മാറ്റത്തിന്റെ വിജയ കാഹളവുമായി മുന്നേറി കൊണ്ടിരിക്കുന്ന വിമോചനയാത്രയില്‍ പങ്കാളിയാകാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എത്തുന്നു എന്നത് കേരളത്തിലെ പതിനായിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരെ അഹ്ലാദത്തില്‍ എത്തിച്ചിരിക്കുകയാണ്. ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കേരളത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിതെന്നും പ്രത്യേകതയുണ്ട്. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തിലാണ് അദ്ദേഹം പതിനായിരങ്ങളെ അഭിസംബോധന ചെയ്യുക.
നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലം മാറ്റി വിശാലമായ ഇടമാണ് പാര്‍ട്ടി കണ്ടെത്തിയിട്ടുള്ളത്. വിമോചനയാത്ര നായകനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെ നാട്ടില്‍ നടക്കുന്ന സമ്മേളനമാണിതെന്ന സവിശേഷതയും ഇതിനുണ്ട്. യാത്രകളിലെ സ്വീകരണങ്ങളില്‍ കേന്ദ്ര മന്ത്രിമാരും നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇത് പ്രവര്‍ത്തകരില്‍ ഉണര്‍ത്തുന്ന ആവേശം ചെറുതൊന്നുമല്ല. ബിജെപി ജേശീയ അദ്ധ്യക്ഷനായിരുന്ന രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തതിനെ തുടര്‍ന്നാണ് അമിത് ഷാ ആ പദവിയിലെത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്ത് 80 സീറ്റുകളില്‍ എഴുപത്തിരണ്ടെണ്ണത്തിലും ബിജെപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതിന്റെ സൂത്രധാരനായിരുന്നു അദ്ദേഹം. മണ്ഡലത്തിന്റെ മനസ്സ് അറിഞ്ഞ് അവ എങ്ങനെ നേടിയെടുക്കാന്‍ കഴിയുമെന്നതിന്റെ ആസൂത്രണത്തില്‍ അദ്ദേഹത്തെ കവച്ചു വയ്ക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്.
ദേശീയ അദ്ധ്യക്ഷനായതിന് ശേഷം നടന്ന മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍, ഹരിയാന, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുവാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റും അദ്ദേഹത്തില്‍ തന്നെയാണ്. ഈ വര്‍ഷം നടക്കാന്‍ പോകുന്ന അഞ്ച് നിയമസഭകളിലക്കുള്ള തെരഞ്ഞെടുപ്പിന്റെ ആസൂത്രണത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ. അതില്‍ ഒന്നാണ് കേരളം. ഇരു മുന്നണികളും മാറി മാറി അധികാരത്തിലെത്തുന്ന കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഇതിനകം കേരളത്തില്‍ അതിന്റെ ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസും സിപിഎമ്മും ഇതിന്റെ സാധ്യത മനസ്സിലാക്കിയെന്നതിന് തെളിവാണ് മോദിയുടേയും അമിത്ഷായുടേയും പരിപ്പ് മതേതര കേരളത്തില്‍ വിലപോകില്ലെന്ന് പറയുന്നത്. എന്നാല്‍ ആര്‍എസ്എസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തിയ മുദ്രാവാക്ക്യവും ഇതുതന്നെയായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ആരുടെ പരിപ്പാണ് കേരളത്തില്‍ വേവാത്തതെന്ന് മനസ്സിലാക്കി കൊടുക്കുവാന്‍ തയ്യാറായി എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഇരു മുന്നണികളോടും ഒരുപോലെ മത്സരിച്ചാണ് ബിജെപി 15 ശതമാനം വോട്ട് കേരളത്തില്‍ നേടിയത്. അധികാരത്തിലെത്തുമെന്ന യാതൊരു ഉറപ്പുമില്ലാതെയാണ് 15 ശതമാനം ജനങ്ങള്‍ ബിജെപിയെ പിന്തുണച്ചതെന്ന് ഓര്‍ക്കേണ്ടതുണ്ട്.
നേരത്തെ ബിജെപി സാന്നിധ്യം അറിയിക്കാനാണ് തെരഞ്ഞെപ്പുകളില്‍ മത്സരിച്ചിരുന്നതെങ്കില്‍ ഇന്ന് വിജയിക്കുകയെന്ന ലക്ഷ്യവും പോരാട്ട വീര്യവുമായാണ് പ്രവര്‍ത്തകര്‍ ഗോദയിലെത്തുന്നത്. അക്രമ രാഷ്ട്രീയത്തിനും അഴിമതി രാഷ്ട്രീയത്തിനുമെതിരെ പോരാടുവാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനം വിലയിരുത്തി തുടങ്ങി.
കേരളത്തിലെ ജാതി മത വിഭാഗങ്ങളെ വോട്ടു ബാങ്കായാണ് ഇരു മുന്നണികളും കണക്കാക്കുന്നത്. അവരുടെ പ്രശ്നങ്ങള്‍ യഥാസമയം മനസ്സിലാക്കുവാനോ പരിഹരിക്കുവാനോ ഇന്നേവരെ തയ്യാറായിട്ടില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ബിജെപിയിലാണ് തങ്ങള്‍ക്ക് പ്രതീക്ഷയുള്ളതെന്ന് അവര്‍ വ്യക്തമാക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവരെ വോട്ട് ബാങ്കായി ബിജെപി കാണുന്നില്ല. മറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നീതി ഉറപ്പ് വരുത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഈ കാര്യം അമിത് ഷാ പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്.
കോരളത്തില്‍ തട്ടുകളായി കിടക്കുന്ന വിവിധ ജാതികളില്‍പ്പെട്ട നേതാക്കളെ അദ്ദേഹം കാണുന്നതും മറ്റൊന്നിനുമല്ല. കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൈപിടിയില്‍ നിന്നും മോചനം നല്‍കുകയെന്ന ലക്ഷ്യത്തോടൊപ്പം അവരുമായി താദാത്മ്യം പ്രാപിച്ച് മുന്നേറുകയെന്നതാണ് ബിജെപി ഉദ്ദേശം. കേരള സന്ദര്‍ശനങ്ങളില്‍ അമിത് ഷാ ലക്ഷ്യമിട്ടിട്ടുള്ളതും ഇത് തന്നെയാണ്. അവര്‍ ബിജെപിയുമായി കൈക്കോര്ക്കുവാന് ശ്രമം തുടങ്ങിയെന്നതാണ് ഇരു മുന്നണികളേയും അങ്കലാപ്പിലാക്കുന്നത്. ഇന്നലെ വരെ തങ്ങള്‍ പറഞ്ഞത് പഞ്ചപുച്ഛമടക്കി അനുസരിച്ച് വാലാട്ടിയവര് ഇന്ന് തല ഉയര്‍ത്തി ആത്മാഭിമാനത്തോടെ തങ്ങള്‍ക്ക് പറയാനുള്ളത് പറയുമ്പോള്‍ സ്വാഭാവികമായും മുന്നണികള്ക്കത് രസിക്കുന്നില്ല. എന്തായാലും വരാനിരിക്കുന്ന നാളുകള്‍ ബിജെപിയുടേതാണ്. അതിലേക്ക് ചുക്കാന്‍ പിടിക്കുന്നതിനാണ് അമിത് ഷാ എത്തുന്നത്. യാതൊരു കാരണവശാലും ബിജെപി എംഎല്‍എയെ നിയമസഭാ കവാടത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. അതിന് വേണ്ടി എന്ത് വിലയും കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുന്നണികള്‍ക്ക് അവരുടെ വായ്ത്താരി അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ഇത്തവണ മുന്നിട്ടിറങ്ങി കഴിഞ്ഞുവെന്നതിന് തെളിവാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: