോ എന്നു വീണ്ടും സംശയിക്കണം.
6. ‘... ഈ ചെറുപ്പക്കാരന്റെ രക്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കില്ലേ? മോദിയേയും സംഘത്തേയും ഊട്ടിവളര്‍ത്തിയ ആര്‍എസ്എസ്സിനു പങ്കില്ലേ…’ രാജ്യത്തു നടക്കുന്ന ഏതു കൊലപാതകത്തിലും ആത്മഹത്യയിലും ഇവര്ക്കത്തരവാദിത്തമുണ്ടെങ്കില്, മാറാട്ടെ കൊലയില്‍ അന്നത്തെ മുഖ്യമന്ത്രി എ. കെ. ആന്റണിയുടെയും കോണ്‍ഗ്രസിന്റെ കൈയില്‍ ചോരയില്ലേ. അതിനു മുമ്പ് ആന്റണി ഭരണത്തില്‍ വിഴിഞ്ഞത്ത് കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ചോര കോണ്‍ഗ്രസ് പതാകയില്‍ പതിച്ചിട്ടില്ലേ. പൂന്തുറയില്‍ നടന്ന കലാപത്തിലും ചാലക്കമ്പോളത്തില്‍ നടന്ന കൊള്ളിവെയ്പ്പിലും ഒഴുകിയ ചോര കോണ്‍ഗ്രസിന്റെയും അന്നന്നത്തെ ഭരണമേധാവികളുടെയും മുഖത്തും കൈയിലും ഉണ്ടാവില്ലേ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കൈയിലും രക്തക്കറയായിരിക്കില്ലേ.
7. ഇനി അവസാനഭാഗത്ത് ചെന്നിത്തലയുടെ ചെന്നിക്കുത്ത് ഇങ്ങനെ പുറത്തുവരുന്നു…. ലേഖനത്തില്‍നിന്ന് ‘… കേരളംപോലെ സംഘപരിവാറിന് ഇനിയും കടന്നുചെല്ലാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍…..’ ലേഖകന്റെ ചെന്നിക്കും തലയ്ക്കും എന്തോ പറ്റിയെന്നേ തോന്നൂ വായിക്കുന്നവര്‍ക്ക്. കേരളത്തില്‍ സംഘപരിവാര്‍ എത്ര വളര്‍ന്നുവെന്നും എവിടെയെല്ലാം കടന്നുചെന്നുവെന്നും സുവ്യക്തമായിക്കഴിഞ്ഞു. അത് ഇനിയും കാണാത്ത കണ്ണിന്റെ കാഴ്ചയിലേ സംശയിക്കേണ്ടൂ….
അനവസരത്തില്‍ ഈ ലേഖനം എഴുതിക്കൂട്ടിയ ചെന്നിത്തല അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ ഹരിപ്പാട്ടുനിന്ന് മറ്റേതു മണ്ഡലത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകൂടിയാണെന്നു വേണം കരുതാന്‍. കാരണം, സംഘപരിവാറിനെ പഴിയ്ക്കുകയെന്നാല്, ഉദ്ദേശ്യം വ്യക്തമാണല്ലോ, പ്രത്യേകിച്ച് കേരളത്തില്‍…
അതൊക്കെ ചെന്നിത്തലയുടെ അടവുനയം. പക്ഷേ, റിപ്പബ്ലിക് ദിനം രാജ്യം ആഘോഷിച്ചതിനു പിന്നാലെ, ഈ നാട് ഒരു ഇരുണ്ട ഭൂഖണ്ഡം എന്നു സ്ഥാപിക്കാന്‍ പാഴ്ശ്രമം നടത്തിയ ആഭ്യന്തര മന്ത്രി ചെന്നിത്തല തീര്‍ച്ചയായും അതിരു കടന്നു, അത് നാടിന് അപമാനവുമായെന്നതില് സംശയമില്ല. അത് തികച്ചും നിരുത്തരവാദപരമായെന്നു പറയേണ്ടതില്ലേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: